നമ്മുടെ ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങൾ ഒരു ക്യാമറയിൽ പകർത്തി ഒരു വിലപ്പെട്ട ഓർമ്മയായി സൂക്ഷിക്കാൻ നമുക്ക് ഏറെ കൊതിയാണ്. അതുകൊണ്ടാണല്ലോ നാം മൊബൈൽ ഫോൺ വാങ്ങുമ്പോൾ ആദ്യ പരിഗണന ഒരു ക്യാമറഫോണിനു കൊടുക്കുന്നതും, അതു അവസാനം ഏറ്റവും കൂടിയ റെസലൂഷ്യൻ ഉള്ള മോഡലിൽ ചെന്നു എത്തുന്നതും. എന്നാൽ പലർക്കും ഏറെ പ്രതീക്ഷയോടെ വാങ്ങിയ മൊബൈൽ ക്യാമറകളിൽ എടുക്കുന്ന ചിത്രങ്ങൾ വളരെ നിലവാരം കുറവാണെന്ന പരാതിയുണ്ട്. മൊബൈൽ ക്യാമറകളിൽ ഉപയോഗിക്കുന്ന തീരെ വലിപ്പം കുറഞ്ഞ സെൻസറുകൾക്ക് വളരെ ഷാർപ്പ് ആയതും, നോയ്സ് കുറഞ്ഞതുമായ ചിത്രങ്ങൾ നൽകാൻ കഴിയില്ല എന്നുള്ളത് സത്യമാണ്. എന്നാൽ, 3 മെഗാപിക്സലിന് മുകളിലുള്ള എല്ലാ മൊബൈൽക്യാമറയിലും വളരെ നല്ല ചിത്രങ്ങൾ എടുക്കാൻ സാധിക്കും. മെഗാപിക്സൽ കൊണ്ട് മാത്രമല്ല മൊബൈൽക്യാമറകൾ ഉപയോഗപ്രദമാകുന്നത്, മറിച്ച് വളരെ മികച്ച ഫ്രെയിമുകൾ പലപ്പോഴും വളരെ യാദ്രിശ്ചികമായി ലഭിക്കുന്നതാണ്, SLR ഇല്ലാത്തതുകൊണ്ട് ആ വിലപ്പട്ട ഫ്രെയിമുകൾ നഷ്ടപ്പെടുത്തുക എന്നുള്ളത് ഒരു ഫോട്ടോഗ്രാഫി പ്രേമിയെ സംബന്ധിച്ചിടത്തോളം ഏറെ ദു;ഖകരവും. ഇത്തരം സന്ദർഭങ്ങളിൽ നിങ്ങളുടെ മൊബൈൽക്യാമറ നല്ല രീതിയിൽ ഉപയോഗിക്കുക എന്നുള്ളതാണ് ഏറ്റവും നല്ല പോംവഴി.
ഒരല്പം കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ മൊബൈലിൽ ഇപ്പോൽ നിങ്ങൾ പകർത്തുന്നതിനേക്കാൾ ഏറെ മികച്ച ചിത്രങ്ങൾ പകർത്താൻ നിങ്ങൾക്ക് സാധിക്കും. അവ എന്തെല്ലാമാണ് എന്ന് പരിശോധിക്കാം.
1. നിങ്ങളുടെ മൊബൈൽ ക്യാമറയെ അടുത്തറിയുക.
ഓരോ ഫോണിലെയും ക്യാമറയുടെ സ്വഭാവ സവിശേഷതകളിൽ വ്യത്യാസം ഉണ്ടാകും. അതിനാൽ നിങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്ന ക്യാമറ ഏതെല്ലാം സാഹചര്യങ്ങളിൽ ആണ് മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കുന്നത് എന്ന് മനസിലാക്കുക. പൂർണ്ണമായും ഓട്ടോമാറ്റിക് മോഡിൽ ഫോട്ടോ എടുക്കുന്നതിനെ ലേഖകൻ ഒരിക്കലും പ്രോത്സാഹിപ്പിക്കുകയില്ല. കാരണം നിങ്ങൾ എന്താണ്, എങ്ങിനെയാണ് ചിത്രം പകർത്താൻ ഉദ്ദേശിക്കുന്നത് എന്ന് തിരിച്ചറിയാനുള്ള ബുദ്ധി ക്യാമറക്ക് ഇല്ല എന്നുള്ളതുകൊണ്ടുതന്നെ. ഫോട്ടോഗ്രഫി പൂർണ്ണമായും പ്രകാശത്തിന്റെ നിയന്ത്രണമാണ്. അതിനാൽ എങ്ങിനെയുള്ള സന്ദർഭങ്ങളിലാണ് നിങ്ങളുടെ ക്യാമറയിൽ മികച്ച ചിത്രങ്ങൾ പകർത്താൻ കഴിയുന്നത് എന്നു പരീക്ഷിച്ച് തന്നെ മനസിലാക്കുക. നല്ല വെളിച്ചമുള്ള സന്ദർഭങ്ങൾ, റൂമിന്റെ ഉൾവശം, ഫ്ലാഷ് ഉപയോഗിക്കേണ്ടി വരുന്ന സന്ദർഭങ്ങൾ, ലാൻഡ്സ്കേപ്പ്, പോർട്രെയിറ്റ്, എന്നിങ്ങനെയുള്ള സീൻ മോഡുകൾ, എക്സ്പ്ലോഷറിന്റെയും, വൈറ്റ് ബാലൻസിന്റേയും പരസ്പരബന്ധം എന്നിവ വ്യത്യസ്ത സാഹചര്യങ്ങളിൽ നിരീക്ഷിച്ച് മനസിലാക്കുക. ഒപ്പം ലെൻസ് കവർ, കാരികേസ് എന്നിവ ഫോട്ടൊയിൽ തടസങ്ങൾ ഉണ്ടാക്കുന്നുണ്ടോ എന്ന് മനസിലാക്കുക. ഉദാഹരണത്തിന് ലേഖകന്റെ നോക്കിയ 5800യുടെ ബാക്ക് കവർ ലെൻസിലേക്ക് വരുന്ന പ്രകാശത്തെ തടസപ്പെടുത്തും. അതിനാൽ ബാക്ക് കവർ ഊരിവച്ചതിനുശേഷം എടുക്കുന്ന ഫോട്ടോകൾക്ക് പതിന്മടങ്ങ് വ്യക്തത ഉണ്ടായിരിക്കും.
2. ഏറ്റവും കൂടിയ റെസലൂഷ്യനിൽ ചിത്രങ്ങൾ പകർത്തുക.
റെസലൂഷ്യൻ കൂടിയ ചിത്രങ്ങൾ കൂടുതൽ മെമ്മറി അപഹരിക്കുമെങ്കിലും മികച്ച ചിത്രങ്ങളാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ ഏറ്റവും കൂടിയ റെസലുഷ്യനിൽ ഏറ്റവും ഷാർപ്പ്നെസ്സ് കൂട്ടി ചിത്രങ്ങൾ പകർത്തുക. നിങ്ങൾ സേവ് ചെയ്തിരിക്കുന്ന ഒരു പാട്ടോ മറ്റോ ഡിലീറ്റ് ചെയ്യേണ്ടി വന്നാലും അത് പിന്നീട് സംഘടിപ്പിക്കാം, എന്നാൽ നഷ്ടപ്പെട്ട ഒരു ഫ്രെയിം ഒരിക്കലും തിരികെ കിട്ടില്ല.
3. ഡിജിറ്റൽ സൂം ഉപയോഗിക്കാതെ ഇരിക്കുക.
ആളുകൾ എന്തിനാണ് 4x, 8x എന്നൊക്കെ പറഞ്ഞ് വലിയ കാര്യത്തിൽ ഡിജിറ്റൽ സൂമിന്റെ പിന്നാലെ പായുന്നത് എന്ന് എനിക്കിപ്പോഴും അറിയില്ല. ലേഖകന്റെ അഭിപ്രായത്തിൽ ഒരു ക്യാമറയിലെ ഏറ്റവും ഉപയോഗശൂന്യവും അനാവശ്യവുമായ ഒരു ഫീച്ചറാണ് ഡിജിറ്റൽ സൂമിങ്ങ്. ഡിജിറ്റൽ സൂം ചെയ്ത ഫോട്ടോകൾ നിങ്ങൾ ഒരു കമ്പ്യൂട്ടറിൽ കാണുമ്പോൾ അതിലെ വൃത്തികേട് നിങ്ങൾക്ക് മനസിലാകും. ഫ്രെയിം ഫിൽ ചെയ്യാനായി പരമാവധി സബ്ജ്ക്ടിനോട് അടുത്തു നിൽക്കുക, അതിനു സാധിക്കില്ലെങ്കിൽ ഫോട്ടോ കമ്പ്യൂട്ടറിൽ കയറ്റി ക്രോപ്പ് ചെയ്യുക.
4. ക്യാമറ മുറുകെ പിടിക്കുക.
മൊബൈൽ ക്യാമറകളിൽ ഒരു 2-3 സെക്കന്റിന്റെ ഷട്ടർ ഡിലേ ഉണ്ടാകും. അതായത് നിങ്ങൾ ഷട്ടർ ബട്ടൺ അമർത്തി ഒരു 2 സെക്കന്റ് കഴിഞ്ഞു മാത്രമേ ചിത്രങ്ങൾ അതിൽ പതിയൂ എന്ന് സാരം. മിക്കവാറും നിങ്ങൾ ഈ സമയത്തിനുള്ളിൽ ക്യാമറ മാറ്റി കഴിഞ്ഞിട്ടുണ്ടാകും. അതിനാൽ ഒന്നുകിൽ ചിത്രം പതിഞ്ഞിട്ടുണ്ടാകില്ല, അല്ലെങ്കിൽ ബ്ലർ ചെയ്ത ചിത്രം അയിരിക്കും പതിഞ്ഞിട്ടുണ്ടാകുക. ഇനി നൈറ്റ് മോഡിൽ ആണെങ്കിൽ ക്യാമറ എവിടെയെങ്കിലും ഉറപ്പിക്കാൻ സാധിക്കുമോ എന്ന് നോക്കുക. കാറണം നൈറ്റ് മോഡിൽ കൂടുതൽ പ്രകാശത്തെ ശേഖരിക്കാൻ വേണ്ടി ഷട്ടർ കൂടുതൽ സമയം തുറന്ന്പിടിക്കപ്പെടും, അതിനിടയിൽ ക്യാമറ അനങ്ങിയാൽ ചിത്രം ബ്ലർ ആയിപ്പോകും
5. ആവശ്യമില്ലാത്തപ്പോൾ ഫ്ലാഷ് ഒഴിവാക്കുക.
ഏതൊരു ഘടകത്തെയും അതിന്റെ സ്വാഭാവികമായ പ്രകാശസന്നിവേശത്തിൽ ചിത്രീകരിക്കുമ്പോഴാണ് ഏറ്റവും മികച്ച ചിത്രങ്ങൾ ലഭിക്കുന്നത്. അതിനാൽ സ്വാഭാവികമായ അവസ്ഥയിൽ തന്നെ ചിത്രങ്ങൾ എടുക്കുവാൻ പരമാവധി ശ്രമിക്കുക. ഒപ്പം മുറിയുടെ ഉള്ളിൽ വച്ചും ഒക്കെ ഫ്ലാഷ് ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തുമ്പോൾ വളരെ അരോചകമായ നിഴലുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ വളരെ സൂക്ഷിച്ച് മാത്രം ഫ്ലാഷ് ഉപയോഗിക്കുക.
No comments:
Post a Comment