ഇംഗ്ലീഷ് അറിയുന്നവര്‍ക്കുള്ളതാണ് കമ്പ്യൂട്ടറെന്ന അബദ്ധധാരണ പൊളിച്ചെഴുതിയതാണ് യൂണീകോഡിന്റെ നേട്ടം. എല്ലാ പ്രാദേശിക ഭാഷാ ഉപയോക്താക്കള്‍ക്കും അവരവരുടെ ഭാഷകളില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാനുള്ള അവസരം സൃഷ്ടിച്ചതാണ് യൂണീകോഡിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന യൂണീകോഡ് കണ്‍സോര്‍ഷ്യത്തിന്റെ സംഭാവന. ഈ സംഘടനയുടെ ഔദ്യോഗിക സൈറ്റാണ് യൂണീകോഡ് ഡോട്ട് ഓര്‍ഗ് (http://www.unicode.org).
ലോകഭാഷകളെല്ലാം, ഏത് കമ്പ്യൂട്ടറിലും തെളിയുന്നതിനായി വികസിപ്പിച്ചെടുത്തിരിക്കുന്ന മാനദണ്ഡമാണ് യൂണികോഡ്. ലോകത്ത് നിലനില്‍ക്കുന്ന എല്ലാഭാഷകളേയും ഒരുമിച്ചവതരിപ്പിക്കുക എന്നതാണ് യൂണീകോഡ് കണ്‍സോര്‍ഷ്യത്തിന്റെ പ്രഖ്യാപിത ലക്‌ഷ്യം. മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെല്ലാം തന്നെ യൂണീകോഡിനെ പിന്തുണയ്ക്കുന്നുണ്ട്.
ഭാഷയിലെ പ്രതീകങ്ങളും (കാരക്ടറുകള്‍) ചിഹ്നങ്ങളുമെല്ലാം, പൂജ്യത്തിന്റെയും ഒന്നിന്റെയും കൂട്ടങ്ങളായി മാറ്റിയാണ് കമ്പ്യൂട്ടറില്‍ ശേഖരിച്ചു വയ്ക്കുന്നത്. ആസ്കി (ASCII) എന്ന കോഡ് ഉപയോഗിച്ചാണ് ഇത് ചെയ്തുകൊണ്ടിരുന്നത്. ആസ്കിക്ക് പരിമിതികളുണ്ട്. ഇതില്‍ 2 ഭാഷകള്‍ മാത്രമേ ഒരുസമയം ഉപയോഗിക്കാനാവൂ. നെറ്റിന്റെ ആവിര്‍ഭാവത്തോടെ കമ്പ്യൂട്ടറില്‍ എല്ലാ ഭാഷകളും ഒരേ സമയം ഉപയോഗിക്കണം എന്ന അവസ്ഥ സംജാതമായി. ഈ ആവശ്യത്തിന് സാങ്കേതികവിദ്യ നല്‍കിയ പരിഹാരമാണ് യൂണീകോഡ്.
ലോകഭാഷകളെല്ലാം പിന്തുണയ്ക്കുന്ന ഒരു ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് വികസിപ്പിച്ചെടുക്കാനും ഇതിനായുള്ള വിവിധതലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ഉണ്ടാക്കിയ സംഘടനയാണ് യൂണീകോഡ് കണ്‍സോര്‍ഷ്യം. ഈ സംഘടനയുടെ കാര്യപ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതിനായാണ് യൂണീകോഡ് ഡോട്ട് ഓര്‍ഗ് എന്ന സൈറ്റ് നിലവില്‍ വന്നത്.
പ്ലാറ്റ്‌ഫോം (ഓപ്പറേറ്റിംഗ് സിസ്റ്റം), പ്രോഗ്രാം, ഭാഷ എന്നിവകള്‍ക്ക് ഉപരിയായി, ഭാഷകളിലെ ഓരോ പ്രതീകത്തിനും സവിശേഷമായ ഒരു സംഖ്യ എന്നാണ് യൂണീകോഡിന്റെ തത്വം. പുരാതന ലിപികളും ഭാവിയില്‍ ഉണ്ടായേക്കാവുന്ന ലിപികളും ഇതില്‍ ഉള്‍ക്കൊള്ളിക്കാന്‍ തക്കവിധത്തില്‍ യൂണീകോഡ് വിപുലപ്പെടുത്തുകയും ചെയ്യാം.
യൂണീകോഡ് സ്റ്റാന്‍ഡേര്‍ഡിന്റെ ആദ്യപതിപ്പ് (വെര്‍ഷന്‍ 1.0) ഇറങ്ങിയത് 1991 ലാണ്. ഇക്കൊല്ലം ഇറങ്ങാന്‍ പോവുന്ന അഞ്ചാം പതിപ്പാണ് ഏറ്റവും പുതിയത്. മലയാളമടക്കം എല്ലാ ഇന്ത്യന്‍ ഭാഷകളും ഈ പതിപ്പില്‍ ഉണ്ട്. ആഗോളമായി നടക്കുന്ന സകല ഭാഷാ കമ്പ്യൂട്ടിംഗ് പ്രവര്‍ത്തനങ്ങളുടെയും മൂലക്കല്ലാണ് യൂണീകോഡ്. പ്രാദേശിക ഭാഷകളിലേക്ക് വിവിധ സോഫ്റ്റ്‌വെയറുകള്‍ പ്രാദേശികവല്‍ക്കരിക്കാന്‍ (ലോക്കലൈസ് ചെയ്യാന്‍) ഇതല്ലാതെ മറ്റൊരു ഉത്തരമില്ലതന്നെ.
യൂണീകോഡ് കണ്‍സോര്‍ഷ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ്. ഇതറിയാന്‍ താല്‍പര്യമുള്ള സംഘടനകള്‍ക്കും വ്യക്തികള്‍ക്കും യൂണീകോഡ് ഡോട്ട് ഓര്‍ഗ് സന്ദര്‍ശിക്കുകയും ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്യാം. യൂണീകോഡിന്റെ ചരിത്രം തൊട്ട് ഭാഷാ കമ്പ്യൂട്ടിംഗില്‍ താല്‍പര്യമുള്ളവരെ സഹായിക്കുന്നതിനുള്ള വിവരങ്ങള്‍ വരെ ഇതിലുണ്ട്. ചുരുക്കത്തില്‍ ഭാഷാ കമ്പ്യൂട്ടിംഗ് മേഖലയില്‍ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത സൈറ്റാണ് ഇത്.
No comments:
Post a Comment