പ്രായമാകുന്നത് ഒരു മനുഷ്യജീവിതത്തില്‍ സംഭവിക്കുന്ന സ്വാഭാവിക പ്രക്രിയ മാത്രമാണ്. അതൊരിക്കലും ഒരു രോഗമോ രോഗലക്ഷണമോ അല്ല. എങ്കിലും വാര്‍ദ്ധക്യത്തെ അത്ര പെട്ടെന്ന് അംഗീകരിക്കാന്‍ ആര്‍ക്കും കഴിയില്ല. കാരണം യുവത്വത്തെ മനുഷ്യര്‍ അത്രയധികം സ്‌നേഹിക്കുന്നു. അതുകൊണ്ടു തന്നെ അതിന്റെ സാന്നിദ്ധ്യം ശരീരത്തില്‍ നിന്നും അകന്നു പോകുന്നത് ആരും ഇഷ്ടപ്പെടുന്നില്ല എന്നതാണ് സത്യം. ശരീരത്തില്‍ ഇങ്ങനെ ജരാനരകള്‍ ബാധിക്കാന്‍ എന്തായിരിക്കും കാരണം. ശരീരഭാഗങ്ങള്‍ക്കു നാശം വരുത്തുന്ന ചില ഫ്രീ റാഡിക്കലുകള്‍ ഉണ്ട്. ഇവയെ ഒഴിവാക്കുകയാണ് പ്രായാധിക്യത്തെ തടയാനുള്ള മാര്‍ഗ്ഗം. ഇതിനു സഹായിക്കുന്നവയാണു നിരോക്‌സീകാരികള്‍ അഥവാ ആന്റി ഓക്‌സിഡന്റുകള്‍. ഉണക്കമുന്തിരിങ്ങ, നെല്ലിക്ക, എള്ളെണ്ണ, അശ്വഗന്ധം, മാതളനാരങ്ങ, മഞ്ഞള്‍ തുടങ്ങി ഒട്ടനേകം പ്രകതിദത്ത ഔഷധങ്ങള്‍ നിരോക്‌സീകാരികളുടെ കലവറയാണ്. ഇവയെല്ലാം തന്നെ നമുക്ക് വീട്ടില്‍ തന്നെ ലഭ്യമാകുന്നവയുമാണ്.
വാര്‍ദ്ധക്യമെന്നത് ഒരനിവാര്യതയാണ്. അതൊഴിവാക്കാനാവില്ല. പക്ഷേ പ്രായമാകുന്ന പ്രക്രിയയെ പ്രതിരോധിക്കുകയും അതിനെ സാവധാനത്തിലാക്കുകയും ചെയ്യുന്ന നിരവധി മാര്‍ഗ്ഗങ്ങള്‍ ആയുര്‍വേദത്തിലുണ്ട.് അതിനുള്ള ചില വഴികളാണ് താഴെ പറയുന്നത്.
നിത്യയൗവനത്തിന് ലഘുനസ്യം
അണുതൈലം, ക്ഷീരബല തുടങ്ങിയവയാണ് സാധാരണ നസ്യത്തിന് ഉപയോഗിക്കുന്നത്. എന്നാല്‍ യുവത്വം സൂക്ഷിക്കാന്‍ ശുദ്ധീകരിച്ച വേപ്പെണ്ണയാണു നസ്യത്തിന് ഉത്തമം. വിപണിയില്‍ ലഭിക്കുന്ന വേപ്പെണ്ണ ഉപയോഗിക്കാതിരിക്കുക. ശുദ്ധമായ വേപ്പെണ്ണ വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ കഴിയും. ഇതിന് ഉണങ്ങിയ വേപ്പിന്‍ കുരു വെള്ളത്തിലിട്ട് തിളപ്പിച്ചു മുകളില്‍ പൊങ്ങുന്ന എണ്ണയുടെ അംശം വടിച്ചുമാറ്റി വീണ്ടും തിളപ്പിച്ചു ജലാംശം മാറ്റി എടുക്കാം. നസ്യം വഴി ശരീരത്തിനു കിട്ടുന്ന ഗുണം ശുദ്ധിയാണ്. ശുദ്ധിയാണ് ആരോഗ്യം എന്നു കരുതുമ്പോള്‍ അശുദ്ധിയാണ് രോഗം എന്നു തിരിച്ചറിയുക. ശുദ്ധീകരണത്തിനുള്ള മാര്‍ഗങ്ങളെ കേരളത്തില്‍ ശോധനചികിത്സ അല്ലെങ്കില്‍ പഞ്ചകര്‍മ ചികിത്സ എന്നാണു പറയുന്നത്. നിരൂഹം (കഷായ വസ്തി) വമനം (ഛര്‍ദിപ്പിക്കല്‍), വിരേചനം(ഔഷധങ്ങളുപയോഗിച്ചു വയറിളക്കല്‍ ), നസ്യം (മൂക്കിലൂടെയുള്ള ഔഷധപ്രയോഗം) രക്തമോക്ഷം(ചോര കളയല്‍) ഇവയാണ് അഞ്ചു ശോധനമാര്‍ഗങ്ങള്‍. ഇവയില്‍ വീട്ടില്‍ ചെയ്യാവുന്ന നസ്യം ചെയ്യേണ്ടവിധമാണ് താഴെ പറയുന്നത്. തോളുകള്‍ക്കു താഴെ തലയണ വച്ചു കിടന്നു മൂന്നു തുള്ളി വീതം ശുദ്ധീകരിച്ച വേപ്പെണ്ണ രണ്ടു മൂക്കിലും ഒഴിക്കുക. ക്രമമായി ശ്വാസം ഉള്ളിലേക്കു വലിക്കുക. 15 മിനിറ്റ് സമയം അങ്ങനെ കിടക്കുക. കഫം വരുന്ന പക്ഷം വശം ചരിഞ്ഞു തുപ്പികളയുക. ഇതു ശീലിച്ചാല്‍ മുടി നരയ്ക്കാതെയും ചര്‍മം ചുളുങ്ങാതെയും കാഴ്ച മങ്ങാതെയും സൂക്ഷിക്കാം.
വിരേചനം
വീട്ടില്‍ത്തന്നെ ചെയ്യാവുന്ന മറ്റൊരു ശുദ്ധീകരണമാണു വിരേചനം അഥവാ വയറിളക്കല്‍. ആവണക്കെണ്ണ ചേര്‍ന്ന മരുന്നുകള്‍, ചെന്നാമുക്കി, ത്രിഫലചൂര്‍ണം തുടങ്ങിയ ഔഷധങ്ങള്‍ ലഭ്യമാണ്. എന്നാല്‍ ഏവര്‍ക്കും ഉപയോഗിക്കാവുന്നതാണ് അവിപത്തിചൂര്‍ണം. ഇത് വൈദ്യനിര്‍ദേശാനുസരണം കഴിക്കുന്നതാണ് ഉചിതം. എന്നാല്‍ മറ്റു രോഗങ്ങളില്ലാത്ത പ്രായപൂര്‍ത്തിയായവര്‍ക്ക് 20- 25 ഗ്രാം വരെ തേനിലോ ചൂടൂവെള്ളത്തിലോ ചേര്‍ത്തു കഴിക്കാം. രാവിലെ വെറും വയറ്റില്‍ കഴിക്കുന്നതാണ് ഉത്തമം. രുചിക്ക് അര ടീസ്പൂണ്‍ വീതം ഇഞ്ചിനീരും നാരങ്ങാനീരും ആവശ്യത്തിനു തേനും ചേര്‍ത്ത് ഉപയോഗിക്കാം. മരുന്നു കഴിച്ചു കഴിഞ്ഞ് ഒരു ഗ്ലാസ് തിളയ്ക്കാത്ത ചൂടുവെള്ളം കുടിക്കുക. ഓരോ പ്രാവശ്യം മലശോധനയ്ക്കുശേഷം ചൂടുവെള്ളം കുടിക്കുക. ജലാശം മാത്രമായി കാണുമ്പോള്‍ ഉപ്പിട്ടു കഞ്ഞികുടിക്കുക. അന്നേ ദിവസം വിശ്രമവും ലഘുഭക്ഷണവും മതി. പകലുറക്കം വേണ്ട. ഇപ്രകാരം മാസത്തിലൊരിക്കലോ കാലാവസ്ഥാമാറ്റങ്ങളിലോ ചെയ്യാവുന്നതാണ്.
രസായനങ്ങള്‍ ശീലമാക്കാം
ദിവസവും ത്രിഫല കഴിച്ചാല്‍ കണ്ണിനും ത്വക്കിനും തിളക്കം കിട്ടും. ഏഴു ശരീരധാതുക്കളെ പുഷ്ടിപ്പെടുത്തുന്നതാണു രസായനം. ഇതു കുടിപ്രാവേശികം, വാതാതപികം എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്. .പ്രത്യേകം തയാറാക്കിയ വാസ്തുവിദ്യാനുസൃതമായ കുടിയില്‍ (ഗൃഹത്തില്‍)പ്രവേശിച്ചു കാറ്റും വെളിച്ചവും ഏല്‍ക്കാതെ ഒരു പ്രത്യേകകാലം താമസിച്ചു കര്‍ശന പത്ഥ്യക്രമങ്ങളോടെ പ്രത്യേകം തയാറാക്കിയ ഔഷധങ്ങളില്‍ ചെയ്യുന്നതാണു കുടിപ്രാവേശിക രസായന ചികിത്സ. എന്നാല്‍ താരതമ്യേന പ്രയാസരഹിതമാണു വാതാതപിക രസായനം. ച്യവനപ്രാശം ബ്രാഹ്മരസായനം തുടങ്ങിയവ ദിവസവും അത്താഴപ്പഥ്യമായി ഒരു ടീസ്പൂണ്‍ ശീലിക്കുന്നത് അത്യുത്തമമാണ്. എന്നാല്‍ പ്രമേഹരോഗികള്‍ ശര്‍ക്കര ചേരുന്ന രസായനങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നതാണു നല്ലത്.
നന്നായി ഉറങ്ങുക
ഉറക്കം ശരിയായില്ലെങ്കില്‍ എല്ലാവര്‍ക്കും പറഞ്ഞറിയിക്കാന്‍ കഴിയാത്ത ബുദ്ധിമുട്ടാണ്. ആകെ തലയ്ക്ക് മന്ദത പിടിച്ചതു പോലെയാകും. അതുകൊണ്ടു തന്നെ ആവശ്യമുള്ള സമയം നന്നായി ഉറങ്ങുക എന്നത് നല്ല ആരോഗ്യശീലങ്ങളില്‍ ഒന്നാണ്. പ്രായപൂര്‍ത്തിയായ ഒരാള്‍ ആറു മുതല്‍ എട്ടു മണിക്കൂര്‍ വരെയെങ്കിലും ഉറങ്ങണം. ശരിയായ ഉറക്കമില്ലായ്മ ആധുനിക ജീവിതത്തിന്റെ മുഖമുദ്രയാണ്. വിവിധ പ്രായക്കാര്‍ക്ക് അവരുടെ പ്രായത്തിനനുസരിച്ച ഉറക്കമാണു വേണ്ടത്. കുട്ടികളും വൃദ്ധജനങ്ങളും കൂടുതല്‍ സമയം ഉറങ്ങേണ്ടവരാണ്. എന്നാല്‍ പകലുറക്കം ആയൂര്‍വേദ അഭിപ്രായമനുസരിച്ച് നിഷിദ്ധമാണ്. പകലുറക്കം കഫവും മേദസും വര്‍ധിപ്പിക്കുകയും ശരീരത്തെ തടിപ്പിക്കുകയും ചെയ്യും. എന്നാല്‍ ഇരുന്നുള്ള ചെറിയ മയക്കം ആവാം. അതു 30 മിനിറ്റില്‍ താഴെയെങ്കില്‍ വളരെ നന്ന്. രാത്രി ഉറങ്ങാന്‍ സാധിക്കാത്തവര്‍ക്ക് അടുത്ത പകല്‍ അത്രയും സമയം ഉറങ്ങാം. സാധാരണയായി പ്രായപൂര്‍ത്തിയായ ആരോഗ്യവാനായ വ്യക്തിക്ക് ആറു മുതല്‍ എട്ടു വരെ മണിക്കൂര്‍ ഉറക്കം അത്യാവശ്യമാണ്. ഇത്രയും ഉറങ്ങാത്തപക്ഷം ആരോഗ്യകരമല്ല. ഉറക്കം കിട്ടാത്തവര്‍ ക്ഷീരബലം 101 ആവര്‍ത്തിച്ചത് ചൂടാക്കിയ ശേഷം ഉള്ളംകാലില്‍ പുരട്ടുക. വലിയ ചന്ദനാദിതൈലം, ഹിമസാഗര തൈലം തുടങ്ങിയവ തലയില്‍ തേച്ചുകുളിക്കുന്നതും ഉറക്കം കിട്ടാന്‍ സഹായിക്കും.
ഉണരൂ, ബ്രാഹ്മമുഹൂര്‍ത്തത്തില്‍ തന്നെ
ആരോഗ്യവാനായ ഒരാള്‍ തന്റെ ആരോഗ്യരക്ഷയ്ക്കായി ഉറക്കമുണരേണ്ടത് ബ്രാഹ്മമുഹൂര്‍ത്തത്തിലാണ്. വെളുപ്പിന് ഏകദേശം നാലിനും അഞ്ചിനും ഇടയിലാണ് ഈ സമയം. സൂര്യോദയത്തിനുശേഷം കഫകാലം ആരംഭിക്കുന്നതിനാല്‍ അതിനു മുമ്പു തന്നെ ഉറക്കമുണരുന്നത് ശരീരത്തിനും മനസ്സിനും ലാഘവവും ഊര്‍ജസ്വലതയും നല്‍കും. മാത്രവുമല്ല ആദ്യ സൂര്യരശ്മികള്‍ പ്രകൃതിയിലുണ്ടാക്കുന്ന മാറ്റങ്ങള്‍ക്കും പക്ഷികളുടെ കളകൂജനങ്ങള്‍ക്കും സാക്ഷിയായി ഒരു സുന്ദരദിനം നിങ്ങള്‍ക്കാരംഭിക്കാം. കാലത്തെ ഉണരുന്നത് ഉന്‍മേഷഭരിതമായ ഒരു പ്രഭാതത്തിലേക്കു നിങ്ങളെ കൂട്ടിക്കൊണ്ടുപോകുമെന്നത് തീര്‍ച്ചയാണ്.
ഭക്ഷണം ചിട്ടയോടെ മാത്രം
തെറ്റായി ശീലിച്ചാല്‍ നമ്മെ കഴിക്കുന്നതുമാണ് ആഹാരം എന്നാണ് ആയൂര്‍വേദത്തില്‍ പറയുന്നത്. കഴിക്കുന്ന ആഹാരത്തിന്റെ രുചിയുടെ അടിസ്ഥാനത്തില്‍ അതിന്റെ പോഷകഘടനയെ വിലയിരുത്തുന്ന ആയൂര്‍വേദ സങ്കേതം അനന്യമാണ്. മധുരം, പുളി, ഉപ്പ്, എരിവ്, കയ്പ്, കഷായം (ചവര്‍പ്പ്) എന്നിങ്ങനെയുള്ള ആറു രുചികളില്‍ ആദ്യം പറഞ്ഞവ കൂടുതല്‍ ശരീരബലത്തെ നല്‍കുന്നവയും പുഷ്ടി നല്‍കുന്നവയുമാണ്. എന്നാല്‍ കയ്പ്, ചവര്‍പ്പ്, എരിവ് എന്നിവയാകട്ടെ വാതവര്‍ധനങ്ങളും ശരീരത്തിന്റെ ഭാരം കുറയ്ക്കുന്നവയുമാണ്. ആഹാരം ആറു രുചികളും അടങ്ങുന്നതും എന്നാല്‍ പ്രധാന്യേന മധുരവുമായിരിക്കേണം എന്നാണ് ആയൂര്‍വേദ നിര്‍ദേശം.
എന്നാല്‍ ഇവിടെ ഉദേശിക്കുന്ന മധുരരസം പഞ്ചസാരയുടെ മധുരമല്ല, മറിച്ചു ധാന്യങ്ങളുടെയും പഴങ്ങളുടെയും പാലുല്‍പന്നങ്ങളുടെയുമൊക്കെ സ്വാഭാവികമായ മധുരമാണ്. എന്ത് ആഹാരമാണു കഴിക്കുന്നത് എന്നതുപോലെ പ്രധാനമാണ് എങ്ങനെ ആഹാരം കഴിക്കുന്നു എന്നതും. കഴിക്കുന്ന ആഹാരത്തില്‍ തന്നെ മനസ്സിരുത്തണം . മറ്റു കാര്യങ്ങള്‍ ശ്രദ്ധിച്ച് ആഹാരം കഴിക്കരുത്. കഴിക്കുന്ന ആഹാരം ശരിയായ മാത്രയിലുള്ളതാവണം. ആഹാരം പരമാവധി രണ്ടുഭാഗവും ജലം ഒരു ഭാഗവും ആമാശയത്തിന്റെ നാലിലൊരുഭാഗം ശൂന്യമായും ആണെങ്കില്‍ ദഹനപ്രവര്‍ത്തനം സുഗമാവും .അതുകൊണ്ടുതന്നെ അമിതമായ അളവിലുള്ള ആഹാരം ഒഴിവാക്കണം.
ചെറുപ്പം സൂക്ഷിക്കാന്‍ ഭക്ഷണങ്ങള്‍
ചെറുപ്പം സൂക്ഷിക്കാന്‍ എല്ലാ ദിവസവും കഴിക്കുവാന്‍ ആയൂര്‍വേദം നിര്‍ദേശിക്കുന്ന ആഹാരപദാര്‍ഥങ്ങള്‍ ഇവയാണ്.
ചെന്നല്ലരി – തവിടോടുകൂടിയത്. നാരുകളടങ്ങിയതിനാലും തവിടിന്റെ പോഷകസമൃദ്ധിയാലും പ്രധാനം. ഗോതമ്പ്- ശരീരബലത്തെ വര്‍ധിപ്പിക്കുന്നു. ദൃഢതയുണ്ടാക്കുന്നു. തവിടോടുകൂടിയ ഗോതമ്പുപൊടിയും അതുകൊണ്ടുണ്ടാക്കുന്ന റൊട്ടി, ചപ്പാത്തി മുതലായ ആഹാരങ്ങളും അതുപോലെ മുഴുവന്‍ ധാന്യം കൊണ്ടുണ്ടാകുന്ന ബ്രഡും ആരോഗ്യത്തിനും യുവത്വം നിലനിര്‍ത്തുന്നതിനും അഭികാമ്യം. മൈദ, ആട്ട എന്നിവ ഒഴിവാക്കുകയാണു നല്ലത്. യവം -ഈ ധാന്യം ബാര്‍ലി എന്ന നിലയിലാണ് അറിയപ്പെടുന്നത്. ഗോതമ്പുപോലെയുള്ള ഒരു ചെറിയ ധാന്യത്തെയും യവമായി ഗണിക്കാറുണ്ട്. ബാര്‍ലി സ്ഥിരമായി ഉപയോഗിക്കുന്നതു വളരെ ആരോഗ്യപ്രദമാണ്. മൂത്രാശയ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തും. ദഹനം എളുപ്പമാക്കും. ക്ഷീണം മാറ്റും. ഇങ്ങനെ പല ഗുണങ്ങളുണ്ട് ഈ ധാന്യത്തിന്. ബാര്‍ലിയരി കഞ്ഞിയായും ബാര്‍ലി ചേര്‍ത്ത സൂപ്പായും ഒക്കെ നിത്യവും ഉപയോഗിക്കാം.
ഞവരയരി -ഞവരക്കിഴിയുടെയും കര്‍ക്കടകക്കഞ്ഞിയുടെയും ഷാഷ്ടിക തൈലത്തിന്റെയും ഒക്കെ പ്രധാനഘടകം. ത്വക്കിലൂടെപ്പോലും ഞവര ശരീരത്തെ പുഷ്ടിപ്പെടുത്തുന്നു എന്നതിന് ഉദാഹരണമാണു കേരളത്തില്‍ നിലനില്‍ക്കുന്ന ഞവരതേപ്പ് എന്ന ചികിത്സാവിധി. ഞവര അരി കഞ്ഞിയായും ചോറായും കഴിക്കുന്നതു നിങ്ങളുടെ പ്രായം കുറയ്ക്കും. ജാംഗലമാംസം -ഇതു ജലാംശം കുറവുള്ള ദേശത്തുണ്ടാകുന്ന വിവിധ ജീവികളുടെ മാംസമാണ്. ആയൂര്‍വേദ ശാസ്ത്രത്തിന്റെ വിശാലമായ കാഴ്ചപ്പാടിന് ഉദാഹരണവുമാണു ജലാംശദേശത്തുനിന്നുള്ള മാംസം ഉപയോഗിക്കുന്നതിനുള്ള വിധി.
നമ്മുടെ നാട് ജലത്താലും ജലാശയങ്ങളാലും സമൃദ്ധമായതിനാല്‍ കഫപ്രധാനമായ പ്രദേശമാണ്. എന്നാല്‍ അന്തരീക്ഷത്തിലും പ്രകൃതിയിലും ജലാംശം കുറഞ്ഞ മരുഭൂമിക്കു സമാനമായ ദേശത്തുണ്ടാകുന്ന മാംസം ഏറ്റവും ഉത്തമമാണ്. ഇതിന് ഉദാഹരണം ഉണക്കുള്ള പ്രദേശങ്ങളില്‍ വളരുന്ന മാന്‍ , മുയല്‍ ,ആട്, തുടങ്ങിയവയുടെ മാംസമാണ്. എന്നാല്‍ സാമന്യമായി നമുക്ക് ഇന്നു ലഭിക്കുന്ന മാംസങ്ങള്‍ ഒന്നും തന്നെ നിത്യമുള്ള ഉപയോഗത്തിനു വിധിയുള്ളവയല്ല. എന്നാല്‍ മുയല്‍ , ആട് ഇവയുടെ മാസം പ്രത്യേകിച്ച് അവ പ്രകൃതിദത്തമായ രീതിയില്‍ വളരുന്നവയെങ്കില്‍ ഹിതകരമാണ്.
ചെറിയ മുള്ളങ്കി – ത്വക്‌ദോഷഹരവും വിശപ്പുണ്ടാക്കുന്നതുമാണു ചെറിയ മുള്ളങ്കി. ഇവ സലാഡുകളില്‍ ഉള്‍പ്പെടുത്തുന്നതു യുവത്വം നിലനിര്‍ത്താന്‍ സഹായിക്കും.
പച്ചച്ചീര- കൃത്രിമവളങ്ങളുപയോഗിക്കാത്ത പച്ചച്ചീര എല്ലാ ദിവസവും ആഹാരത്തില്‍ ഉള്‍പ്പെടുത്താവുന്ന വസ്തുവാണ്. മലശോധനയ്ക്കു സഹായിക്കുന്നു. പോഷകങ്ങളുടെ കലവറയാണിത്. കണ്ണുകള്‍ക്കും ത്വക്കിനും വളരെ നല്ലതാണ് ഈ ചീര.
നെല്ലിക്ക- പോറ്റമ്മയെപ്പോലെ പരിപാലിക്കുന്ന ഔഷധമാണു നെല്ലിക്ക. രസായനങ്ങളില്‍ നെല്ലിക്കയുടെ പ്രയോഗം സാധാരണമാണ്. ഇതു പച്ചയ്ക്കും നീരെടുത്തും ഉപയോഗിക്കാം. ചുവന്ന മുളകു ചേര്‍ക്കാതെയും ധാരാളം വെളുത്തുള്ളി ചേര്‍ത്തുമുള്ള നെല്ലിക്ക അച്ചാര്‍ രുചിപ്രദവും ആരോഗ്യദായകവുമാണ്. എന്നാല്‍ അച്ചാര്‍ രൂപത്തില്‍ ദിവസവും ഉപയോഗിക്കുവാന്‍ വിധിയില്ലതാനും. നെല്ലിക്ക പോലെതന്നെ കടുക്കായും ഉത്തമമാണ്.
ഉണക്ക മുന്തിരിങ്ങ -കുരുവോടുകൂടിയ ഉണക്കമുന്തിരിങ്ങ പ്രമേഹനിയന്ത്രണത്തിനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും സഹായിക്കും. ഫലങ്ങളില്‍ ഏറ്റവും ഉത്തമമായ മുന്തിരിങ്ങയില്‍ ഉള്ള റെസ്‌വെറാറ്റോള്‍ എന്ന ഘടകം നിരോക്‌സീകാരിയും ആയൂര്‍ദൈര്‍ഘ്യം കൂട്ടുന്നതുമാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
പടവലം -ധാരാളം നാരുകള്‍ അടങ്ങിയതും ത്വക് രോഗശമനവുമാണു പടവലം . ഇതു മലശോധനയെ ത്വരിതപ്പെടുത്തുകയും ദഹനവ്യവസ്ഥയെ സഹായിക്കുകയും ചെയ്യും.
ചെറുപയര്‍ – പയര്‍വര്‍ഗത്തില്‍ തന്നെ ദഹിക്കുവാന്‍ ഏറ്റവും എളുപ്പമുള്ളതും പോഷകഗുണമുള്ളതുമാണു ചെറുപയര്‍. ചെറുപയര്‍ മുളപ്പിച്ചതു പുഴുങ്ങി ഉപയോഗിക്കുന്നതും സാമ്പാര്‍ പരിപ്പിനു പകരം ചെറുപയര്‍ പരിപ്പ് ഉപയോഗിച്ചു സാമ്പാര്‍ ഉണ്ടാക്കുന്നതും ഉഴുന്നിനു പകരം ചെറുപയര്‍ അരച്ചു ദോശയും ഇഡ്ഡലിയുമൊക്കെ ഉണ്ടാക്കുന്നതുമെല്ലാം നല്ല ആഹാരശീലങ്ങളാണ്.
പ്രകൃതിദത്തമായ പഞ്ചസാര – ഇതു മാര്‍ക്കറ്റില്‍ ലഭിക്കുന്ന വെളുത്ത പഞ്ചസാരയല്ല. എന്നാല്‍ പനങ്കല്‍ക്കണ്ടം എന്ന പേരില്‍ അറിയപ്പെടുന്ന പ്രകൃതിദത്ത പഞ്ചസാര എല്ലാ ദിവസവും ഉപയോഗിക്കാം.
നെയ്യ്- ശുദ്ധമായ പശുവിന്‍നെയ്യ് ആരോഗ്യത്തിന് അത്യുത്തമമാണ്. ബുദ്ധി ,ഓര്‍മ, ധാരണാശക്തി, കണ്ണുകളുടെ ബലം ഇവ ഉറപ്പു വരുത്താന്‍ ഇതിലും നല്ല ഔഷധമില്ല. മാത്രവുമല്ല, വയസഃസ്ഥാപനം അതായതു യൗവനത്തെ നിലനിര്‍ത്തുന്നത് എന്ന വിശേഷഗുണം ഉരുക്കുനെയ്യിന് ഉള്ളതായി അഷ്ടാംഗഹൃദയകാരന്‍ അഭിപ്രായപ്പെടുന്നു. ദിവ്യോദകം (ശുദ്ധജലം)പകല്‍ സൂര്യപ്രകാശമേല്‍ക്കുന്നതും രാത്രി ചന്ദ്രന്റെ കിരണങ്ങളേല്‍ക്കുന്നതും കാലംകൊണ്ടു പക്വമായതും അഗസ്ത്യനക്ഷത്രത്തിന്റെ ശോഭകൊണ്ടു വിഷാംശം കളഞ്ഞതുമായ ഹംസോദകം ആണു പഠനത്തിന് ഏറ്റവും ശ്രേഷ്ഠം. മലിനമാകാത്ത കിണറുകളില്‍ നിന്നും ലഭിക്കുന്ന ജലം ഏകദേശം ഈ ഗുണങ്ങളുള്ളതാണ്.
പാല്‍ – ശുദ്ധമായ പശുവിന്‍പാലും ആട്ടിന്‍പാലും ദിവസവും ഉപയോഗിക്കാം. ആട്ടിന്‍പാല്‍ പ്രത്യേകിച്ചു കഫാധിക്യമുള്ളവരില്‍ ഹിതമാണ്. എന്നാല്‍ അധികമായ അളവിലും തെറ്റായ രീതിയിലും പാല്‍ ഉപയോഗിക്കുന്നതു നന്നല്ല. ഉദാഹരണത്തിനു കഫസംബന്ധമായ രോഗമുള്ള കുട്ടികളെ നിര്‍ബന്ധിച്ചു വലിയ അളവു പാല്‍ കുടിപ്പിക്കുന്നതും അതുപോലെതന്നെ പാല്‍ ചേര്‍ത്ത ചായയോടൊപ്പം നാരങ്ങനീരോ ഓറഞ്ച് ജ്യൂസോ കഴിക്കുന്നതുമൊക്കെ നല്ലതല്ല. ക്ഷതമുണ്ടായവര്‍ക്കും ക്ഷീണമുള്ളവര്‍ക്കുമൊക്കെ അമൃതാണു ശുദ്ധമായ പശുവിന്‍പാല്‍. ശരിയായ അളവിലും രീതിയിലും പാല്‍ ഉപയോഗിക്കുന്നതു യുവത്വം സൂക്ഷിക്കാന്‍ സഹായിക്കും.
തേന്‍- പ്രകൃതിയില്‍ ലഭിക്കുന്ന ഏറ്റവും ശക്തമായ ആന്റിബയോട്ടിക്കാണു തേന്‍. ഏറ്റവും പ്രകൃതിദത്തമായ മാധുര്യത്തിന്റെ ഉറവിടവും. അധികമായ അളവില്‍ തേന്‍ മലബന്ധമുണ്ടാക്കാം. എന്നാല്‍ ചെറിയ അളവുകളില്‍ ഉപയോഗിച്ചാല്‍ കഫത്തെ കുറയ്ക്കും. കൊഴുപ്പിനെ അകറ്റും. വനങ്ങളില്‍ നിന്നും ലഭിക്കുന്ന ശുദ്ധമായ ചെറുതേനാണ് ഉത്തമം. സ്ഥിരമായി തേന്‍ ശീലിക്കുന്നതും പ്രായം കുറയ്ക്കും. മാതളപ്പഴം -നിരോക്‌സീകാരിയും ജീവകങ്ങളുടെയും ധാതുക്കളുടെയും ഉറവിടവുമാണ് ഈ ഫലം. എല്ലാ രോഗാവസ്ഥകളിലും ഇതിന്റെ നീര് കഴിക്കാവുന്നതാണ്. ഇതിന്റെ തോടാവട്ടെ ദഹന വൈഷമ്യങ്ങളിലും അതിസാരം, ഗ്രഹണി എന്നീ രോഗങ്ങളിലും ഔഷധമാണ്. മാതളപ്പഴം സ്ഥിരമാക്കുന്നതു ശരീരത്തിന്റെ ക്ഷീണത്തെ അകറ്റുന്നതിനും ഊര്‍ജസ്വലതയ്ക്കും ഉത്തമമാണ.് ഇന്തുപ്പ് -ഉപ്പുകളില്‍ ഏറ്റവും ശ്രേഷ്ഠമാണ് ഇന്തുപ്പ് .പൊട്ടസ്യത്തിന്റെയും പ്രകൃതിദത്ത ധാതുലവണങ്ങളുടെയും ഒരു വലിയ കലവറയാണ് ഇന്തുപ്പ്. സാധാരണ നാം കഴിക്കുന്ന കറിയുപ്പിനു പകരം ഇന്തുപ്പ് ശീലിക്കുന്നത് ആരോഗ്യം ,ഓര്‍മ, ബുദ്ധി എന്നിവ എക്കാലവും നിലനിര്‍ത്താന്‍ സഹായകമാണ്.
എണ്ണ തേച്ചു കുളി ശീലമാക്കൂ
എണ്ണ തേച്ചു കുളി ശരീരത്തിനു നല്ല ഉന്‍മേഷം നല്‍കുന്ന ഒന്നാണ്. അത് നിത്യേന ശീലമാക്കുകയും വേണം.
തലയിലും ദേഹത്തും എണ്ണതേച്ചു കുളിച്ചാല്‍ ചര്‍മത്തിനു തിളക്കം കിട്ടും. കേരളത്തില്‍ പാരമ്പര്യമായി പ്രചുരപ്രചാരമുള്ള ഒന്നാണു തലയിലും ദേഹത്തും എണ്ണ തേച്ചുള്ള ഈ സ്‌നാനം.
ശനിയാഴ്ചകളിലും ബുധനാഴ്ചകളിലും പുരുഷന്‍മാര്‍ക്കും ചൊവ്വ, വെള്ളി ദിവസങ്ങളില്‍ സ്ത്രീകള്‍ക്കും തേച്ചുകുളി ആവാമെന്നാണു പരമ്പരാഗതമായ വിധി. എന്നാല്‍ അഷ്ടാംഗഹൃദയം എണ്ണ തേച്ചുള്ള കുളി ആരോഗ്യമുള്ളവര്‍ക്ക് എന്നും ദിനചര്യയുടെ ഭാഗമായി വിധിക്കുന്നു. ശിരസ്, ചെവി, പാദങ്ങള്‍ ഈ ഭാഗങ്ങളില്‍ വിശേഷിച്ചു തൈലം പുരട്ടണം. ചെവിയില്‍ എണ്ണ തേക്കുന്നത് കാലുകള്‍ക്കു തണുപ്പേകും. കാലടികളില്‍ എണ്ണ തേക്കുന്നത് നേത്രരോഗങ്ങളകറ്റും. പല്ലിനുണ്ടാകുന്ന രോഗങ്ങളെ ശമിപ്പിക്കാന്‍ കണ്ണില്‍ എണ്ണ തേക്കണം. തൈലം പുരട്ടിയശേഷം ശരീരം അനുലോമമായി, അതായതു രോമങ്ങള്‍ വളരുന്ന ദിശയില്‍ താഴേക്കു വേണം തടവാന്‍. ഇതു ജരാനരകളെ തടയും. വാതരോഗങ്ങളെ തടുക്കും. സൃഷ്ടിയും പുഷ്ടിയും നല്‍കും. ശരീരത്തിന് ദൃഢതയുമേകും. കഫരോഗങ്ങളുള്ളവര്‍, ദഹനത്തിനു തകരാറുള്ളവര്‍, ഛര്‍ദി, വയറിളക്കം ഇവയുള്ളവര്‍ ഇവര്‍ക്ക് തേച്ചുകുളി നിഷിദ്ധമാണ്. തൈലം പുരട്ടി താഴേക്കു തടവുന്ന അഭ്യംഗവും എണ്ണമെഴുക്കു കളയുന്നതിന് വാകപ്പൊടി, ചെറുപയര്‍പൊടി, മുതിരപൊടി ഇവയിലേതെങ്കിലും ഉപയോഗിച്ചു പ്രതിലോലമമായി അഥവാ മുകളിലേക്കു തടവുന്ന ഉദ്വര്‍ത്തനവും അതിനുശേഷം ഒരു മുങ്ങിക്കുളിയും ആയാല്‍ ഉടന്‍ തന്നെ നിങ്ങള്‍ക്കു പത്തുവയസ്സു കുറഞ്ഞതായി തോന്നാം. ശുദ്ധമായ എള്ളെണ്ണയോ, വൈദ്യനിര്‍ദേശപ്രകാരമുള്ള എണ്ണകളോ ശരീരത്തും തലയിലും ഉപയോഗിക്കാം. പ്രഭാതത്തില്‍ ഉള്ള തേച്ചുകുളികളാണു നല്ലത്. ഇതിനുപയോഗിക്കുന്ന എള്ളെണ്ണ ഏറ്റവും ശക്തിയുള്ള നിരോക്‌സീകാരി ആണ്. എണ്ണ തേച്ചതിനുശേഷം അര മണിക്കൂറെങ്കിലും കഴിഞ്ഞുവേണം കുളിക്കാന്‍ . അതുപോലെ ,ഭക്ഷ#േണം കഴിഞ്ഞയുടന്‍ തന്നെ കുളിക്കരുത്. കുളി കഴിഞ്ഞ് ഒരു മണിക്കൂര്‍ നേരത്തേക്കെങ്കിലും കടുത്ത വെയില്‍ ഏല്‍ക്കാതെ സൂക്ഷിക്കണം
വ്യായാമം ചെയ്യൂ,യുവത്വം നിലനിര്‍ത്തൂ
ദിവസവും നെറ്റി വിയര്‍ക്കുന്നതു വരെ ശാരീരിക വ്യായാമം ചെയ്യണം. കാരണം ചെറുപ്പം നിലനിര്‍ത്തുന്നതിന് ഏറ്റവും അത്യാവശ്യമാണു വ്യായാമം. ഇതും ദിനചര്യയുടെ ഭാഗമായി ആയൂര്‍വേദം ഉപദേശിക്കുന്നതാണ്. നെറ്റി വിയര്‍ക്കുന്നതുവരെ അതായത് അര്‍ധശക്തിയില്‍ വേണം വ്യായാമം എന്നാണ് അഷ്ടാംഗഹൃദയം ഉപദേശിക്കുന്നത്. ബലവാനും ആഹാരത്തില്‍ കൊഴുപ്പ് അഥവാ എണ്ണ ദിവസവും ശീലിക്കുന്നവനും ദിവസവും വ്യായാമത്തിലേര്‍പ്പെടണം. ശീതകാലവും വസന്തകാലവും കൂടുതലായി വ്യായാമം ചെയ്യാം. ആഹാരം കഴിച്ചയുടനെയും “ക്ഷീണിതനും വ്യായാമം ചെയ്യരുത്. അതിവ്യായാമവും ആരോഗ്യത്തിനു നല്ലതല്ല. എന്നാല്‍ ശരിയായ വ്യായാമം യുവത്വത്തെ കാത്തുസൂക്ഷിക്കുന്നു. 30 മുതല്‍ 45 മിനിറ്റുവരെയുള്ള കൈ വീശിയുള്ള നടപ്പ് , സൈക്ലിംഗ്, ജോഗിംഗ്, ഭാരപരിശീലനം, യോഗ, നീന്തല്‍ , എയ്‌റോബിക്‌സ് എന്നിങ്ങനെ വിവിധ വ്യായാമങ്ങളില്‍ നിന്നും അനുയോജ്യമായതു തെരഞ്ഞെടുക്കാം. ഇതില്‍ തന്നെ നടപ്പാണ് ഏറ്റവും ഗുണകരവും ലളിതവും ചെലവുകുറഞ്ഞതുമായ വ്യായാമമാര്‍ഗം . ഏതുപ്രായത്തിലുള്ളവര്‍ക്കും ഉചിതമാണിത്. വ്യായാമം ചെയ്യുന്നതിനു നല്ല ശരീരക്ഷമതയുള്ളവര്‍ക്ക് ജിം, ഭാരപരിശീലനം, എയ്‌റോബിക്‌സ് എന്നിവ ഫലപ്രദമായ വ്യായാമങ്ങളാണ്.
ഹൃദയാരോഗ്യം സൂക്ഷിക്കാന്‍ സൗഹൃദങ്ങള്‍
ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്നൊരു ചൊല്ലുണ്ട്. എന്നാല്‍ നല്ല സൗഹൃദങ്ങള്‍ ഹൃദയത്തിന്റെ ആരോഗ്യത്തിനു ഗുണകരമാണെന്നു കൂടി വന്നാലോ. സൗഹൃങ്ങള്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകമാണ്. നല്ല സൗഹൃദങ്ങള്‍ നമ്മെ ചെറുപ്പക്കാരാക്കും. മിത്രങ്ങളുമായുള്ള നല്ല സമയത്തെ മനുഷ്യശരീരങ്ങള്‍ക്കു തണുപ്പേകുന്ന സാന്ത്വനമാണ.് .നമ്മുടെ സമൂഹത്തിലെ വര്‍ധിച്ച ഹൃദ്രോഗപ്രവണതകളെ ഈ വെളിച്ചത്തിലാണു കാണേണ്ടത്. നല്ല സൗഹൃദങ്ങള്‍ സൂക്ഷിക്കുന്നതും സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുന്നതും. അവരോടൊപ്പം കൊച്ചു വര്‍ത്തമാനങ്ങളും തമാശകളും പറഞ്ഞു പൊട്ടിച്ചിരിക്കുന്നതും ഹൃദയത്തോടൊപ്പം യുവത്വവും സംരക്ഷിക്കാന്‍ നല്ലതാണ്.
മൂല്യങ്ങള്‍ സൂക്ഷിക്കുക
ശരീരത്തെ പുനരുജ്ജീവിപ്പിക്കുന്ന നിത്യരസായനങ്ങളാണു സത്യം പറയുക, ദേഷ്യം വെടിയുക, ആത്മീയദൈവികചിന്ത, ശാന്തത, സദാചാരങ്ങളില്‍ നിരതമായ ജീവിതം എന്നിവ. അമിതമായ പിരിമുറുക്കവും അകറ്റേണ്ടതു തന്നെ. നീണ്ടുനില്‍ക്കുന്ന പിരിമുറുക്കം ദോഷം ചെയ്യും. അതു നമ്മളെ പെട്ടെന്നു വൃദ്ധരാക്കും.
പണ്ടുണ്ടായിരുന്നതിലേറെ ഈ മൂല്യങ്ങള്‍ക്ക് ഇന്നുപ്രസക്തിയുണ്ട്. ശാന്തിയും സമാധാനവും ആത്മീയതയും നിങ്ങള്‍ക്കു യുവത്വം നല്‍കും തീര്‍ച്ച.
സമൂഹത്തിന്റെ നിലനില്‍പിന് അത്യാന്താപേക്ഷിതമാണു കുടുംബങ്ങളുടെ ഭദ്രത. ഇതില്‍ സത്യസന്ധത നിനിര്‍ത്തുക.
No comments:
Post a Comment