Ind disable

Sunday, 17 March 2013

മലയാളസിനിമ സംസാരിച്ചുതുടങ്ങിയിട്ട് 75 വര്‍ഷം

മലയാളസിനിമ സംസാരിച്ചുതുടങ്ങിയിട്ട് 75 വര്‍ഷം
1938 ജനുവരി 19 കൊച്ചിയിലെ സെലക്ട് ടാക്കീസില്‍ വൈകിട്ട് 7മണിക്ക് ആദ്യശബ്ദചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടു. അഭ്രപാളികളില്‍ തെളിഞ്ഞ ചലിക്കുന്ന ചിത്രത്തിന്റെ അദ്ഭുതങ്ങള്‍ പൂര്‍ണ്ണമായും വിട്ടുമാറുംമുമ്പേ തന്നെ ശബ്ദിക്കുന്നചിത്രം പ്രേക്ഷകര്‍ക്ക് പുതിയഅനുഭവമായി മാറുകയായിരുന്നു. മലയാളചലച്ചിത്രപ്രസ്ഥാനത്തിന്റെ സമാന്തരശ്രേണിയായി വികസിച്ച ചലച്ചിത്രഗാനശാഖയുടെ തുടക്കംകൂടിയായിരുന്നു ആദ്യശബ്ദചിത്രമായിരുന്ന ബാലന്‍. ബാലനില്‍ പാട്ടുകള്‍ ഒന്നും രണ്ടുമല്ല ചെറുതും വലുതുമായി 23 എണ്ണമായിരുന്നുവത്രേ. മലയാളസിനിമക്കു മുമ്പേനടന്ന ഹിന്ദി, തമിഴ് സിനിമകളില്‍ കേട്ട് ശീലിച്ച പാട്ടുകളുടെ ഈണത്തിനൊപ്പിച്ചായിരുന്നു ബാലനുള്‍പ്പടെ ആദ്യകാല മലയാളസിനിമഗാനങ്ങള്‍ രൂപപ്പെട്ടത്. വര്‍ഷങ്ങള്‍ക്കുശേഷവും പല പ്രമുഖരും ഈണമോഷണം സമൃദ്ധമായി ഉപയോഗിച്ചു വരുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. സിലോണിലെ സ്റ്റുഡിയോവില്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കാന്‍ ഭാഗ്യം സിദ്ധിച്ച അര്‍ദ്ധമലയാളിയായ സുന്ദരം പിള്ളയാണ് ബാലന് തുടക്കമിടുന്നത്. സിനിമയോടുള്ള അതിയായ ഭ്രമം മൂലം നാട്ടിലെത്തിയ പിള്ള നിര്‍മ്മാതാക്കളെ തേടിപിടിക്കാനുള്ള ശ്രമമായിരുന്നു. ഒടുവില്‍ തുണയായത് സേലത്തെ തിയറ്റര്‍ ഉടമയായ ടി. ആര്‍ സുന്ദരമായിരുന്നു. കേരളത്തിലെ തിയറ്ററുകളോട് സംഭാവന ആവശ്യപ്പെട്ടുകൊണ്ടുള്ള പത്രപരസ്യത്തിലൂടെ പിരിഞ്ഞുകിട്ടിയ തുകയാണത്രേ ബാലന്റെ മുടക്കുമുതല്‍. അന്ന് തുടങ്ങിയ ശീലം ഇന്നും നിര്‍ബാധം തുടരുന്നുണ്ട് മലയാളസിനിമയില്‍ സൂപ്പര്‍സ്റ്റാറുകളേയും എഴുത്തുകാരേയും സംവിധായകരേയും നിര്‍മ്മാണ ബാനറുകളേയും കാണിച്ച് കേരളത്തിലങ്ങോളമിങ്ങോളമുള്ള പ്രധാന തിയറ്ററുകളില്‍ നിന്ന് അഡ്വാന്‍സ് കൈപ്പറ്റുന്ന സമര്‍ത്ഥരായ നിര്‍മ്മാതാക്കള്‍ കേരളത്തിലിന്നുമുണ്ട്. അഭിനേതാക്കളെ കണ്ടെത്തിയതും പത്രപരസ്യത്തിലൂടെ, അഭിനയം പരിശീലിപ്പിച്ച് ചിത്രീകരണം തുടങ്ങിയ ആദ്യനാളുകളില്‍ തന്നെ സുന്ദരം പിള്ള നായികയേയും കൊണ്ട് സ്ഥലംവിട്ടു എന്ന വാര്‍ത്തയും കേട്ടിരുന്നു. രസകരമായ മറ്റൊരു സംഭവം ആദ്യമലയാള ചലച്ചിത്രത്തിലെ ആദ്യം ചിത്രീകരിച്ച സംഭാഷണശകലം ഇംഗ്‌ളീഷിലുള്ളതായിരുന്നു എന്നതാണ്. ഗുഡ് ലക്ക് ടു എവരിബഡി എന്ന സംഭാഷണമുരുവിട്ടുകൊണ്ട് ആലപ്പി വിന്‍സെന്റ് എന്ന നടന്‍ ഒരു ക്‌ളബ്‌സീനില്‍ അഭിനയിക്കുന്നതായിരുന്നു രംഗം. ആദ്യനായിക നാടുവിട്ടതോടെ നാടകക്യാമ്പില്‍ നിന്നും എത്തിയ എം. കെ. കമലം ബാലനിലെ നായികയായിവന്നു. ഇന്നത്തെപോലെ സ്റ്റുഡിയോ സംവിധാനമോ സൌണ്ട് റിക്കാര്‍ഡിംഗ് സോംഗ് റിക്കാര്‍ഡിംഗ് ഏര്‍പ്പാടോ ഇല്ലാത്തതിനാല്‍ ഒരു മൈക്കില്‍ നടന്‍ സംഭാഷണം പറയുന്നത് സ്‌പോട്ടില്‍ റിക്കാര്‍ഡ് ചെയ്യുകയാണ് പതിവ്. പാട്ടുകളും ഇങ്ങനെ ലൈവായി പാടിയാണ് റിക്കാര്‍ഡ് ചെയ്യുക. ഓര്‍ക്കസ്ട്രക്കാര്‍ പാട്ടു പാടുന്ന സ്ഥലങ്ങളിലൊക്കെ പിന്‍തുടരുകതന്നെ വേണം. സാങ്കേതിക രംഗത്ത് ഏറെ മുന്നോട്ട് പോയ മലയാളസിനിമയുടെ ഇന്നത്തെ അവസ്ഥയില്‍ വലിയ അത്ഭുതങ്ങളാണ് അക്കാലത്തെ സിനിമകള്‍ സമ്മാനിക്കുന്നത്. ബാലന്റെ തിരക്കഥ രൂപപ്പെടുത്തിയതും ,കേട്ടുപഴകിയ ഈണങ്ങള്‍ക്കൊത്ത് പാട്ടെഴുതിയതും പ്രമുഖനാടകക്കാരനായിരുന്ന മുതുകുളം രാഘവന്‍ പിള്ളയായിരുന്നു. ബാലന്‍ എന്ന ശബ്ദസിനിമ ഉടലെടുക്കും വരെ സ്‌ക്രീനിന്റെ ഒരു വശത്ത് നിന്ന് ഉറക്കെ സിനിമയുടെ കഥ പറച്ചിലും സംഭാഷണം പറച്ചിലുമൊക്കെയായിരുന്നു അക്കാലത്ത് കൊട്ടകകളില്‍ പ്രദര്‍ശനസമയത്ത് അവലംബിച്ചിരുന്നത്. മലയാളസിനിമ ഏഴരപതിറ്റാണ്ട് പിന്നിട്ട് ഇന്ത്യയിലെ മികച്ച സിനിമകളുടെ ഇടയിലും ലോകസിനിമയിലും ഇടം പിടിച്ച് വിഖ്യാതമായി കഴിഞ്ഞു. ഈ വളര്‍ച്ചയിലേക്കുള്ള ആദ്യപടികള്‍ കയറിവന്നത് എത്രമാത്രം കഷ്ടനഷ്ടങ്ങള്‍ സഹിച്ചാണെന്ന് ഇന്ന് നമ്മള്‍ തിരിച്ചറിയുന്നു.


അതുല്യനായ ഹിറ്റ്മേക്കര്‍


1952 മുതല്‍ മലയാള സിനിമയ്ക്കൊപ്പമുണ്ട്‌ ജെ.ശശികുമാര്‍. ഇക്കാലത്തിനിടയില്‍ നിരവധി ഹിറ്റ്‌ സിനിമകള്‍ അദ്ദേഹം മലയാള സിനിമാ പ്രേക്ഷകര്‍ക്കായി സംവിധാനംചെയ്തു. പല നടീനടന്മാരെയും താരപരിവേഷത്തിലേക്കുയര്‍ത്താന്‍ ശശികുമാറിന്റെ സിനിമകള്‍ക്കായി. ഒരിക്കല്‍ മലയാള സിനിമാ വ്യവസായത്തെ നിലനിര്‍ത്തിയതും പരിപോഷിപ്പിച്ചതും ശശികുമാറിന്റെ ചലച്ചിത്രങ്ങളായിരുന്നു. എന്നാല്‍ അന്നൊന്നും അദ്ദേഹത്തെ ആരും അറിഞ്ഞിരുന്നില്ല. കാരണം, അക്കാലത്ത്‌ സിനിമ അറിയപ്പെട്ടിരുന്നത്‌ താരങ്ങളുടെ പേരിലായിരുന്നു. നല്ല ചലച്ചിത്രങ്ങള്‍ക്കു പിന്നില്‍ സംവിധായകന്റെ മിടുക്കുണ്ടെന്ന്‌ കേരളത്തിലെ ശരാശരി സിനിമാ പ്രേക്ഷകര്‍ മനസ്സിലാക്കിയിരുന്നില്ല. അവര്‍ക്ക്‌ സിനിമ സത്യന്റെയും പ്രേംനസീറിന്റെയും ജയന്റെയും ഷീലയുടെയും ജയഭാരതിയുടെയുമായിരുന്നു. നല്ല സിനിമകളൊക്കെ താരങ്ങളുടെ പേരില്‍ അറിയപ്പെട്ടപ്പോള്‍ സംവിധായകന്‍ അവരുടെ മനസ്സില്‍ അപ്രസക്തനായി.
അതിനാല്‍ത്തന്നെയാകണം, പങ്കുവയ്ക്കപ്പെടുന്ന പുരസ്കാരങ്ങളിലൊന്നും ശശികുമാറിനെ ആരും പങ്കു ചേര്‍ത്തതുമില്ല. മലയാള സിനിമയിലെ ഹിറ്റ്‌ മേക്കര്‍ എന്ന പദവി പിന്നീട്‌ അദ്ദേഹത്തിനു നല്‍കിയപ്പോഴും പുരസ്കാരങ്ങളൊന്നും അദ്ദേഹത്തിലേക്കെത്തിയില്ല. ഒടുവില്‍ ഒരുപാടു കാലം കഴിഞ്ഞ്‌ ഇപ്പോഴാണ്‌ ശശികുമാറിനെ സര്‍ക്കാര്‍ പോലും പരിഗണിച്ചത്‌. മലയാള ചലച്ചിത്ര ശാഖയ്ക്കു നല്‍കിയ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം, ജെ.സി.ഡാനിയേല്‍ അവാര്‍ഡ്‌ ശശികുമാറിനു നല്‍കാനുള്ള തീരുമാനം സര്‍ക്കാരിനുണ്ടായ വൈകിയ വിവേകവും അദ്ദേഹത്തിനു ലഭിച്ച വളരെ വൈകിയുള്ള അംഗീകാരവുമാകുന്നത്‌ അതിനാലാണ്‌.

മലയാള സിനിമ എക്കാലവും ഓര്‍ക്കുന്ന അഭിനയപ്രതിഭ ജോസ്പ്രകാശിനോടും ഇതേ നിലപാടായിരുന്നു സര്‍ക്കാരിനും പുരസ്കാരങ്ങള്‍ നല്‍കുന്നവര്‍ക്കും ഉണ്ടായിരുന്നത്‌. ജോസ്പ്രകാശിലെ ചലച്ചിത്ര പ്രതിഭയെ മലയാള സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം ആദരിച്ചെങ്കിലും ‘പുരസ്കാരദാന’ക്കാരുടെ കണ്ണുകള്‍ക്ക്‌ അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ ജോസ്‌ പ്രകാശിന്‌ ജെ.സി.ഡാനിയേല്‍ പുരസ്കാരം നല്‍കാന്‍ തീരുമാനിക്കുമ്പോഴേക്ക്‌ അദ്ദേഹം രോഗക്കിടക്കയിലായിക്കഴിഞ്ഞിരുന്നു. പുരസ്കാരം വാങ്ങാന്‍ ജോസ്പ്രകാശ്‌ ജീവിച്ചിരുന്നുമില്ല. പുരസ്കാരം പ്രഖ്യാപിച്ചതിന്റെ അടുത്ത ദിവസംതന്നെ അദ്ദേഹം മരിക്കുകയും ചെയ്തു. 

ഒരാളുടെ കഴിവിനെ അംഗീകരിക്കലാണ്‌ പുരസ്കാരം നല്‍കുന്നതിലൂടെ സാധ്യമാകുന്നത്‌. അര്‍ഹതയ്ക്കുള്ള അംഗീകാരം നല്‍കാന്‍ വൈകുന്നതും അത്‌ അനര്‍ഹര്‍ക്ക്‌ നല്‍കുന്നതുമെല്ലാം അനാദരവാണ്‌. ശശികുമാറെന്ന സംവിധായകനോട്‌ ഇക്കാലമത്രെയും അനാദരവ്‌ കാട്ടുകയായിരുന്നു ചലച്ചിത്രലോകവും സമൂഹവും. 1992 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ ജെ.സി.ഡാനിയേല്‍ പുരസ്കാരം നല്‍കി വരുന്നുണ്ട്‌. ശശികുമാറിനെക്കൂടാതെ ഇരുപതു പേര്‍ക്ക്‌ ഇതുവരെ പുരസ്കാരം നല്‍കുകയും ചെയ്തു. 2003 ല്‍ മാത്രമാണ്‌ പുരസ്കാരം പ്രഖ്യാപിക്കാതെ പോയത്‌. ടി.ഇ.വാസുദേവന്‍ മുതല്‍ ജോസ്പ്രകാശ്‌വരെ പുരസ്കാരം ലഭിച്ചവരെ പരിഗണിച്ചപ്പോഴൊന്നും ശശികുമാറിന്റെ പേര്‌ വിട്ടുപോയത്‌ വളരെ വലിയ കുറ്റം തന്നെയാണ്‌. ജെ.സി.ഡാനിയേല്‍ പുരസ്കാരം ലഭിച്ചവരൊന്നും അതിനര്‍ഹതയില്ലാതെ അതുവാങ്ങിയവരാണെന്നല്ല ഈ പറഞ്ഞതിനര്‍ത്ഥം. എല്ലാവരും അര്‍ഹതപ്പെട്ടവര്‍ തന്നെ. എം.കൃഷ്ണന്‍നായര്‍, പി.എന്‍.മേനോന്‍, പി.രാംദാസ്‌, കെ.എസ്‌.സേതുമാധവന്‍, അപ്പച്ചന്‍ തുടങ്ങിയവരാണ്‌ ശശികുമാറിന്‌ മുമ്പ്‌ ജെ.സി.ഡാനിയേല്‍ പുരസ്കാരം കരസ്ഥമാക്കിയ മലയാള സിനിമാ സംവിധായകര്‍. ഇവര്‍ക്കൊപ്പമോ, അതിനും മുകളിലോ പ്രതിഷ്ഠിക്കാവുന്ന പ്രതിഭതന്നെയാണ്‌ ശശികുമാര്‍ എന്ന കാര്യത്തില്‍ സംശയമില്ല. ശശികുമാറിന്റെ ചിത്രങ്ങള്‍ നിരൂപക പ്രശംസ നേടുന്ന, ഉദാത്തമായ സിനിമകളാണെന്ന അഭിപ്രായം ഈ ലേഖകനുമില്ല. എന്നാല്‍ ഒരു കാലത്ത്‌ സിനിമാ വ്യവസായത്തെ നിലനിര്‍ത്തിയിരുന്നത്‌ ശശികുമാറിന്റെ സിനിമകളായിരുന്നു. അദ്ദേഹം സംവിധാനംചെയ്ത ചിത്രങ്ങളില്‍ കൂടുതലും തീയറ്ററുകളിലേക്ക്‌ പ്രേക്ഷകരെ ഇരച്ചുകയറ്റുന്ന പണംവാരി ചിത്രങ്ങളായിരുന്നു. എഴുപതുകളിലെയും എണ്‍പതുകളിലെയും നല്ല സിനിമകളെക്കുറിച്ച്‌ ചര്‍ച്ചചെയ്യുന്നവരുടെ വാക്കുകളിലേക്ക്‌ ഇപ്പോഴും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കടന്നു വരും. അക്കാലത്തെ ജനകീയ സിനിമകളുടെ സ്രഷ്ടാവായിരുന്നു ശശികുമാറെന്ന്‌ പറയാം. 

ആലപ്പുഴക്കാരന്‍ വര്‍ക്കിജോണ്‍ സിനിമയ്ക്കു വേണ്ടിയാണ്‌ ശശികുമാറായത്‌. 1927 ഒക്ടോബര്‍ 14ന്‌ ആലപ്പുഴയില്‍ പൂന്തോപ്പില്‍ വീട്ടില്‍ മില്ലുടമ എന്‍.എല്‍. വര്‍ക്കിയുടെയും മറിയാമ്മയുടെയും എട്ടുമക്കളില്‍ മൂന്നാമനായാണ്‌ അദ്ദേഹം ജനിച്ചത്‌. നാടക കമ്പമായിരുന്നു ആദ്യം. സ്കൂളില്‍ പഠിക്കുമ്പോള്‍ ‘ജീവാര്‍പ്പണം’ എന്ന നാടകം എഴുതി. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം പ്രഫഷനല്‍ നാടകരംഗത്തും സജീവമായി. അടൂര്‍ പങ്കജത്തിന്റെയും മറ്റും ചുമതലയിലുള്ള അടൂര്‍ പാര്‍ഥസാരഥി തിയറ്റേഴ്സില്‍ ജഗതി എന്‍.കെ. ആചാരിയുടെ നാടകത്തില്‍ വേഷമിട്ടതാണ്‌ വഴിത്തിരിവായത്‌. നാടകക്കമ്പക്കാലത്താണ്‌ ആലപ്പുഴയിലെ ഉദയാ സ്‌ററുഡിയോ ഉടമ കുഞ്ചാക്കോ അഭിനയിക്കാനുള്ള അവസരം നല്‍കുന്നത്‌. കെആന്‍ഡ്കെ പ്രോഡക്ഷന്‍സിന്റെ ബാനറില്‍ മുതുകുളം രാഘവന്‍പിള്ള തിരക്കഥയെഴുതി പ്രേംനസീര്‍ നായകനായ ‘വിശപ്പിന്റെവിളി’യായിരുന്നു ചിത്രം. അബ്ദുല്‍ ഖാദര്‍ എന്നായിരുന്നു അന്ന്‌ പ്രേംനസീറിന്റെ പേര്‌. ജോണ്‍ വില്ലനും. തിക്കുറിശ്ശിയാണ്‌ അബ്ദുല്‍ഖാദറിന്റെയും ജോണിന്റെയും പേരുമാറ്റുന്നത്‌. അങ്ങനെ പ്രേംനസീറും ശശികുമാറും ഉണ്ടായി. തിരമാല, ആശാദീപം, വേലക്കാരന്‍ എന്നീ ചിത്രങ്ങളിലും ശശികുമാര്‍ അഭിനയിച്ചു. 

അഭിനയത്തോടൊപ്പംതന്നെ കുഞ്ചാക്കോയുടെ സംവിധാന സഹായിയായും അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അഭിനയത്തെക്കാള്‍ ശശികുമാറിന്‌ വഴങ്ങുന്നത്‌ സംവിധാനമാണെന്ന്‌ തിരിച്ചറിഞ്ഞത്‌ കുഞ്ചാക്കോയാണ്‌. ഹിന്ദിയിലെ സൂപ്പര്‍ ഹിറ്റ്‌ സിനിമ രാമരാജ്യം മലയാളത്തിലെടുക്കാന്‍ ‘ഉദയ’ തീരുമാനിച്ചപ്പോള്‍ അതിന്റെ എഴുത്തുപണികള്‍ ശശികുമാറിനെ ഏല്‍പ്പിച്ചു. സീത എന്നപേരിലിറങ്ങിയ ആ ചലച്ചിത്രം വലിയ വിജയമായിരുന്നു.
ഇക്കാലത്തെല്ലാം സുഹൃത്തായിരുന്നു പ്രേംനസീര്‍. നസീര്‍ വഴിയാണ്‌ മെരിലാന്‍ഡ്‌ സുബ്രഹ്മണ്യത്തെ പരിചയപ്പെടുന്നത്‌. മെരിലാന്‍ഡില്‍നിന്ന്‌ ചെന്നൈയിലെത്തി. ചെന്നൈയില്‍ തോമസ്‌ പിക്ചേഴ്സിന്റെ ‘ഒരാള്‍കൂടി കള്ളനായി’ എന്ന ചിത്രത്തിന്റെ സ്വതന്ത്ര സംവിധായകനായിട്ടായിരുന്നു തുടക്കം. എന്നാല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്‌ രണ്ടാമത്തെ ചിത്രമായ ‘കുടുംബിനി’യാണ്‌. കവിയൂര്‍ പൊന്നമ്മയുടെ ആദ്യ ചിത്രമായിരുന്നു അത്‌. തുടര്‍ന്ന്‌ ഒട്ടേറെ ഹിറ്റുകള്‍ ശശികുമാറില്‍നിന്ന്‌ മലയാളത്തിനു ലഭിച്ചു.

ഒരു വര്‍ഷം 13 സിനിമകള്‍വരെ സംവിധാനംചെയ്ത്‌ അദ്ദേഹം അത്ഭുതം കാട്ടിയിട്ടുണ്ട്‌. 1980ലായിരുന്നു ഇത്‌. 141 ചിത്രങ്ങള്‍ അദ്ദേഹം സംവിധാനംചെയ്തു. ഇതില്‍ 84ലും നസീര്‍ നായകനായി. 47 സിനിമകളില്‍ ഷീല നായികയും. നിരവധി കൂട്ടുകെട്ടുകളും ശശികുമാറിന്റെ സിനിമകളിലൂടെ ഉണ്ടായി. മലയാളത്തിന്‌ എക്കാലത്തേയും മികച്ച ഗാനങ്ങള്‍ സമ്മാനിച്ച ശ്രീകുമാരന്‍ തമ്പി-എം. കെ. അര്‍ജുനന്‍ സഖ്യത്തിന്‌ തുടക്കമായത്‌ ശശികുമാറിന്റെ സൂപ്പര്‍ സിനിമയായ ‘റസ്തൗസി’ലെ ഗാനങ്ങളിലൂടെയാണ്‌. വില്ലനായി ജോസ്‌ പ്രകാശിനെ അവതരിപ്പിച്ചതും ശശികുമാറാണ്‌. 1966ല്‍ പുറത്തിറങ്ങിയ ലൗ ഇന്‍ കേരളയില്‍ അതേ വര്‍ഷം പെണ്‍മക്കളില്‍ ഷീലയുടെ അനുജത്തിയുടെ റോളില്‍ ജയഭാരതിയുമെത്തി. 1979ല്‍ ചൂള എന്ന ശശികുമാര്‍ ചിത്രത്തിലൂടെ കുളത്തുപ്പുഴ രവി എന്ന ഡബ്ബിങ്‌ ആര്‍ട്ടിസ്റ്റ്‌ മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീതസംവിധായകന്‍ രവീന്ദ്രനായി. 

ശശികുമാറിനെക്കുറിച്ചു പറയാന്‍ നിരവധി കാര്യങ്ങള്‍. ഇത്രയൊക്കെയുണ്ടായിട്ടും അദ്ദേഹത്തിലെ സിനിമാ സംവിധായകന്റെ കഴിവും മഹത്വവും തിരിച്ചറിയാന്‍ മലയാളത്തിന്‌ ഇത്രകാലം വേണ്ടിവന്നു. മലയാള സിനിമയ്ക്ക്‌ ഇത്രയധികം സംഭാവനകള്‍ നല്‍കിയ ശശികുമാറിന്‌ സമഗ്രസംഭാവനാ പുരസ്കാരം നല്‍കാന്‍ കാലതാമസം വരുത്തിയതിനെ ചെറിയ കുറ്റമായി കാണാനാകില്ല. ഇക്കാലത്തിനിടയില്‍ വലിയ പുരസ്കാരങ്ങളൊന്നും അദ്ദേഹത്തിനു ലഭിച്ചിട്ടില്ല. 86-ാ‍ം വയസ്സിലാണ്‌, മലയാള സിനിമയുടെ പിതാവ്‌ എന്നപേരിലറിയപ്പെടുന്ന ജെ.സി.ഡാനിയേലിന്റെ പേരിലുള്ള പുരസ്കാരം തേടിയെത്തുന്നത്‌. സിനിമയെ സ്നേഹിക്കുന്ന പുതുതലമുറയ്ക്ക്‌ അദ്ദേഹത്തെ അറിയാനും പഠിക്കാനുമുള്ള അവസരംകൂടി നല്‍കാന്‍ ഉപകരിക്കുന്നതാണ്‌ ഈ പുരസ്കാരം. അതിനുള്ള സാഹചര്യംകൂടി സര്‍ക്കാര്‍ ഒരുക്കണം. ഈ വര്‍ഷത്തെ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ശശികുമാറിന്റെ നല്ല ചിത്രങ്ങളുടെ പ്രദര്‍ശനം ഒരുക്കണം. ശശികുമാറിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പ്രത്യേകമായി ചലച്ചിത്രോത്സവവും ചലച്ചിത്രഅക്കാദമിക്ക്‌ സംഘടിപ്പിക്കാവുന്നതാണ്‌. വൈകിയെങ്കിലും അദ്ദേഹത്തെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തവര്‍ അഭിനന്ദനമര്‍ഹിക്കുന്നു.


No comments:

Post a Comment