
ചെക്ക് മുഖേനയുള്ള പണമിടപാടുകളില്‍ കൂടുതല്‍ സുരക്ഷിതത്വവും വേഗവും ഉറപ്പാക്കാന്‍ ബാങ്കുകള്‍ പുതിയഇനം ചെക്കുകളിലേക്ക് മാറുന്നു. സി.ടി.എസ് ചെക്കുകള്‍ എന്നാണ് ഇവ അറിയുക (ചെക്ക് ട്രങ്കേഷന്‍ സംവിധാനം - Cheque Truncation System). 2013 ജനവരി ഒന്നുമുതല്‍ ഇത്തരം ചെക്കുകള്‍ വഴി മാത്രമായിരിക്കും ഇടപാടുകള്‍.
നിലവിലുള്ള പഴയ ചെക്കുകള്‍ തിരിച്ചേല്‍പ്പിച്ച് പുതിയ ചെക്കുകള്‍ കൈപ്പറ്റാന്‍ ബാങ്കുകള്‍ അക്കൗണ്ട് ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പഴയ ചെക്കുകള്‍ ദുരുപയോഗം ചെയ്യാതിരിക്കാനാണ് ബാങ്കുകള്‍ അവ തിരിച്ചേല്‍പ്പിക്കാനാവശ്യപ്പെടുന്നത്.
പുതിയ ചെക്ക് അതത് ബാങ്കുകളില്‍ നിന്നല്ല അനുവദിക്കുന്നത്. ഓരോ ബാങ്കിന്റേയും ചെക്ക്ബുക്ക് ഇഷ്യൂ സെന്ററില്‍നിന്ന് അനുവദിക്കുന്ന ചെക്ക് തപാല്‍ മുഖേനയാണ് ലഭിക്കുക. ചെക്കുകള്‍ മുഖേനയുള്ള പണമിടപാട് കൂടുതല്‍ സുരക്ഷയോടെയും വേഗത്തിലുമാക്കാന്‍ സി.ടി.എസ് ചെക്കുകള്‍ക്കാകും. അതുപോലെ ചെക്കുകളിലെ കൃത്രിമവും ദുരുപയോഗവും വലിയതോതില്‍ തടയാനാകും.
നിലവില്‍ സഹകരണ ബാങ്കുകളിലെ ചെക്കുകള്‍ സി.ടി.എസ് സംവിധാനത്തിലായിട്ടില്ല. അതുകൊണ്ട് അവയില്‍ തുടര്‍ന്നും ഇടപാട് നടത്താം.
കളക്ഷന്‍ വേഗത്തിലാകും
ഒരു ബാങ്കില്‍ നല്‍കുന്ന മറ്റൊരു ബാങ്കിന്റെ ചെക്ക് പണമാക്കുന്നതിന് സി.ടി.എസ് സംവിധാനം വരുന്നതോടെ വേഗതയേറും. നിലവില്‍ മൂന്നുദിവസം വരെയെടുത്താണ് കളക്ഷന്‍ ചെക്കുകള്‍ പണമാകുന്നത്. പുതിയ സംവിധാനത്തില്‍ പിറ്റേന്നുതന്നെ പണകൈമാറ്റം നടക്കും. ചെക്ക് നല്‍കിയയാളുടെ അക്കൗണ്ടില്‍ പണമില്ലെങ്കില്‍ ഉടന്‍തന്നെ ചെക്ക് മടങ്ങുകയുംചെയ്യും.
ഇതുപ്രകാരം എളുപ്പത്തില്‍ ചെക്ക് പാസാക്കാനാവുന്നതിനാല്‍ ബന്ധപ്പെട്ടവരുടെ അക്കൗണ്ടില്‍ വളരെ വേഗത്തില്‍ പണമെത്തിക്കാനും കഴിയും. ബാങ്കുകള്‍ക്ക് സമയവും ജീവനക്കാരുടെ ജോലിഭാരവും കുറയ്ക്കാനാകും.
അടുത്ത ജനവരി മുതല്‍ നിലവിലുള്ള ചെക്കുകള്‍ക്ക് സാധുതയില്ലാത്തതിനാല്‍ ദേശസാത്കൃത- വാണിജ്യ ബാങ്കുകളില്‍ അക്കൗണ്ട് ഉള്ള- ചെക്ക്ബുക്ക് ഉപയോഗിക്കുന്ന മുഴുവന്‍ ആളുകളും ഉടന്‍തന്നെ സി.ടി.എസ്. ചെക്ക് കൈപ്പറ്റണം. നിലവിലുള്ള ചെക്ക് ബുക്കുമായി ബാങ്കിലെത്തിയശേഷം ചെക്ക്ബുക്കിനുള്ള അപേക്ഷ (ചെക്ക്ബുക്ക് റിക്വസ്റ്റ്)യില്‍ ഒപ്പ് രേഖപ്പെടുത്തിയശേഷം പേരും മേല്‍വിലാസവും (അക്കൗണ്ട് എടുത്തപ്രകാരമുള്ള മേല്‍വിലാസം) ഇംഗ്ലീഷ് വലിയ അക്ഷരത്തില്‍ എഴുതി നല്‍കുക. ചെക്ക്ബുക്ക് നിലവിലുള്ള മട്ടില്‍ ബാങ്കില്‍ നിന്നല്ല ലഭിക്കുക, മറിച്ച് മൂന്ന്- അഞ്ച് ദിവസത്തിനകം തപാല്‍ മുഖേന, നേരത്തേ നല്‍കിയ മേല്‍വിലാസത്തില്‍ ലഭിക്കും. ഓരോ ബാങ്കിന്റെയും ചെക്ക് ബുക്ക് ഇഷ്യു സെന്ററില്‍നിന്നാണ് ചെക്ക് അനുവദിക്കുന്നത്. അക്കൗണ്ട് നമ്പറും പേരും അച്ചടിച്ച ചെക്കാണ് ലഭിക്കുക.
സുരക്ഷാ മുന്‍കരുതലുകള്‍
വലിയ സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെ ആര്‍ക്ക് വേണമെങ്കിലും എളുപ്പത്തില്‍ കൃത്രിമമായി നിര്‍മിക്കാവുന്നവയാണ് നിലവിലെ ചെക്കുകള്‍. എന്നാല്‍ നിരവധി സുരക്ഷാ മുന്‍കരുതലുകള്‍ ഉള്‍പ്പെടുത്തിയാണ് സി.ടി.എസ് ചെക്കുകള്‍ തയ്യാറാക്കിയിരിക്കുന്നത്.
കറന്‍സി നോട്ടുകളിലേതുപോലെ പ്രകാശത്തിനെതിരെ കാണിച്ചാല്‍ തെളിയുന്ന സി.ടി.എസ് ഇന്ത്യ എന്ന വാട്ടര്‍മാര്‍ക്ക്, ചെക്ക് നല്‍കിയ ബാങ്കിന്റെ ലോഗോ, അള്‍ട്രാ വയലറ്റ് രശ്മി ഉപയോഗിച്ച് നോക്കിയാല്‍ മാത്രം കാണുന്ന തരത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒറിജിനലിനെയും വ്യാജനെയും തിരിച്ചറിയാന്‍ ഫോട്ടോകോപ്പി എടുത്താല്‍ മാത്രം തെളിയുന്ന വോയ്ഡ് പാന്റോഗ്രാഫും ഉപയോഗിച്ചിട്ടുണ്ട്. ലെന്‍സ് ഉപയോഗിച്ച് മാത്രം കാണുന്ന തരത്തില്‍ ബാങ്കിന്റെ പേര് ചെക്കിലാകമാനം രേഖപ്പെടുത്തും. അക്കത്തില്‍ തുകയെഴുതുന്ന കള്ളിയില്‍ രൂപയുടെ ചിഹ്നമുണ്ട്. ഇവ കൂടാതെ ഓരോ ബാങ്കും പ്രത്യേകമായി സുരക്ഷാ ക്രമീകരണങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.
ചുരുക്കത്തില്‍, ഒരു ചെക്കില്‍ സെക്യൂരിറ്റി പ്രിന്ററുടെ വിവരം, ഐ.എഫ്.എസ് കോഡ് സഹിതം ബാങ്ക് ശാഖയുടെ മേല്‍വിലാസം, അള്‍ട്രാവൈലറ്റില്‍ ബാങ്ക് ലോഗോ, സി.ടി.എസ് ഇന്ത്യ അടയാളം, തിയ്യതി എഴുതാനുള്ള കള്ളി, രൂപയുടെ ചിഹ്നം, അക്കൗണ്ട് ഉടമയുടെ പേര്, അക്കൗണ്ട് നമ്പര്‍, വോയ്ഡ് പാന്റോഗ്രാഫ്, ചെക്ക് നമ്പര്‍, എം.ഐ.സി.ആര്‍ കോഡ്, എം.ഐ.സി.ആര്‍ റീഡ് ബാന്റ്, സൂക്ഷ്മ അക്ഷരത്തില്‍ ബാങ്കിന്റെ പേര് എന്നിവ ഒളിഞ്ഞും തെളിഞ്ഞും കാണാം.
തിരുത്തിയ ചെക്കുകള്‍ ഉടന്‍ മടങ്ങും
* സി.ടി.എസ് ചെക്കില്‍ വളരെ സൂക്ഷ്മതയോടെ വേണം വിവരങ്ങള്‍ രേഖപ്പെടുത്താന്‍.
* ചെക്കുകളില്‍ തിരുത്തല്‍ പാടില്ല. തിരുത്തല്‍ നടത്തിയ ചെക്ക് ക്ലിയറിങ് ഹൗസില്‍വെച്ചുതന്നെ മടങ്ങും.
* പേര്, തിയ്യതി, തുക (അക്ഷരത്തിലും അക്കത്തിലും) വ്യക്തമായി രേഖപ്പെടുത്തണം.* തുക എഴുതുമ്പോള്‍ വാക്കുകളുടെയും അക്ഷരങ്ങളുടെയും ഇടയില്‍ സ്ഥലം ഒഴിവിടരുത്.
* തുക അക്ഷരത്തിലെഴുതുമ്പോള്‍ അവസാനം ഓണ്‍ലി എന്നോ മാത്രം എന്നോ എഴുതണം.
* സി.ടി.എസ് ചെക്കില്‍ പേര് അച്ചടിച്ചിരിക്കും. ഒപ്പ് മാത്രം രേഖപ്പെടുത്തുക.
* പുതിയ ചെക്ക് ബുക്കിന് ബാങ്കില്‍ അപേക്ഷ നല്‍കി അഞ്ച്-ഏഴ് ദിവസം കഴിഞ്ഞാണ് ലഭിക്കുക. മുഴുവന്‍ ചെക്കും കഴിയുന്നതിന് മുമ്പുതന്നെ ബാങ്കില്‍ അപേക്ഷ നല്‍കുന്നത് നന്നായിരിക്കും.
* ചെക്കിന്റെ താഴെ ഭാഗത്തുള്ള എം.ഐ.സി.ആര്‍ റീഡ് ബാന്റ് (വെള്ള ഭാഗം) പ്രധാനപ്പെട്ടതാണ്; നമ്പറുകളും. ഇവിടെ എഴുതുകയോ കീറുകയോ ചെയ്യരുത്.
* സി.ടി.എസ് ചെക്ക് കളക്ഷന് അയയ്ക്കുന്ന ദിവസംതന്നെ പണമാകും. ചെക്ക് ബാങ്കിലെത്തിയ ശേഷം അക്കൗണ്ടില്‍ പണം നിക്ഷേപിച്ച് ചെക്ക് പാസാക്കാനാവില്ല. ചെക്കില്‍ രേഖപ്പെടുത്തിയ തിയ്യതിയില്‍ അക്കൗണ്ടില്‍ മതിയായ ബാലന്‍സ് ഉണ്ടോ എന്ന് ഉറപ്പുവരുത്തണം.
* സഹകരണബാങ്കുകളിലെ ചെക്കുകള്‍ നിലവില്‍ സി.ടി.എസ് സംവിധാനത്തിലേക്ക് മാറുന്നില്ല.
No comments:
Post a Comment