Ind disable

Wednesday, 10 April 2013

സാംസങ്ങ് ഗാലക്സി എസ്2 പ്ലസ് സ്മാർട്ട് ഫോൺ


2011 ഫെബ്രുവരിയിൽ സാംസങ്ങ് പുറത്തിറക്കിയ ഗാലക്സി എസ് 2 സ്മാർട്ട്ഫോൺ തിരുത്തിക്കുറിച്ചത് സാംസങ്ങിന്റെ മാത്രം ഭാവിയല്ല, മറിച്ച് സ്മാർട്ട്ഫോൺ വിപണിയുടെ തന്നെ ദിശയായിരുന്നു. വിപണിയിലെത്തി 2 വർഷം പിന്നിട്ടിട്ടും ഇന്നും സ്മാർട്ട്ഫോൺ വ്യകതമായ സാന്നിധ്യമുള്ള മോഡലാണ് ഗാലക്സി എസ്2 . അതു തന്നെയാണ് ഇതിന്റെ ഒരു പരിഷകരിച്ച പതിപ്പ് പുറത്തിറക്കുന്നതിനെകുറിച്ച് ചിന്തിക്കാൻ സാംസങ്ങിനെ പ്രേരിപ്പിച്ചതും. ഗാലക്സി എസ്2വിന് കൂടുതൽ മികച്ച യൂസർ ഇന്റർഫേസ് നൽകുകയും, മികച്ച യൂസബിലിറ്റി വാഗ്ദാനം ചെയ്യുനതിനുമൊപ്പം പെർഫോമൻസിലും മികവ് വരുത്തിയാണ് ഗാലക്സി എസ്2 പ്ലസ് രൂപകല്പന ചെയ്തിരിക്കുന്നത്.
Samsung-Galaxy-S2-Plus
ആൻഡ്രോയിഡ് 4.1.2 ജെല്ലിബീനിലാണ് ഗാലക്സി എസ്2 പ്ലസ് പ്രവർത്തിക്കുന്നത്. പുതിയ നോട്ടിഫിക്കേഷൻ പാനലോട് കൂടിയ പരിഷ്കരിച്ച യൂസർ ഇന്റർഫേസ് ആണ് ഇതിന്റേത്. 1.2 Ghz ന്റെ ഡ്യുവൽ കോർ കോർട്ടെക്സ് A9 പ്രോസസ്സർ ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഒപ്പം ബ്രോഡ്കോം ഉം, 1 ജിബി റാമും ഇതിലുണ്ട്. ഇത് മികച്ച പെർഫോമൻസ് ഉറപ്പ് നൽകുന്നു. ഇന്റേണൽ മെമ്മറി 8 ജിബി മാത്രമാണെങ്കിലും 64 ജിബി വരെ മെമ്മറി കാർഡിനെ പിന്തുണക്കും. 800×480 പിക്സൽ 4.3 ഇഞ്ച് AMOLED ഡിസ്‌പ്ലേ വലിപ്പത്തിൽ പഴയതിനു സമാനമാണെങ്കിലും പെർഫോമെൻസിലും, ബാറ്ററി ഉപയോഗത്തിലും പരിഷ്കരിച്ചിട്ടുണ്ട്. 8 മെഗാപിക്സലിന്റെ പ്രധാന ക്യാ‍മറയിൽ ഏറ്റവും പുതിയ സെൻസർ ഉപയോഗിച്ചിരിക്കുന്നതിനാൽ പെർഫോമൻസിൽ വലിയ വ്യത്യാസം അറിയാൻ സാധിക്കും. വിഡിയോ റെക്കോർഡിങ്ങും ഇതിൽ സാധ്യമാണ്. നിങ്ങളുടെ അവിസ്മരണീയ നിമിഷങ്ങൾ നഷ്ടപ്പെടാതിരിക്കാനായി ഷട്ടർലാഗ് ഒഴിവാക്കിയിട്ടുണ്ട് ഇതിൽ. 2 മെഗാപിക്സൽ മുൻ ക്യാമറയും ഇതിലുണ്ട്.
ഫോൺ ചെവിയിൽ വച്ചാൽ തനിയെ കാൾ പോകുന്ന ഡയറക്ട് കാ‍ൾ, സ്ക്രീനിലേക്ക് നോക്കുന്നില്ലെങ്കിൽ ഡിസ്‌പ്ലേ ഓഫ് ആകുന്ന സ്മാർട്ട് സ്റ്റേ, ഫോൺ കൈയിൽ എടുക്കുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ കാണിക്കുന്ന സ്മാർട്ട് അലെർട്ട്, വോയ്സ് ഉപയോഗിച്ച് ഫോൺ നിയന്ത്രണം സാധ്യമാക്കുന്ന വോയ്സ്, എന്നിങ്ങനെ ഒട്ടനവധി സവിശേഷതകൾ ഇതിലുണ്ട്. ഇതിന്റെ പോപ് അപ് വീഡിയോ സംവിധാനം വഴി മെയിൽ പരിശോധിക്കുന്നതടക്കം എന്തു ചെയ്യുന്നതിനും ഒപ്പം ചെറിയ സ്ക്രീനിൽ വീഡിയോയും പ്ലേ ചെയ്യാൻ കഴിയും. ഇതുവഴി വീഡിയോ വീണ്ടും വിണ്ടും പ്ലേ ചെയ്യേണ്ടി വരികയെന്ന അസൌകര്യം ഒഴിവാക്കാനാകും.
21 mbps വേഗതയാർന്ന 3ജി കണക്ടിവിറ്റി, വൈഫൈ, ബ്ലൂടൂത്ത് എന്നിവയെല്ലാം ഇതിലുണ്ട്. NFC ഓപ്ഷണൽ ആണ്, ആവശ്യമുണ്ടെങ്കിൽ തിരഞ്ഞെടുത്താൽ മതിയാകും. 1650mAh ബാറ്ററിയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വെള്ള, ഡാർക് ബ്ലൂ നിറങ്ങളിലാണ് ഇത് ലഭ്യമാവുക. ഇന്ത്യയിലെ വില സംബന്ധിച്ച വിവരങ്ങൾ അറിവായിട്ടില്ല.

ഗൂഗിൾ നിങ്ങളുടെ സ്വകാര്യതയിൽ എത്തിനോക്കുന്നു


ഇന്റർനെറ്റിനെ ഇന്നു കാണുന്ന രീതിയിലും, രൂപത്തിലും, ഭാവത്തിലും ആക്കിയെടുത്തതിൽ മുഖ്യ പങ്കു വഹിച്ചതു ഗൂഗിൾ ആണെന്നു പറയാതെ വയ്യ. ഇന്റർനെറ്റ് സേർച്ച് നടത്തുന്നവരിൽ 90 % പേരും ഉപയോഗിക്കുന്നതു ഗൂഗിൾ ആണെന്നും, ഇ-മെയിൽ ഉപയോക്താക്കളിൽ 25% പേർ ജി-മെയിൽ ഉപയോഗിക്കുന്നു എന്നും പറയുമ്പോൾ ഗൂഗിളിനു ഇന്റർനെറ്റിൽ ഉള്ള സ്വാധീനം മനസിലാക്കാമല്ലോ. ‘ ഗൂഗിൾ ഉപയോക്താക്കളിൽ 70% പേർ ഗൂഗിൾ എടുക്കുന്നതു അവരുടെ ഇന്റർനെറ്റ് കണക്ടിവിറ്റി പരിശോധിക്കാനാണ് ‘ എന്ന പ്രസ്താവനയിൽ അല്പം അതിശയോക്തി കലർന്നിട്ടുണ്ടെങ്കിലും, ഗൂഗിളിനു ഇന്റർനെറ്റ് ലോകത്തു ഉള്ള സ്വീകാര്യതയും, വിശ്വാസ്യതയും ആണു അതു കാണിക്കുന്നതു. ഇത്രയേറെ പ്രചാരമുള്ള ഗൂഗിൾ വ്യക്തികളുടെ സ്വകാര്യ വിവരങ്ങളിലേക്കു എത്തിനോക്കുന്നു എന്നത് ഗൌരവമായി കാണേണ്ട വിഷയം തന്നെയാണ്.
നിങ്ങൾ അടുത്ത കാലത്ത് ഗൂഗിൾ സേർച്ച്, ജി-മെയിൽ എന്നിവ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ സ്ക്രീനിന്റെ വലതു മുകൾഭാഗത്ത് ഒരു സന്ദേശം പ്രത്യക്ഷപ്പെടുന്നതു കണ്ടിട്ടുണ്ടാകും. എന്തിനു വെറുതെ അതു വായിച്ചു സമയം കളയണം എന്നോർത്ത് നമ്മളെല്ലാവരും അതു നിരാകരിക്കുകയും ചെയ്തിട്ടുണ്ടാകും. തങ്ങളുടെ പുതിയ സ്വകാര്യ നയം സംബന്ധിച്ചുള്ള ഗൂഗിളിന്റെ അറിയിപ്പായിരുന്നു അതു. അതായതു നമ്മളെ സംബന്ധിക്കുന്ന ഏതൊരു വിവരവും വാണിജ്യപരമായ ആവശ്യങ്ങൾക്കു ഉപയോഗിക്കാൻ ഗൂഗിളിനു സമ്മതപത്രം എഴുതി കൊടുത്തിട്ടാണു നമ്മളോരുത്തരും ഇന്റർനെറ്റ് ഉപയോഗിക്കുന്നതു എന്നു സാരം.
എങ്ങനെയാണ് ഗൂഗിളിനു നിങ്ങളുടെ വിവരങ്ങൾ ലഭിക്കുന്നതു എന്നു ചോദിച്ചാൽ, നിങ്ങൾ ഗൂഗിൾ അക്കൌണ്ട് എടുക്കാൻ നൽകുന്ന വിവരങ്ങൾ മുതൽ നിങ്ങൾ ഉപയോഗിക്കുന്ന ഉപകരണത്തിന്റെ ഡിജിറ്റൽ ഫുട്ട്പ്രിന്റ് വരെ ഉപയോഗപ്പെടുത്തി എവിടെനിന്നുമാകാം. നിങ്ങളുടെ പേര്, മൊബൈൽ നമ്പർ, ഇമെയിൽ വിലാസം, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, സ്ഥലം, സംസാരഭാഷ, ഇന്റർനെറ്റ് എടുക്കാൻ ഉപയോഗിക്കുന്ന ഉപകരണം, അതിന്റെ ഓപ്പറേറ്റിങ്ങ് സിസ്റ്റം, ബ്രൌസർ, അതിന്റെ വെർഷൻ, സിസ്റ്റത്തിൽ ഉപയോഗിക്കുന്ന മറ്റ് ആപ്ലിക്കേഷനുകൾ, സ്ഥിരമായി സന്ദർശിക്കുന്ന വെബ് സൈറ്റുകൾ, നടത്തുന്ന സേർച്ചുകൾ, ക്ലിക് ചെയ്യുന്ന ലിങ്കുകൾ,  മൊബൈലിലേക്കു വരുന്ന കാളുകൽ, സന്ദേശങ്ങൾ തുടങ്ങി നിങ്ങളെ സംബന്ധിക്കുന്ന ഒരുമാതിരി എല്ലാ വിവരങ്ങളും ഗൂഗിൾ ശേഖരിക്കുകയും, ഉപയോഗിക്കുകയും ചെയ്യും.
ഒരു സാധാരണ വ്യക്തിയെ സംബധിച്ചിടത്തോളം ഈ വിവരങ്ങൾ അത്ര പ്രസക്തമല്ല എന്നു തോന്നിയേക്കാം, എന്നാൽ ആ വ്യക്തി ഒരു കമ്പനി മാനേജറോ, സാമൂഹിക പ്രവർത്തകനോ, ഒരു സർക്കാർ ജീവനക്കാരനോ, മന്ത്രിയോ, ഒരു ശാസ്ത്രഞ്ജനോ, ഒരു പ്രതിരോധ സേനാംഗമോ ആകുമ്പോൾ ഈ ശേഖരിക്കുന്ന വിവരങ്ങൾക്കു വെറൊരു മാനം കൈവരുന്നു. ഒരു പക്ഷേ രാജ്യ സുരക്ഷയെ തന്നെ ബാധിക്കുന്ന തരത്തിൽ കാര്യങ്ങൾ എത്തിയെക്കാം. ഇതിൽ നിന്നു രക്ഷനേടാൻ ഗൂഗിൾ ഉപദേശിക്കുന്ന മാർഗ്ഗം ‘ ഗൂഗിൾ സേവനങ്ങൾ ഉപയോഗിക്കുന്നതു അവസാനിപ്പിക്കൂ ‘ എന്നാണ് !!
നിങ്ങൾക്കു നൽകുന്ന ഗൂഗിൾ സേവനത്തിന്റെ ഗുണനിലവാരം ഉയർത്താനാണ് ഇങ്ങനെ സ്വകാര്യവിവരങ്ങൾ ശേഖരിക്കുന്നതെന്നാണ് ഗൂഗിളിന്റെ വാദം. അതായതു ഒരേ കാര്യം തന്നെ നമ്മൾ ഓരോരുത്തരും സേർച്ച് ചെയ്യുമ്പോൾ വ്യത്യസ്തമായ വിവരങ്ങളാണ് ലഭിക്കുക എന്നു സാരം. എന്തു പറഞ്ഞാലും, ഗൂഗിളിന്റെ പ്രധാന വരുമാന മാർഗ്ഗമായ ആഡ് സെൻസിന്റെ പ്രചാരം വർദ്ധിപ്പിക്കുകയാണ് അവരുടെ ലക്ഷ്യമെന്നു വളരെ വ്യക്തമാണ്. ഒരു പക്ഷേ മെച്ചപ്പെട്ട സേവനം നമുക്കു ലഭ്യമാവുകയും ചെയ്തേക്കാം. എന്നിരുന്നാലും നമ്മുടെ സ്വകാര്യ വിവരങ്ങളുടെ അവകാശം ഒരു കുത്തക കമ്പനിക്കു കൈമാറുന്നതു ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
ഗതാഗതം നിയന്ത്രിക്കാൻ തിരക്കേറിയ കവലകളിൽ നിരീക്ഷണ ക്യാമറകൾ വക്കുന്നതു നമുക്കു ന്യായീകരിക്കാം, എന്നാൽ അതേ നിരീക്ഷണ ക്യാമറകൾ നിങ്ങളെ പാടത്തും, പറമ്പിലും, വീട്ടിലും എന്തിനു, കിടപ്പുമുറിയിൽ വരെ പിന്തുടർന്നാലോ??

പണിയെടുക്കാതെ പണമുണ്ടാക്കുന്ന ഫേസ്ബുക്ക്


നാലു വർഷംകൊണ്ട് ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ കോടീശ്വരനായി മാറിയ മാർക്ക് സക്കർബെർഗ് നെക്കുറിച്ച് അല്പം അസൂയയോടെയല്ലാതെ നമുക്ക് സംസാരിക്കാൻ സാധിക്കില്ല. നമ്മൾ ഏറെ ഇഷ്ടപ്പെടുന്ന ഫേസ്ബുക്കാണ് അദ്ദേഹത്തിന് ഈ പദവിയിലെത്താൻ സഹായിച്ചത്. എന്നാൽ നമുക്ക് സൌജന്യമായി സേവനങ്ങൾ എല്ലാം നൽകുന്ന ഫേസ്ബുക്ക് പിന്നെ എങ്ങനെയാണ് സക്കർബെർഗിന് പണമുണ്ടാക്കാൻ സഹായിക്കുന്നത്? നമുക്ക് ഒന്ന് പരിശോധിക്കാം.
8 വർഷം കൊണ്ട് ഫേസ്ബുക്കിന് ഉണ്ടായ വളർച്ച ആരെയും അമ്പരിപ്പിക്കുന്നതാണ്. 2004 ഇൽ തുടങ്ങിയ ഫേസ്ബുക്ക് ഒന്നുമില്ലായ്മയിൽ നിന്ന് 900 മില്ല്യൺ ഉപയോക്താക്കൾ എന്ന മാസ്മരികമായ നിലയിലേക്കാണ് വളർന്നെത്തിയത്.  ഇന്ന് ലോകത്തെ ഏറ്റവും വലിയ സോഷ്യൽ നെറ്റ് വർക്കിങ്ങ് സൈറ്റാണ് ഫേസ്ബുക്ക്. ഇപ്പോൾ എനിക്ക് ഏതാണ്ട് 800 ഫേസ്ബുക്ക് സുഹ്രുത്തുക്കൾ ഉണ്ട്. എന്റെ കൂടെ പഠിച്ചവരും, ഞാൻ പലപ്പോഴായി പരിചയപ്പെട്ടവരും, ബന്ധുക്കളും എല്ലാം ഉണ്ട് ഇതിൽ. സോഷ്യൽ നെറ്റ്വർക്കിങ്ങ് എന്ന ഈ ആശയം ഇല്ലായിരുന്നെങ്കിൽ ഈ കൂട്ടത്തിൽ എത്ര പേരുമായി എനിക്ക് സൌഹ്രദം നിലനിർത്താൻ സാധിക്കുമായിരുന്നു? ഒരിക്കൽ നഷ്ടപ്പെട്ട സുഹ്രുത്തുക്കളെ എന്നെങ്കിലും എനിക്ക് തിരിച്ചു കിട്ടുമായിരുന്നോ? ഇന്നും എന്റെ ഈ ലിസ്റ്റ് പൂർണ്ണമാണോ എന്ന് ചോദിച്ചാൽ അല്ല എന്നാണ് ഉത്തരം. ദിവസവും പുതിയ പുതിയ  റിക്വസ്റ്റുകൾ എനിക്ക് വന്നുകൊണ്ടിരിക്കുന്നു. ഇത് എന്ന് അവസാനിക്കും എന്നാണെങ്കിൽ ഉത്തരം പറയാൻ അല്പം ബുദ്ധിമുട്ട്ണ്. ഇന്നും ഫേസ്ബുക്ക് അക്കൌണ്ട് ഇല്ലാത്ത നിരവധി സുഹ്രുത്തുക്കൾ എനിക്കുണ്ട്. അതായത് ഇനിയും കുറേ കാലം കൂടി ഫേസ്ബുക്കിന്റെ ഈ വളർച്ച തുടരും എന്നു തന്നെ കരുതണം.
പുതിയ സുഹ്രുത്തുകളെ കണ്ടുപിടിക്കാനായി നാം നമ്മുടെ വ്യക്തിഗത വിവരങ്ങൾ എല്ലാം തന്നെ യാതൊരു മടിയുമില്ലാതെ ഫേസ്ബുക്കിലും, മറ്റ് സോഷ്യൽ നെറ്റ്വർക്കിങ്ങ് സൈറ്റുകളിലും നൽകാൻ തയ്യാറാകുന്നു. ഈ വ്യക്തിഗത വിവരങ്ങളാണ് ഈ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ നെറ്റ്വർക്കിങ്ങ് സൈറ്റുകൾക്ക് പണമുണ്ടാക്കാൻ സഹായിക്കുന്നത്. വെബ്പേജ് ഉൾപ്പെടെ നമുക്കാവശ്യമായ എല്ലാ സേവനങ്ങളും സൌജന്യമായി നൽകുമ്പോഴും ഈ കമ്പനികൾ അതിനുള്ള പണം കണ്ടെത്തുന്നത് നമ്മെപോലുള്ള ഉപയോക്താക്കളുടെ വിവരങ്ങൾ ഫലപ്രദമായി ഉപയോഗിക്കുക വഴിയാണ്. എന്നാൽ നമ്മുടെ ഈ വിവരങ്ങൾ ദുരുപയോഗം ചെയ്യുമെന്ന് കരുതി പേടിക്കണ്ട. നമുക്ക് വേണ്ടി പേഴ്സണലൈസഡ് പരസ്യങ്ങൾ തയ്യാറാക്കാനും പ്രദർശിപ്പിക്കാനും ആണ് ഈ വിവരങ്ങൾ ഉപയോഗിക്കുന്നത്. അതായത് ഒരു വ്യക്തിക്ക് ആവശ്യമുള്ള വസ്തുക്കളുടെ പരസ്യം നൽകുമ്പോഴാണല്ലോ അത് എറ്റവും ഫലപ്രദമാകുന്നത്. അതിനാൽ ഒരാളെക്കുറിച്ച് വ്യക്തമായി മനസിലാക്കിയതിനു ശേഷം പരസ്യങ്ങൾ നൽകാൻ ഏറ്റവും അനുയോജ്യമായ ഒരു സ്ഥലമാണ് ഫെസ്ബുക്ക് എന്നു സാ‍രം. നമ്മളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുമ്പോൾ നാം വലതു വശത്തായി കാണുന്ന ചെറിയ കോളങ്ങൾ ഇത്തരത്തിൽ ഉള്ള പരസ്യങ്ങളാണ്. ഒപ്പം സ്പോൺസേർഡ് സ്റ്റോറി എന്ന പേരിൽ നമ്മുടെ സുഹ്രുത്തുക്കളുടെ അപ്ഡേറ്റുകളുടെ കൂടെ കാണിക്കുന്ന വിവരങ്ങളും ഇത്തരം പരസ്യ തന്ത്രത്തിന്റെ ഭാഗമാണ്.
പരസ്യങ്ങൾ മാത്രമല്ല ഫേസ്ബുക്കിന്റെ വരുമാന മാർഗ്ഗം. അവസാന വർഷം ഫേസ്ബുക്കിന്റെ വരുമാനത്തിന്റെ 12 ശതമാനം ലഭിച്ചത് അതിലെ ഗെയിമുകളിൽ നിന്നാണ്. അതായത് ഫാംവില്ലെ പോലുള്ള ഗെയിമുകളിൽ നാം പണം കൊടുത്ത് വാങ്ങിയ ക്രെഡിറ്റുകളിൽ നിന്ന് ഫേസ്ബുക്ക് സമ്പാദിച്ചത് 480 മില്യൺ ഡോളറാണ്. തുടർ വർഷങ്ങളിൽ ഇതിലും കൂടിയ വളർച്ചയാണ് ഈ മേഖലയിൽ നിന്ന് കമ്പനി പ്രതീക്ഷിക്കുന്നത്.
ഫേസ്ബുക്കിന്റെ ഭാവി അത്ര ശോഭനമാണെന്ന് തീർത്ത് പറയാൻ നമുക്ക് സാധിക്കില്ല.  ചില പ്രതിസന്ധികൾ ഫേസ്ബുക്ക് ഇപ്പോൾ തന്നെ നേരിടിന്നുണ്ട്. വർധിച്ചുവരുന്ന മൊബൈൽ ഉപഭോക്താക്കാളുടെ എണ്ണമാണ് അതിലൊന്ന്. കാരണം കമ്പ്യൂട്ടർ വഴി ഫേസ്ബുക്ക് പേജ് ആക്സസ്സ് ചെയ്യുമ്പോൾ മാത്രമേ ഇപ്പോൾ പരസ്യങ്ങൾ കാണിക്കാൻ സാധിക്കൂ. ഫേസ്ബുക്ക് പരസ്യങ്ങൾ ചെറിയ സ്ക്രീൻ വഴിയുള്ള മൊബൈൽ ഉപഭോക്താക്കൾക്ക് അത്ര അനുയോജ്യമല്ല തന്നെ. മറ്റൊരു കാര്യം 8 വർഷമേ ആയിട്ടുള്ളു എങ്കിലും, ഇന്റർനെറ്റ് ലോകത്ത് ഫേസ്ബുക്കിന് പ്രായമായി. ഇപ്പോൾ തന്നെ ഫേസ്ബുക്കിൽ പുതുമ നഷ്ടപ്പെട്ട പഴയ ഉപയോക്താക്കൾ സമയം ചിലവഴിക്കാൻ മറ്റ് മേച്ചിൽപുറങ്ങൾ തേടി പോയിത്തുടങ്ങി എന്ന് ചില സർവ്വേകൾ വെളിപെടുത്തുന്നു. നിലവിൽ ഗൂഗിൾ+ ഫേസ്ബുക്കിന് ഒരു ഭീഷണി ആയിട്ടില്ലെങ്കിലും ഭാവിയിൽ അത്തരം ഒരു സാധ്യത തള്ളികളയാൻ ആകില്ല. ഈ കാരണങ്ങൾ കൊണ്ടാണ് 38$ നു അമേരിക്കൻ ഓഹരിവിപണിയിൽ ഇഷ്യൂ ചെയ്ത ഫേസ്ബുക്ക് ഓഹരികൾ 31$ എന്ന നിലയിലേക്ക് കുപ്പുകുത്തിയത്. ഏതായാലും ഇത്രയും കുറഞ്ഞ കാലം കൊണ്ട് ഇത്ര മികച്ച പ്രകടനം കാഴ്ചവച്ച മറ്റൊരു കമ്പനിയും ലോക ചരിത്രത്തിൽ ഉണ്ടാകില്ല. അതിനാൽ അവരുടെ ഭാവി പദ്ധതികളും മികച്ചതായിരിക്കുമെന്ന് പ്രതീക്ഷിക്കാം.

White British and indians are different like Swan and crow

For a mother their children is big always

White British and indians are different like Swan and crow

Tuesday, 9 April 2013

പച്ചക്കറിയിലെ അഴുക്കും വിഷാംശവും കളയാന്‍



പച്ചക്കറിയിലെ അഴുക്കും വിഷാംശവും കളയാന്‍


പച്ചക്കറികളും പഴങ്ങളും പൈപ്പ് വെള്ളത്തില്‍ നന്നായി ഉരച്ച് കഴുകുക. തൊലിയുടെ മുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കീടനാശിനിയുടെ അംശങ്ങളും അഴുക്കും കളയാന്‍ ഇതുപകരിക്കും. കാബേജ് പാകം ചെയ്യുന്നതിനു മുമ്പ്, പുറത്തുള്ള മൂന്ന് ഇതളെങ്കിലും അടര്‍ത്തി മാറ്റുക. അതിനുശേഷം ഉപ്പുവെള്ളത്തില്‍ നന്നായി കഴുകിയെടുത്ത് ഉപയോഗിക്കാം. പാവയ്ക്കയുടെ മുള്ളുകള്‍ക്കിടയില്‍ രാസവസ്തുക്കള്‍ പറ്റിപ്പിടിക്കാനിടയുണ്ട്. പൈപ്പ് വെള്ളത്തില്‍, സോഫ്റ്റ് ബ്രഷുകൊണ്ട് ഉരച്ചു കഴുകിയാല്‍ അഴുക്കെല്ലാം നീങ്ങും. പുറത്തുനിന്നും വരുന്ന തക്കാളി, ആപ്പിള്‍ തുടങ്ങിയവ പെട്ടെന്ന് കേടാവാതിരിക്കാന്‍ വാക്‌സ് പുരട്ടാറുണ്ട്. ഇവ ഉപയോഗിക്കുന്നതിനു മുമ്പ് നന്നായി വൃത്തിയാക്കിയാലേ ഈ വാക്‌സ് കോട്ടിങ്ങ് പോവൂ. ഇത് കളയാന്‍ ഉപ്പും നാരങ്ങാനീരും ചേര്‍ത്ത ചെറു ചൂടുവെള്ളത്തില്‍ മുക്കിവയ്ക്കുക.

കട്ടിയേറിയ തൊലിയുള്ള പച്ചക്കറികള്‍, തൊലി കളഞ്ഞതിനുശേഷം മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്. പച്ചക്കറികളും പഴങ്ങളും ഒരു മണിക്കൂര്‍ പച്ചവെള്ളത്തില്‍ ഇട്ടുവയ്ക്കുക. അതിനുശേഷം ചൂടുവെള്ളത്തില്‍ ഒന്നു മുക്കിയെടുത്താലും മതി. പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കുന്നതിനു മുമ്പ് ഉപ്പിട്ട ചെറുചൂടുവെള്ളത്തില്‍ അര മണിക്കൂര്‍ വെയ്ക്കുക. നന്നായി വൃത്തിയാകും. പച്ചക്കറികള്‍ പുളിവെള്ളത്തില്‍ അര മണിക്കൂര്‍ വെച്ചതിനുശേഷം നല്ല വെള്ളത്തില്‍ കഴുകിയെടുക്കുക. ധാന്യങ്ങള്‍ ഒന്ന് ആവി കയറ്റിയശേഷം മാത്രം ഉപയോഗിക്കുക. അര ലിറ്റര്‍ വെള്ളത്തില്‍ അല്പം ബേക്കിങ് സോഡ ചേര്‍ത്ത്, അതില്‍ പച്ചക്കറികള്‍ പത്ത് മിനിട്ട് മുക്കിവെയ്ക്കുക. പിന്നീട്, ഇവ പച്ചവെള്ളത്തില്‍ നന്നായി കഴുകിയതിനുശേഷം ഉപയോഗിക്കാം. തക്കാളിയില്‍ പ്രയോഗിക്കുന്ന കീടനാശിനികളുടെ അംശങ്ങള്‍ ഞെട്ടില്‍ ഊറി നില്‍ക്കുന്നു. ഞെട്ടിന്റെ ഭാഗം എടുത്തുകളഞ്ഞുവേണം തക്കാളി ഉപയോഗിക്കാന്‍.
കറിവേപ്പിലയിലും ധാരാളമായി കീടനാശിനികള്‍ തളിക്കുന്നുണ്ട്. ഇവ ഇളംചൂടുവെള്ളത്തില്‍ കഴുകിയെടുക്കണം. മിക്ക രാസവസ്തുക്കളും ചെറുചൂടുതട്ടിയാല്‍ നീങ്ങുന്നവയാണ്. കീടനാശിനിയില്‍ നിന്നും രക്ഷനേടാന്‍ സ്വന്തമായൊരു കൊച്ചു അടുക്കളത്തോട്ടം ഉണ്ടാക്കുകയാണ് മികച്ച പോംവഴി. ഏറ്റവും കുറഞ്ഞത് കറിവേപ്പില, പച്ചമുളക്, ഇഞ്ചി, മല്ലിയില ഇവയെങ്കിലും നട്ടുവളര്‍ത്താമല്ലോ.

Monday, 8 April 2013

നഷ്‌ടപ്പെട്ട ആരോഗ്യം വീണ്ടെടുക്കാം ആയുര്‍വേദത്തിലൂടെ


പുകവലി നിര്‍ത്തി നഷ്‌പ്പെട്ട ഓജസും ബലവും വീണ്ടെടുക്കുന്നതിനും ആയുര്‍ദൈര്‍ഘ്യത്തിനും ആയുര്‍വേദ വിധിപ്രകാരമുള്ള ചികിത്സകള്‍ ഫലപ്രദമാണ്‌. പൗരാണിക ആയുര്‍വേദ ശാസ്‌ത്രത്തില്‍ പുകവലി അഥവാ ധൂമപാനത്തെ കുറിച്ച്‌ പരാമര്‍ശിക്കുന്നുണ്ട്‌. എന്നാല്‍ ഇന്നു കാണുന്ന വ്യാപത്തുകളൊന്നും അതില്‍ പ്രതിപാദിക്കുന്നില്ല. ഇന്ന്‌ പുകവലി ആരോഗ്യത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന മഹാവിപത്തായി മാറിക്കഴിഞ്ഞു. എന്നാല്‍ അന്ന്‌ ധൂമപാനം ആരോഗ്യ പരിപാലനത്തിനു വേണ്ടിയുള്ളതായിരുന്നു. ഔഷധദ്രവ്യങ്ങള്‍ ഉപയോഗിച്ച്‌ വിധി പ്രകാരം തയാറാക്കിയവ. പുകയിലയില്‍ അടങ്ങിയിരിക്കുന്ന മാരകവസ്‌തുക്കളുടെ പ്രയോഗമില്ലാതെ തികച്ചും ഔഷധ യോഗ്യമായത്‌.

സ്രോതസുകള്‍

രോഗം ഉണ്ടാക്കുന്നതും അതിനു പ്രതിവിധി ഉണ്ടാക്കുന്നതും സ്രോതസുകള്‍ വഴിയാണെന്ന്‌ ആയുര്‍വേദശാസ്‌ത്രം പ്രതിപാദിക്കുന്നു. കണ്ണുകൊണ്ട്‌ കാണാന്‍ കഴിയുന്നതും കഴിയാത്തതുമായ രണ്ടുതരം സ്രോതസുകള്‍ മനുഷ്യ ശരീരത്തിലുണ്ട്‌. ആകെ 13 സ്രോതസുകളാണ്‌ മനുഷ്യ ശരീരത്തിലുള്ളത്‌. അവയില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്‌ പ്രാണവഹ സ്രോതസ്‌. 'യത്ര സംഘഃ ഖ വൈഗുണ്യഃ തത്ര രോഗോപജായതേഃ' . സ്രോതസുകളില്‍ അടവ്‌ വരുമ്പോള്‍ അത്‌ രോഗത്തിനു കാരണമാകുന്നു. ഉദാഹരണത്തിന്‌ ചെറുതോ വലുതോ ആയ രക്‌തക്കുഴലുകള്‍ക്ക്‌ അടവ്‌ ഉണ്ടാകുമ്പോള്‍ ഹൃദയസംബന്ധമായ രോഗങ്ങളും ചിലപ്പോള്‍ ഹൃദയസ്‌തംഭനംതന്നെ സംഭവിക്കാം. മൂത്രവഹ സ്രോതസുകളില്‍ അടവ്‌ വരുമ്പോള്‍ മൂത്രസംബന്ധമായ രോഗങ്ങളോ വൃക്കരോഗങ്ങളോ പിടിപെടാം. ശ്വാസകോശ സ്രോതസിനുണ്ടാകുന്ന അടവ്‌ ശ്വാസകോശ അര്‍ബുദംപോലുള്ള മാരക രോഗങ്ങളിലേക്ക്‌ നയിക്കുന്നു.

പുകവലിയും അടവുകളും

സ്രോതസുകളുടെ അടവുകള്‍ക്ക്‌ രണ്ടു കാരണങ്ങളാണുള്ളത്‌. ആദ്യത്തേത്‌ ആഭ്യന്തര കാരണങ്ങളാണ്‌. ഇത്‌ പ്രധാനമായും സംഭവിക്കുന്നത്‌ നാം കഴിക്കുന്ന ആഹാരരീതിയിലുള്ള ക്രമക്കേടുകൊണ്ടാണ്‌. ശുദ്ധമല്ലാത്തതും വിഷലിപ്‌തവുമായ ആഹാരങ്ങള്‍ കഴിക്കുന്നതാണ്‌ ഇതിനു വഴിവയ്‌ക്കുന്നത്‌. ഇതുമൂലം പചനപ്രക്രിയ ശരിയായി നടക്കാതെ വരികയും അതില്‍നിന്നുണ്ടാകുന്ന വിഷസമാനമായ ദഹിക്കാത്ത പദാര്‍ഥങ്ങള്‍ സ്രോതസുകളില്‍ അടിഞ്ഞുകൂടി മാര്‍ഗ തടസം ഉണ്ടാക്കുകയും ചെയ്യുന്നു. ഇത്‌ മാരകമായ രോഗങ്ങള്‍ക്ക്‌ കാരണമാകാം. രണ്ടാമത്തേത്‌ ബാഹ്യമായ കാരണങ്ങളാണ്‌. അതില്‍ പ്രധാനം പുകവലിയും. അമിത ധൂമപാനം ശ്വാസകോശമാര്‍ഗത്തെയും കോശങ്ങളെയും ദുഷിപ്പിച്ച്‌ കാസം, ശ്വാസം, അര്‍ബുദം മുതലായ രോഗങ്ങള്‍ക്ക്‌ കാരണമായിത്തീരുന്നു. മാത്രമല്ല പുകവലി ദഹന പ്രക്രിയയേയും സാരമായി ബാധിക്കും. അതു നിമിത്തം ധാതുപോഷണമില്ലാതെ ഓജക്ഷയം സംഭവിച്ച്‌ ശരീരത്തിന്റെ ബലത്തെയും രോഗപ്രതിരോധത്തെയും സാരമായി ബാധിക്കുന്നു. ഇവര്‍ക്ക്‌ രോഗപ്രതിരോധശക്‌തി വളരെക്കുറയുകയും ചെറിയ അണുബാധകള്‍പോലും പെട്ടെന്ന്‌ പിടിപെടുകയും ചെയ്യും. ജീവിതകാലം മുഴുവന്‍ നിത്യരോഗികളായി കഴിയേണ്ട ഭീകര അവസ്‌ഥയില്‍ ഇത്‌ കൊണ്ടെത്തിക്കാം.

നിക്കോട്ടിന്റെ ഭീകരമുഖം

അമിത പുകവലിയുടെ പാര്‍ശ്വഫലങ്ങള്‍ ശ്വാസകോശത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ എന്ന വിഷപദാര്‍ഥം രക്‌തത്തില്‍ കലര്‍ന്ന്‌ രക്‌തക്കുഴലുകളെ ശുഷ്‌ക്കിപ്പിച്ച്‌ രക്‌തചംക്രമണം തടസപ്പെടുത്തുന്നു. ഇത്‌ ടി.എ.ഒ (ത്രോബോ ആങ്കിറ്റിസ്‌ ഒബ്ലിറ്ററന്‍സ്‌) എന്ന മാരകരോഗത്തിന്‌ കാരണമാകുന്നു. മിക്കവാറും കാലിലെ രക്‌തക്കുഴലുകളെയാണ്‌ ഈ അസുഖം ബാധിക്കുന്നത്‌. കലശലായ വേദനയാണ്‌ രോഗലക്ഷണം. കാല്‍മുട്ടിനു താഴെ മുറിച്ചുകളയുകയാണ്‌ ഈ മാരകരോഗത്തിനുള്ള പ്രതിവിധി.

ആയുര്‍വേദ പരിഹാരം

പുകവലിജന്യമായ രോഗങ്ങളില്‍ സ്രോതശുദ്ധിക്കുവേണ്ടി സ്‌നേഹ, സ്വേദ പ്രയോഗങ്ങളിലൂടെ മൃദുവമനം, അഗ്നി ഉദ്ദീപിപ്പിക്കുന്നതിനുള്ള പാചന ഔഷധങ്ങള്‍ എന്നിവ നല്‍കി ധാതുപോഷണം നടത്തണം. ഇതിലൂടെ ഓജസ്‌ വര്‍ദ്ധിച്ച്‌ നഷ്‌ടപ്പെട്ട ബലം വീണ്ടെടുക്കുന്നതിനും ആയുര്‍ദൈര്‍ഘ്യത്തിനും ആരോഗ്യത്തോടുകൂടിയ ജീവിതത്തിനും സഹായിക്കും. വമന വിരേചന പ്രക്രിയയിലൂടെ സ്രോതസുകളില്‍ അടിഞ്ഞുകൂടിയ വിഷാംശങ്ങള്‍ പുറത്തു കളയുന്നു. ച്യവനപ്രാശം, ബ്രഹ്‌മരസായനം മുതലായ രസായന ചികിത്സകളും പുകവലിക്കാര്‍ക്ക്‌ നഷ്‌ടപ്പെട്ട ആരോഗ്യം വീണ്ടെുടുത്തുതരുന്നു.

കൗണ്‍സിലിങ്ങിലൂടെ'നിദാന പരിവര്‍ജനം ചികിത്സ'

ഏത്‌ രോഗം പിടിപെട്ടാലും ആദ്യം വര്‍ജ്‌ജിക്കേണ്ടത്‌ രോഗകാരണത്തെയാണെന്നാണ്‌ ആയുര്‍വേദ സിദ്ധാന്തം പറയുന്നത്‌. അതുകൊണ്ട്‌ മാരക രോഗങ്ങളുടെ ചവിട്ടുപടിയായ പുകവലിക്കു അടിമപ്പെടാതിരിക്കുക. പുകവലി ശീലമാക്കിയവര്‍ അത്‌ പതുക്കെ ഉപേക്ഷിക്കാന്‍ ശ്രമിക്കണം. പുകവലിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ബോധവത്‌ക്കരണമാണ്‌ പുകവലി ഉപേക്ഷിക്കുന്നതിനുള്ള പ്രധാന വഴി. അതിന്‌ കൗണ്‍സിലിങ്ങ്‌ ഏറെ സഹായകരമാണ്‌. പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ വിദഗ്‌ധനായ ഓരോരുത്തര്‍ക്കും പൂര്‍ണവിശ്വാസമുള്ള ഒരു ഡോക്‌ടറുടെ ഉപദേശം തേടുന്നതു നല്ലതാണ്‌. പുകലിക്കുന്നവര്‍ക്കു മാത്രമല്ല പുകവലിക്കുന്നവരുടെ സമീപത്തു നില്‍ക്കുന്നവരെപോലും രോഗങ്ങളിലേക്ക്‌ തള്ളിവിടാന്‍ തക്ക മാരകമായ ഒന്നാണ്‌ പുകവലിക്കാര്‍ പുറത്തുവിടുന്ന വിഷലിപ്‌തമായ പുക. ഇത്തരം കാര്യങ്ങള്‍ ശരിയായ ബോധവത്‌ക്കരണത്തിലൂടെ ആളുകളെ മനസിലാക്കിയെടുക്കാന്‍ കഴിഞ്ഞാല്‍ ഒരുപരിധിവരെ പുകവലിയില്‍നിന്ന്‌ മുക്‌തരാക്കാം.