പുകവലി നിര്‍ത്തി നഷ്‌പ്പെട്ട ഓജസും ബലവും വീണ്ടെടുക്കുന്നതിനും ആയുര്‍ദൈര്‍ഘ്യത്തിനും ആയുര്‍വേദ വിധിപ്രകാരമുള്ള ചികിത്സകള്‍ ഫലപ്രദമാണ്. പൗരാണിക ആയുര്‍വേദ ശാസ്‌ത്രത്തില്‍ പുകവലി അഥവാ ധൂമപാനത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഇന്നു കാണുന്ന വ്യാപത്തുകളൊന്നും അതില്‍ പ്രതിപാദിക്കുന്നില്ല. ഇന്ന് പുകവലി ആരോഗ്യത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന മഹാവിപത്തായി മാറിക്കഴിഞ്ഞു. എന്നാല്‍ അന്ന് ധൂമപാനം ആരോഗ്യ പരിപാലനത്തിനു വേണ്ടിയുള്ളതായിരുന്നു. ഔഷധദ്രവ്യങ്ങള്‍ ഉപയോഗിച്ച് വിധി പ്രകാരം തയാറാക്കിയവ. പുകയിലയില്‍ അടങ്ങിയിരിക്കുന്ന മാരകവസ്‌തുക്കളുടെ പ്രയോഗമില്ലാതെ തികച്ചും ഔഷധ യോഗ്യമായത്.
സ്രോതസുകള്‍
രോഗം ഉണ്ടാക്കുന്നതും അതിനു പ്രതിവിധി ഉണ്ടാക്കുന്നതും സ്രോതസുകള്‍ വഴിയാണെന്ന് ആയുര്‍വേദശാസ്‌ത്രം പ്രതിപാദിക്കുന്നു. കണ്ണുകൊണ്ട് കാണാന്‍ കഴിയുന്നതും കഴിയാത്തതുമായ രണ്ടുതരം സ്രോതസുകള്‍ മനുഷ്യ ശരീരത്തിലുണ്ട്. ആകെ 13 സ്രോതസുകളാണ് മനുഷ്യ ശരീരത്തിലുള്ളത്. അവയില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് പ്രാണവഹ സ്രോതസ്. 'യത്ര സംഘഃ ഖ വൈഗുണ്യഃ തത്ര രോഗോപജായതേഃ' . സ്രോതസുകളില്‍ അടവ് വരുമ്പോള്‍ അത് രോഗത്തിനു കാരണമാകുന്നു. ഉദാഹരണത്തിന് ചെറുതോ വലുതോ ആയ രക്‌തക്കുഴലുകള്‍ക്ക് അടവ് ഉണ്ടാകുമ്പോള്‍ ഹൃദയസംബന്ധമായ രോഗങ്ങളും ചിലപ്പോള്‍ ഹൃദയസ്‌തംഭനംതന്നെ സംഭവിക്കാം. മൂത്രവഹ സ്രോതസുകളില്‍ അടവ് വരുമ്പോള്‍ മൂത്രസംബന്ധമായ രോഗങ്ങളോ വൃക്കരോഗങ്ങളോ പിടിപെടാം. ശ്വാസകോശ സ്രോതസിനുണ്ടാകുന്ന അടവ് ശ്വാസകോശ അര്‍ബുദംപോലുള്ള മാരക രോഗങ്ങളിലേക്ക് നയിക്കുന്നു.
പുകവലിയും അടവുകളും
സ്രോതസുകളുടെ അടവുകള്‍ക്ക് രണ്ടു കാരണങ്ങളാണുള്ളത്. ആദ്യത്തേത് ആഭ്യന്തര കാരണങ്ങളാണ്. ഇത് പ്രധാനമായും സംഭവിക്കുന്നത് നാം കഴിക്കുന്ന ആഹാരരീതിയിലുള്ള ക്രമക്കേടുകൊണ്ടാണ്. ശുദ്ധമല്ലാത്തതും വിഷലിപ്‌തവുമായ ആഹാരങ്ങള്‍ കഴിക്കുന്നതാണ് ഇതിനു വഴിവയ്‌ക്കുന്നത്. ഇതുമൂലം പചനപ്രക്രിയ ശരിയായി നടക്കാതെ വരികയും അതില്‍നിന്നുണ്ടാകുന്ന വിഷസമാനമായ ദഹിക്കാത്ത പദാര്‍ഥങ്ങള്‍ സ്രോതസുകളില്‍ അടിഞ്ഞുകൂടി മാര്‍ഗ തടസം ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് മാരകമായ രോഗങ്ങള്‍ക്ക് കാരണമാകാം. രണ്ടാമത്തേത് ബാഹ്യമായ കാരണങ്ങളാണ്. അതില്‍ പ്രധാനം പുകവലിയും. അമിത ധൂമപാനം ശ്വാസകോശമാര്‍ഗത്തെയും കോശങ്ങളെയും ദുഷിപ്പിച്ച് കാസം, ശ്വാസം, അര്‍ബുദം മുതലായ രോഗങ്ങള്‍ക്ക് കാരണമായിത്തീരുന്നു. മാത്രമല്ല പുകവലി ദഹന പ്രക്രിയയേയും സാരമായി ബാധിക്കും. അതു നിമിത്തം ധാതുപോഷണമില്ലാതെ ഓജക്ഷയം സംഭവിച്ച് ശരീരത്തിന്റെ ബലത്തെയും രോഗപ്രതിരോധത്തെയും സാരമായി ബാധിക്കുന്നു. ഇവര്‍ക്ക് രോഗപ്രതിരോധശക്‌തി വളരെക്കുറയുകയും ചെറിയ അണുബാധകള്‍പോലും പെട്ടെന്ന് പിടിപെടുകയും ചെയ്യും. ജീവിതകാലം മുഴുവന്‍ നിത്യരോഗികളായി കഴിയേണ്ട ഭീകര അവസ്‌ഥയില്‍ ഇത് കൊണ്ടെത്തിക്കാം.
നിക്കോട്ടിന്റെ ഭീകരമുഖം
അമിത പുകവലിയുടെ പാര്‍ശ്വഫലങ്ങള്‍ ശ്വാസകോശത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ എന്ന വിഷപദാര്‍ഥം രക്‌തത്തില്‍ കലര്‍ന്ന് രക്‌തക്കുഴലുകളെ ശുഷ്‌ക്കിപ്പിച്ച് രക്‌തചംക്രമണം തടസപ്പെടുത്തുന്നു. ഇത് ടി.എ.ഒ (ത്രോബോ ആങ്കിറ്റിസ് ഒബ്ലിറ്ററന്‍സ്) എന്ന മാരകരോഗത്തിന് കാരണമാകുന്നു. മിക്കവാറും കാലിലെ രക്‌തക്കുഴലുകളെയാണ് ഈ അസുഖം ബാധിക്കുന്നത്. കലശലായ വേദനയാണ് രോഗലക്ഷണം. കാല്‍മുട്ടിനു താഴെ മുറിച്ചുകളയുകയാണ് ഈ മാരകരോഗത്തിനുള്ള പ്രതിവിധി.
ആയുര്‍വേദ പരിഹാരം
പുകവലിജന്യമായ രോഗങ്ങളില്‍ സ്രോതശുദ്ധിക്കുവേണ്ടി സ്‌നേഹ, സ്വേദ പ്രയോഗങ്ങളിലൂടെ മൃദുവമനം, അഗ്നി ഉദ്ദീപിപ്പിക്കുന്നതിനുള്ള പാചന ഔഷധങ്ങള്‍ എന്നിവ നല്‍കി ധാതുപോഷണം നടത്തണം. ഇതിലൂടെ ഓജസ് വര്‍ദ്ധിച്ച് നഷ്‌ടപ്പെട്ട ബലം വീണ്ടെടുക്കുന്നതിനും ആയുര്‍ദൈര്‍ഘ്യത്തിനും ആരോഗ്യത്തോടുകൂടിയ ജീവിതത്തിനും സഹായിക്കും. വമന വിരേചന പ്രക്രിയയിലൂടെ സ്രോതസുകളില്‍ അടിഞ്ഞുകൂടിയ വിഷാംശങ്ങള്‍ പുറത്തു കളയുന്നു. ച്യവനപ്രാശം, ബ്രഹ്‌മരസായനം മുതലായ രസായന ചികിത്സകളും പുകവലിക്കാര്‍ക്ക് നഷ്‌ടപ്പെട്ട ആരോഗ്യം വീണ്ടെുടുത്തുതരുന്നു.
കൗണ്‍സിലിങ്ങിലൂടെ'നിദാന പരിവര്‍ജനം ചികിത്സ'
ഏത് രോഗം പിടിപെട്ടാലും ആദ്യം വര്‍ജ്‌ജിക്കേണ്ടത് രോഗകാരണത്തെയാണെന്നാണ് ആയുര്‍വേദ സിദ്ധാന്തം പറയുന്നത്. അതുകൊണ്ട് മാരക രോഗങ്ങളുടെ ചവിട്ടുപടിയായ പുകവലിക്കു അടിമപ്പെടാതിരിക്കുക. പുകവലി ശീലമാക്കിയവര്‍ അത് പതുക്കെ ഉപേക്ഷിക്കാന്‍ ശ്രമിക്കണം. പുകവലിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ബോധവത്‌ക്കരണമാണ് പുകവലി ഉപേക്ഷിക്കുന്നതിനുള്ള പ്രധാന വഴി. അതിന് കൗണ്‍സിലിങ്ങ് ഏറെ സഹായകരമാണ്. പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ വിദഗ്‌ധനായ ഓരോരുത്തര്‍ക്കും പൂര്‍ണവിശ്വാസമുള്ള ഒരു ഡോക്‌ടറുടെ ഉപദേശം തേടുന്നതു നല്ലതാണ്. പുകലിക്കുന്നവര്‍ക്കു മാത്രമല്ല പുകവലിക്കുന്നവരുടെ സമീപത്തു നില്‍ക്കുന്നവരെപോലും രോഗങ്ങളിലേക്ക് തള്ളിവിടാന്‍ തക്ക മാരകമായ ഒന്നാണ് പുകവലിക്കാര്‍ പുറത്തുവിടുന്ന വിഷലിപ്‌തമായ പുക. ഇത്തരം കാര്യങ്ങള്‍ ശരിയായ ബോധവത്‌ക്കരണത്തിലൂടെ ആളുകളെ മനസിലാക്കിയെടുക്കാന്‍ കഴിഞ്ഞാല്‍ ഒരുപരിധിവരെ പുകവലിയില്‍നിന്ന് മുക്‌തരാക്കാം.
No comments:
Post a Comment