മാസങ്ങളായി ടെക്‌ലോകം മുഴുവൻ ആപ്പിളിന്റെ ഐഫോണിന്റെ പുതിയ പതിപ്പിന്റെ വരവിനായി കാത്തിരിക്കുകയായിരുന്നു. സ്മാർട്ട്ഫോൺ വില്പനയിൽ രണ്ടാം സ്ഥാനത്താണെങ്കിലും മീഡിയ പബ്ലിസിറ്റിയുടെ കാര്യത്തിൽ ഇന്നും ഒന്നാം സ്ഥാനത്ത് തന്നെയാണ് ആപ്പിളും, ഐഫോണും. സ്മാർട്ട്ഫോൺ രംഗത്തും മറ്റ് ഉപകരണങ്ങളുടെ കാര്യത്തിലും എന്നും വിപ്ലവകരമായ ആശയങ്ങൾ അവതരിപ്പിക്കുന്നവരായതിനാലാണ് ആപ്പിളിനെ ടെക്നോളജി ലോകം ഇത്രയും ആകാക്ഷയോടെ വീക്ഷിക്കുന്നത്. 4 ഇഞ്ച് സ്ക്രിൻ, 4ജി LTE, ഐ.ഒ.എസ് 6, പഴയതിനേക്കാൾ കനവും ഭാരവും കുറഞ്ഞ ഡിസൈൻ എന്നിങ്ങനെ നിരവധി സവിശേഷതകൾ ഐഫോണിന്റെ പുതിയ പതിപ്പായ ഐഫോൺ 5ൽ ഉണ്ട്.
16:9 റേഷ്യോയിലുള്ള 4 ഇഞ്ച് റെറ്റിന ഡിസ്പ്ലേ സ്ക്രീനാണ് ഐഫോൺ 5ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 1136×640 പിക്സൽ റെസലൂഷ്യനുള്ള ഇതിന്റെ പിക്സൽ ഡെൻസിറ്റി 326ppi ആണ്. ഈ വലിയ സ്ക്രീൻ വഴി ഹോം സ്ക്രീനിൽ ഒരു നിര ഐക്കണുകൾ അധികം ഉൾപ്പെടുത്താനാകും. വീഡിയോ കാണുമ്പോഴും, ഇന്റർനെറ്റ് ബ്രൌസ് ചെയ്യുമ്പോഴും മറ്റും ഇത് കൂടുതൽ സൌകര്യപ്രദമായിരിക്കും. വലിയ സ്ക്രീൻ ഉൾപ്പെടുത്തിയപ്പോഴും വീതി പഴയ മോഡലിൽ നിന്നും ഒട്ടും വർദ്ധിപ്പിച്ചിട്ടില്ല, ഉയരം 9mm വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതുവഴി ഒരു കൈകൊണ്ട് തന്നെ സുഗമമായി ഇത് ഉപയോഗിക്കാം. ഗ്ലാസും അലൂമിനിയവും ചേർത്തുള്ള ഇതിന്റെ പുതിയ ഡിസൈനും ഏറെ മികച്ചതാണ്. 7.6mm മാത്രമാണ് ഇതിന്റെ കനം, ഭാരത്തിലും 20 ശതമാനത്തോളം കുറവ് വരുത്തിയിരിക്കുന്നു. (112 ഗ്രാം). കാഴ്ചയിൽ അല്പം ഉയരം കൂടിയതൊഴിച്ചാൽ പഴയ ഐഫോണുമായി കാര്യമായ വ്യതിയാനങ്ങൾ ഒന്നും ഇതിലില്ല.
4G LTE ആണ് ഐഫോൺ5 ന്റെ മറ്റൊരു പ്രഥാന സവിശേഷത. HDPA+, DC-HSPDA തുടങ്ങിയ എല്ലാ നെറ്റ്‌വർക്കുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ 4ജിയിലും, 3ജിയിലും എല്ലാം ഏറ്റവും വേഗതയിലുള്ള ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കാൻ ഐഫോണിനു കഴിയും. ആപ്പിൾ ഡിസൈൻ ചെയ്ത A6 പ്രോസസ്സറാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. A5 നെ അപേക്ഷിച്ച് വേഗതയേറിയതും, എന്നാൽ കുറച്ചുമാത്രം ബാറ്ററി ചാർജ് ഉപയോഗിക്കുന്നതുമായ ഈ ക്വാഡ് കോർ പ്രോസസ്സറിന്റെ ക്ലോക്ക് സ്പീഡ് ആപ്പിൾ വെളിപ്പെടുത്തിയിട്ടില്ല. ഈ പുതിയ പ്രോസസ്സർ ഉപയോഗിക്കുക വഴി വലിയ ഡിസ്പ്ലേ ആയിരുന്നിട്ടു കൂടി കൂടുതൽ ബാറ്ററി ബാക്കപ്പ് ഐഫോൺ5 നൽകുന്നുണ്ട്. 8 മണിക്കൂർ വരെ സംസാര സമയവും, 10 മണിക്കൂർ ഇന്റർനെറ്റ് ബ്രൌസിങ്ങും, 8 മണിക്കുർ വീഡിയോ പ്ലേബാക്കും ഇതിൽ ലഭിക്കുമെന്ന് ആപ്പിൾ
ഒരു 12 മെഗാപിക്സൽ ക്യാമറയാണ് ആപ്പിളിൽനിന്ന് ഏവരും പ്രതീക്ഷിച്ചിരുന്നതെങ്കിലും 8 മെഗാപിക്സൽ ഐസൈറ്റ് ക്യാമറയാണ് ആപ്പിൾ ഇതിൽ ഉൾപ്പെറ്റുത്തിയിരിക്കുന്നത്. ഷട്ടർസ്പിഡ്, ലെൻസ്കവർ, സോഫ്റ്റ്‌വെയർ എന്നിവയിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങൾ വഴി കൂടുതൽ തെളിച്ചമുള്ളതും, വ്യക്തതയാർന്നതുമായ ചിത്രങ്ങൾ ഇതിൽനിന്ന് ലഭിക്കും. ഇതിന്റെ ബിൽറ്റ് ഇൻ പനോരമ മോഡ് വഴി 28 മെഗാപിക്സലിന്റെ, 2400 വരെയുള്ള പനോരമ ചിത്രങ്ങൾ എടുക്കാൻ സാധിക്കും. ഒരേസമയം 10 മുഖങ്ങൾ വരെ തിരിച്ചറിയുന്ന ഫേസ് ഡിറ്റക്ഷൻ സിസ്റ്റവും, 1080p HD വീഡിയോ റെക്കോർഡിങ്ങും ഇതിന്റെ സവിശേഷതകളാണ്. 1.2 മെഗാപിക്സൽ ഫേസ്ടൈം HD മുൻ ക്യാമറയും ഇതിലുണ്ട്.
ഇയർപോഡ് എന്ന് പേരിട്ടിരിക്കുന്ന ആപ്പിൾ പുതുതായി ഡിസൈൻ ചെയ്ത ഹെഡ്ഫോണുകളാണ് പുതിയ ഐഫോണിനൊപ്പം വിതരണം ചെയ്യുന്നത്. 120ഓളം ഡിസൈനുകളിൽ നിന്ന് 600ൽ അധികം പേരുടെ ചെവിയിൽ പരിശോധിച്ച് വികസിപ്പിച്ചെടുത്ത ഇത് ഏതൊരാളുടെയും ചെവിക്ക് അനുയോജ്യമാണ്.
ചാർജിങ്ങ്, ഡാറ്റ ട്രാൻസ്ഫർ എന്നിവയ്ക്കായി ആപ്പിൾ ഉപയോഗിച്ചിരുന്ന 30 പിൻ കണക്ടറിനു പകരം പുതിയതായി രൂപകല്പന ചെയ്ത 8പിൻ ലൈറ്റ്നിങ്ങ് കണക്ടർ ആണ് ഇതിൽ ഉപയോഗിക്കുന്നത്. പഴയ ഉപകരണങ്ങൾ കണക്ട് ചെയ്യാനായി ഇതിന്റെ അഡാപ്റ്ററും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.
ലോകത്തെ ഏറ്റവും ആധുനിക മൊബൈൽ ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്ന് വിശേഷിപ്പിക്കുന്ന ഐ.ഒ.എസ് 6മായാണ് ഐഫോൺ5 വിപണിയിലെത്തുന്നത്. ആപ്പിളിന്റെ സ്വന്തം വോയ്സ് അസിസ്റ്റന്റ് സിരിയും കൂടുതൽ സവിശേഷതകളോടെ പരിഷ്കരിച്ചിട്ടുണ്ട്.
16GB, 32GB, 64GB സ്റ്റോറേജ് കപ്പാസിറ്റികളിൽ ലഭ്യമാകുന്ന ഐഫോൺ5 ന്റെ കോൺട്രാക്ടോടെയുള്ള വില തുടങ്ങുന്നത് 199 ഡോളർ മുതലാണ്. സെപ്റ്റംബർ 21 മുതൽ അമേരിക്ക, ബ്രിട്ടൺ തുടങ്ങിയ 10 രാജ്യങ്ങളിൽ ലഭ്യമാകുന്ന ഇത് ഇന്ത്യയിൽ ഒരുപക്ഷേ ഈ വർഷം അവസാനത്തോടെയേ ലഭ്യമാകു. പഴയമോഡലുകളുടെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ ഇതിനു 50,000 രൂപ വില പ്രതീക്ഷിക്കാം.
No comments:
Post a Comment