ഇന്റർനെറ്റിനെ ഇന്നു കാണുന്ന രീതിയിലും, രൂപത്തിലും, ഭാവത്തിലും ആക്കിയെടുത്തതിൽ മുഖ്യ പങ്കു വഹിച്ചതു ഗൂഗിൾ ആണെന്നു പറയാതെ വയ്യ. ഇന്റർനെറ്റ് സേർച്ച് നടത്തുന്നവരിൽ 90 % പേരും ഉപയോഗിക്കുന്നതു ഗൂഗിൾ ആണെന്നും, ഇ-മെയിൽ ഉപയോക്താക്കളിൽ 25% പേർ ജി-മെയിൽ ഉപയോഗിക്കുന്നു എന്നും പറയുമ്പോൾ ഗൂഗിളിനു ഇന്റർനെറ്റിൽ ഉള്ള സ്വാധീനം മനസിലാക്കാമല്ലോ. ‘ ഗൂഗിൾ ഉപയോക്താക്കളിൽ 70% പേർ ഗൂഗിൾ എടുക്കുന്നതു അവരുടെ ഇന്റർനെറ്റ് കണക്ടിവിറ്റി പരിശോധിക്കാനാണ് ‘ എന്ന പ്രസ്താവനയിൽ അല്പം അതിശയോക്തി കലർന്നിട്ടുണ്ടെങ്കിലും, ഗൂഗിളിനു ഇന്റർനെറ്റ് ലോകത്തു ഉള്ള സ്വീകാര്യതയും, വിശ്വാസ്യതയും ആണു അതു കാണിക്കുന്നതു. ഇത്രയേറെ പ്രചാരമുള്ള ഗൂഗിൾ വ്യക്തികളുടെ സ്വകാര്യ വിവരങ്ങളിലേക്കു എത്തിനോക്കുന്നു എന്നത് ഗൌരവമായി കാണേണ്ട വിഷയം തന്നെയാണ്.
നിങ്ങൾ അടുത്ത കാലത്ത് ഗൂഗിൾ സേർച്ച്, ജി-മെയിൽ എന്നിവ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ സ്ക്രീനിന്റെ വലതു മുകൾഭാഗത്ത് ഒരു സന്ദേശം പ്രത്യക്ഷപ്പെടുന്നതു കണ്ടിട്ടുണ്ടാകും. എന്തിനു വെറുതെ അതു വായിച്ചു സമയം കളയണം എന്നോർത്ത് നമ്മളെല്ലാവരും അതു നിരാകരിക്കുകയും ചെയ്തിട്ടുണ്ടാകും. തങ്ങളുടെ പുതിയ സ്വകാര്യ നയം സംബന്ധിച്ചുള്ള ഗൂഗിളിന്റെ അറിയിപ്പായിരുന്നു അതു. അതായതു നമ്മളെ സംബന്ധിക്കുന്ന ഏതൊരു വിവരവും വാണിജ്യപരമായ ആവശ്യങ്ങൾക്കു ഉപയോഗിക്കാൻ ഗൂഗിളിനു സമ്മതപത്രം എഴുതി കൊടുത്തിട്ടാണു നമ്മളോരുത്തരും ഇന്റർനെറ്റ് ഉപയോഗിക്കുന്നതു എന്നു സാരം.
എങ്ങനെയാണ് ഗൂഗിളിനു നിങ്ങളുടെ വിവരങ്ങൾ ലഭിക്കുന്നതു എന്നു ചോദിച്ചാൽ, നിങ്ങൾ ഗൂഗിൾ അക്കൌണ്ട് എടുക്കാൻ നൽകുന്ന വിവരങ്ങൾ മുതൽ നിങ്ങൾ ഉപയോഗിക്കുന്ന ഉപകരണത്തിന്റെ ഡിജിറ്റൽ ഫുട്ട്പ്രിന്റ് വരെ ഉപയോഗപ്പെടുത്തി എവിടെനിന്നുമാകാം. നിങ്ങളുടെ പേര്, മൊബൈൽ നമ്പർ, ഇമെയിൽ വിലാസം, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, സ്ഥലം, സംസാരഭാഷ, ഇന്റർനെറ്റ് എടുക്കാൻ ഉപയോഗിക്കുന്ന ഉപകരണം, അതിന്റെ ഓപ്പറേറ്റിങ്ങ് സിസ്റ്റം, ബ്രൌസർ, അതിന്റെ വെർഷൻ, സിസ്റ്റത്തിൽ ഉപയോഗിക്കുന്ന മറ്റ് ആപ്ലിക്കേഷനുകൾ, സ്ഥിരമായി സന്ദർശിക്കുന്ന വെബ് സൈറ്റുകൾ, നടത്തുന്ന സേർച്ചുകൾ, ക്ലിക് ചെയ്യുന്ന ലിങ്കുകൾ, മൊബൈലിലേക്കു വരുന്ന കാളുകൽ, സന്ദേശങ്ങൾ തുടങ്ങി നിങ്ങളെ സംബന്ധിക്കുന്ന ഒരുമാതിരി എല്ലാ വിവരങ്ങളും ഗൂഗിൾ ശേഖരിക്കുകയും, ഉപയോഗിക്കുകയും ചെയ്യും.
ഒരു സാധാരണ വ്യക്തിയെ സംബധിച്ചിടത്തോളം ഈ വിവരങ്ങൾ അത്ര പ്രസക്തമല്ല എന്നു തോന്നിയേക്കാം, എന്നാൽ ആ വ്യക്തി ഒരു കമ്പനി മാനേജറോ, സാമൂഹിക പ്രവർത്തകനോ, ഒരു സർക്കാർ ജീവനക്കാരനോ, മന്ത്രിയോ, ഒരു ശാസ്ത്രഞ്ജനോ, ഒരു പ്രതിരോധ സേനാംഗമോ ആകുമ്പോൾ ഈ ശേഖരിക്കുന്ന വിവരങ്ങൾക്കു വെറൊരു മാനം കൈവരുന്നു. ഒരു പക്ഷേ രാജ്യ സുരക്ഷയെ തന്നെ ബാധിക്കുന്ന തരത്തിൽ കാര്യങ്ങൾ എത്തിയെക്കാം. ഇതിൽ നിന്നു രക്ഷനേടാൻ ഗൂഗിൾ ഉപദേശിക്കുന്ന മാർഗ്ഗം ‘ ഗൂഗിൾ സേവനങ്ങൾ ഉപയോഗിക്കുന്നതു അവസാനിപ്പിക്കൂ ‘ എന്നാണ് !!
നിങ്ങൾക്കു നൽകുന്ന ഗൂഗിൾ സേവനത്തിന്റെ ഗുണനിലവാരം ഉയർത്താനാണ് ഇങ്ങനെ സ്വകാര്യവിവരങ്ങൾ ശേഖരിക്കുന്നതെന്നാണ് ഗൂഗിളിന്റെ വാദം. അതായതു ഒരേ കാര്യം തന്നെ നമ്മൾ ഓരോരുത്തരും സേർച്ച് ചെയ്യുമ്പോൾ വ്യത്യസ്തമായ വിവരങ്ങളാണ് ലഭിക്കുക എന്നു സാരം. എന്തു പറഞ്ഞാലും, ഗൂഗിളിന്റെ പ്രധാന വരുമാന മാർഗ്ഗമായ ആഡ് സെൻസിന്റെ പ്രചാരം വർദ്ധിപ്പിക്കുകയാണ് അവരുടെ ലക്ഷ്യമെന്നു വളരെ വ്യക്തമാണ്. ഒരു പക്ഷേ മെച്ചപ്പെട്ട സേവനം നമുക്കു ലഭ്യമാവുകയും ചെയ്തേക്കാം. എന്നിരുന്നാലും നമ്മുടെ സ്വകാര്യ വിവരങ്ങളുടെ അവകാശം ഒരു കുത്തക കമ്പനിക്കു കൈമാറുന്നതു ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
ഗതാഗതം നിയന്ത്രിക്കാൻ തിരക്കേറിയ കവലകളിൽ നിരീക്ഷണ ക്യാമറകൾ വക്കുന്നതു നമുക്കു ന്യായീകരിക്കാം, എന്നാൽ അതേ നിരീക്ഷണ ക്യാമറകൾ നിങ്ങളെ പാടത്തും, പറമ്പിലും, വീട്ടിലും എന്തിനു, കിടപ്പുമുറിയിൽ വരെ പിന്തുടർന്നാലോ??
No comments:
Post a Comment