Ind disable

Wednesday, 10 April 2013

ബ്ലാക്ക്ബെറിയെ അടുത്തറിയാം.


അല്പകാലം മുൻപ് വരെ നാട്ടിലെ ബിസിനസ്സ് മാഗ്നറ്റുകളുടെ സ്റ്റാറ്റസ് സിംബലിന്റെ ഭാഗമായിരുന്നു Qwerty കീപാഡോടു കൂടിയ ബ്ലാക്ക്ബെറിയുടെ മൊബൈൽ ഫോൺ. ഇപ്പോൾ Qwerty ഫോണുകൾ സർവ്വസാധാരണം ആയെങ്കിലും, ബ്ലാക്ക്ബെറിയുടെ ആ പഴയ പ്രൌഡിക്കും, പ്രതാപത്തിനും കാര്യമായ മാറ്റം വന്നിട്ടില്ല. ഇപ്പോൾ കൈയ്യിൽ പിടിക്കുന്നതിലല്ല, മറിച്ച് ഫേസ്ബുക്കിൽ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുമ്പോൾ വരുന്ന ബ്ലാക്ക്ബെറി സിംബലിലാണു ആ പ്രതാപം ഇരിക്കുന്നത് എന്നു മാത്രം.
വിപണിയിലെ ബ്ലാക്ക്ബെറിയുടെ പങ്കാളിത്തം വളരെ കുറഞ്ഞിട്ടുണ്ടെങ്കിലും ആ‍ പഴയ സ്റ്റാറ്റസ് സിംബൽ രൂപം കാരണം ഇന്നും അവർക്ക് ആരാധകർ ഒരുപാടുണ്ട്. ഇന്നും ബിസിനസ്സ് എക്സിക്യൂട്ടീവ്സ് ബ്ലാക്ക്ബെറി തിരഞ്ഞെടുക്കുന്നത് അതിന്റെ വെറും പ്രതാപം കണ്ടു മാത്രമല്ല, മറിച്ച് ഐഫോണിനെ വെല്ലുന്ന സുരക്ഷിതത്വവും, ബ്ലാക്ക്ബെറി മെസഞ്ചർ സേവനവും കാരണം തന്നെ.
ബ്ലാക്ക്ബെറി ബ്രാ‍ൻഡിന്റെ ഉടമസ്ഥരായ റിസർച്ച് ഇൻ മോഷൻ പൂർണ്ണമായും കോർപ്പറേറ്റ് ബിസിനസ്സ് പ്രൊഫഷണലുകളെ ലക്ഷ്യംവച്ചാണ് അവരുടെ ഉല്പന്നങ്ങൾ പുറത്തിറക്കിയിരുന്നത്. എന്നാൽ അതുകൊണ്ട്മാത്രം പിടിച്ചു നിൽകാൻ കഴിയില്ല എന്നു മനസിലാക്കിയ അവർ ഇപ്പോൾ മികച്ച മൾട്ടീമീഡിയ സൌകര്യങ്ങളുള്ള ഫോണുകളാണ് പുറത്തിറക്കുന്നത്.
ബിസിനസ്സുകാർ ബ്ലാക്ക്ബെറിയെ ഇത്രമേൽ സ്നേഹിക്കാൻ കാരണം അവരുടെ പുഷ്മെയിൽ സംവിധാനം കാരണമാണ്. ഇന്റർനെറ്റ് ഇത്രമേൽ സാധാരണവും, വിലകുറഞ്ഞതും ആകുന്നതിനു മുൻപ് തങ്ങളുടെ ഇമെയിലുകൾ ഏറ്റവും ലളിതവും വേഗത്തിലും ലഭിക്കുന്നതിനാണ് ആളുകൾ ബ്ലാക്ക്ബെറിയെ ആശ്രയിച്ചിരുന്നത്. സെക്കന്റിന് കോടികളുടെ വിലയുള്ള ബിസിനസ്സ് ഡീലുകൾക്കിടയിൽ ഇമെയിൽ കിട്ടാൻ വൈകുന്നതുകൊണ്ട് കഷ്ടപ്പെടുന്ന പാവം ബിസിനസ്സുകാർ വളരെ പെട്ടെന്ന്തന്നെ ബ്ലാക്ക്ബെറിയുടെ ആരാധകരായി. അതായത് നിങ്ങളുടെ ഇമെയിൽ വിലാസത്തിലേക്ക് വരുന്ന ഇമെയിലുകൾ ബ്ലാ‍ക്ക്ബെറിയുടെ സെർവറിൽ ശേഖരിക്കുകയും , ഒപ്പം പ്രത്യേക കോഡിങ്ങ് വഴി അപ്പോൾത്തന്നെ നിങ്ങളുടെ ഫോണിന്റെ ഇൻബോക്സിൽ എത്തിക്കുകയും ചെയ്യും. അതായത് ഒരു SMS ലഭിക്കുന്ന ലാഘവത്തിൽ നിങ്ങൾക്ക് ഇമെയിൽ ലഭിക്കും. സംഗതി ബ്ലാക്ക്ബെറിയുടെ ആയത്കൊണ്ട് സ്വകാര്യ ഇമെയിൽ മറ്റാർക്കെങ്കിലും ലഭിക്കുമോ എന്നോ, ആരെങ്കിലും ഹാ‍ക്ക് ചെയ്യുമോ എന്നൊന്നും ഭയപ്പെടേണ്ട. ലോകം അംഗീകരിച്ച മികച്ച സെക്യൂരിറ്റി സംവിധാനമാണ് അവരുടേത്.
ബ്ലാക്ക്ബെറിയുടെ മറ്റൊരു മികച്ച സേവനമാണ് ബ്ലാക്ക്ബെറി മെസഞ്ചർ. അതായത് നിങ്ങൾ ബ്ലാക്ക്ബെറി യൂസർ ആയി രജിസ്റ്റർ ചെയ്യുമ്പോൽ ലഭിക്കുന്ന പിൻ ഉപയോഗിച്ച് മറ്റ് ബ്ലാക്ക്ബെറി ഉപയോക്താക്കളുമായി പരിധിയില്ലാതെ ചാറ്റ് ചെയ്യാൻ സാധിക്കും, അതും നിങ്ങളുടെ മൊബൈൽ നമ്പറോ, ഇമെയിൽ വിലാസമോ ഒന്നും വെളിപ്പെടുത്താതെ തന്നെ. അതുകൊണ്ടാണല്ലോ ട്രായ് ദിവസം 100 SMS എന്ന നിയന്ത്രണം കൊണ്ടുവന്നപ്പോൾ പെട്ടെന്ന് ബ്ല്ലാക്ബെറിയുടെ ഡിമാന്റ് കൂടിയത്.  ഇതിലും നിങ്ങൾ സെക്യൂരിറ്റിയെ ഓർത്ത് വേവലാ‍തിപ്പെടേണ്ട, കാരണം ഗവണ്മെന്റ് ഏജൻസികൾ പോലും കിണഞ്ഞ് പരിശ്രമിച്ചിട്ടും മെസ്സേജുകൾ ഡീകോഡ് ചെയ്യാൻ സാധിക്കതെ വന്നപ്പോഴാണല്ലോ അവർക്ക് നിയമം മൂലം അതാവശ്യപ്പെടേണ്ടി വന്നത്. ബ്ലാക്ക്ബെറി മെസഞ്ചർ വഴി ചിത്രങ്ങളും, വോയ്സ് നോട്ടുകളും, മറ്റ് ഫയലുകളും കൈമാറ്റം ചെയ്യാൻ സാധിക്കും. ഒപ്പം ഇവ ലഭിച്ചോ ഇല്ലയോ എന്നുള്ളതും അപ്പോൾ തന്നെ അറിയാൻ സാധിക്കും. ഏറ്റവും പുതിയ ബ്ലാക്ബെറി മെസഞ്ചർ 5 പിൻ മാത്രമല്ല QR കോഡിനെയും പിന്തുണക്കുന്നുണ്ട്.
ബ്ലാക്ക്ബെറിയുടെ സെറ്റുകൾ ഇപ്പോൾ വളരെ താഴ്ന്ന വിലനിലവാരം മുതൽ തന്നെ ലഭ്യമാണ്. പാവപ്പെട്ടവന്റെ സ്വർണ്ണം എന്നു പറഞ്ഞപോലെ, ഐഫോൺ വാങ്ങാൻ കാശില്ലാത്തവർക്ക് ഒരു ബ്ലാക്ക്ബെറി കൊണ്ടെങ്കിലും തൃപ്തിപ്പെടാമല്ലോ.
ബ്ലാ‍ക്ക്ബെറിയുടെ മേല്പറഞ്ഞ സേവനങ്ങൾ കമ്പനി സൌജന്യമായാണ് നൽകുന്നതെങ്കിലും നിങ്ങളുടെ സർവീസ് പ്രൊവൈഡർ ചിലപ്പോൾ നിങ്ങളുടെ കഴുത്തറക്കാൻ സാധ്യതയുണ്ട്. പുഷ്മെയിലും, ബ്ലാക്ക്ബെറി മെസഞ്ചറും ലഭിക്കാൻ നിങ്ങൾ കുറഞ്ഞത് 300 രൂപ എങ്കിലും മാസം തോറും മുടക്കേണ്ടി വരും. അതിനാൽ നല്ല്ലവണ്ണം പരിശോധിച്ച് മാത്രം നിങ്ങളുടെ സേവന ദാതാവിന്റെ നിറ്രഞ്ഞെടുക്കുക.

No comments:

Post a Comment