Ind disable

Monday, 18 March 2013

മലയാളിക്ക് ആശ്വാസമായി വരമൊഴി

യൂണീക്കോഡിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇപ്പോള്‍ ഭാഷാ കമ്പ്യൂട്ടിംഗ് നടക്കുന്നതെങ്കിലും ഈ മാറ്റം മലയാളവും മലയാളികളും ഉള്‍‌ക്കൊണ്ടിട്ടില്ല. മലയാളത്തില്‍ ഇപ്പോള്‍ നിലവിലുള്ള മിക്ക പോര്‍ട്ടലുകളും ഉപയോഗിക്കുന്നത് ഫോണ്ടുകള്‍ തന്നെ. പ്രമുഖ പത്രങ്ങളുടെ വെബ്‌സൈറ്റുകളും ഫോണ്ടില്‍ തന്നെയാണ്. പ്രശ്നങ്ങളൊന്നും ഇല്ലാത്ത യൂണീക്കോഡ് ഇനിയും മലയാളത്തിന് ലഭിച്ചിട്ടില്ല എന്നതാവാം ഇതിന് കാരണം.

മലയാളത്തില്‍ ഇപ്പോള്‍ പ്രചാരത്തിലിരിക്കുന്ന ഉപയോഗിക്കുന്ന ഫോണ്ടുകളെക്കുറിച്ച്‌ പറയാന്‍ തുടങ്ങിയാല്‍ അതിനൊരന്തമുണ്ടാകില്ല. മൈക്രോസോഫ്റ്റിന്‍റെ ഡവലപ്പര്‍ കിറ്റുണ്ടെങ്കില്‍ അല്‍‌പം പ്രോഗ്രാമിംഗ് അറിയുന്ന ആര്‍ക്കും ഫോണ്ട് ഡൈസൈന്‍ ചെയ്ത് നിര്‍മ്മിക്കാം. ഫോണ്ട് ഡിസൈനിംഗില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള കമ്പനികളും അമേച്വര്‍ പ്രോഗ്രാമര്‍‌മാരും ചേര്‍ന്ന് മലയാളത്തില്‍ നൂറുകണക്കിന് ഫോണ്ടുകളാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇപ്പോള്‍ നിലവിലുള്ള മലയാളം ഫോണ്ടുകള്‍ ഉപയോഗിച്ച് ടൈപ്പ്‌ ചെയ്യുന്ന രീതി വ്യത്യസ്തങ്ങളാണ്‌. ഒരു ഫോണ്ടില്‍ ടൈപ്പ്‌ ചെയ്യാനറിയുന്നയാള്‍ക്ക്‌ മറ്റൊന്ന്‌ പഠിച്ചെടുക്കാന്‍ വിഷമമാണ്‌. 

മലയാളം ടൈപ്പ്‌ ചെയ്യാനറിയുന്നവര്‍ക്ക് ഇത്രയും പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍, ടൈപ്പ്‌ ചെയ്യാനറിയാത്തവരുടെ കാര്യമോ? രണ്ട്‌ കയ്യിലേയും ഒരോ വിരലുകളുപയോഗിച്ചോ, വലതുകയ്യിലെ ഒരു വിരലുപയോഗിച്ചോ ആണ്‌ പുതിയ തലമുറയിലെ ഭൂരിഭാഗം പേരും ഇംഗ്ലീഷ്‌ തന്നെ ടൈപ്പ്‌ ചെയ്യുന്നത്‌. പിന്നെ മലയാളത്തിന്‍റെ കാര്യം പറയേണ്ടതുണ്ടോ? മലയാളം ടൈപ്പ് ചെയ്യാനുള്ള ബുദ്ധിമുട്ടാണ് പലരെയും എന്തിനും ഏതിനും ഇംഗ്ലീഷിനെ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്നത്. 

ഏത് ഫോണ്ടായാലും ടൈപ്പ് ചെയ്യുന്ന രീതി ഒന്നായിരിക്കണം എന്ന് കരുതുന്ന ഭാഷാ പണ്ഡിതരുടെ ശ്രമഫലമായി, മലയാളം ടൈപ്പിംഗ് രീതിയുടെ മാനകീകരണം നടക്കുകയുണ്ടായി. മാനകീകരിച്ച കീബോര്‍ഡ് ലേ‌ഔട്ട് ഇപ്പോള്‍ നിലവിലുണ്ടെങ്കിലും ആരും അത് ഉപയോഗിച്ച് കാണുന്നില്ല. ഉപയോഗിച്ച് വന്നിരുന്ന രീതിയില്‍ നിന്ന് മാറാന്‍ ആരും തയ്യാറാവുന്നില്ല. ടൈപ്പ് ചെയ്യാന്‍ രീതിയാണ്‌ അവലംബിക്കേണ്ടതെന്നും, ഒരു ഫോണ്ടില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റര്‍ മാറ്റാനെന്താണ്‌ ചെയ്യേണ്ടതെന്നും അറിയാതെ സാധാരണ ഉപയോക്താവ് വലയുകയാണ്‌. ഒറ്റ വിരല്‍ ടൈപ്പിംഗ്‌ മാത്രമറിയുന്നവര്‍ പകച്ച്‌ നില്‍ക്കുകയാണ്‌.

മുകളില്‍ സൂചിപ്പിച്ച അവസ്ഥക്ക് ചെറുതെങ്കിലും, ഒട്ടൊരാശ്വാസവുമായി എത്തിയിരിക്കുന്ന സോഫ്റ്റ്‌വെയറാണ്‌ വരമൊഴി. തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും സ്വന്തം ഭാഷ നഷ്ടപ്പെടരുത് എന്ന് ചിന്തിക്കുന്നവര്‍ക്കൊരു വരമാണീ സോഫ്‌വെയര്‍. ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുകയാണെങ്കില്‍ എന്തും ഇംഗ്ലീഷില്‍ ടൈപ്പ്‌ ചെയ്‌ത്‌ മലയാളത്തിലാക്കാം! ഇങ്ങനെയാക്കിയ മാറ്റര്‍ പത്തൊന്‍‌പതിലധികം ഫോണ്ടുകളിലേക്ക് മാറ്റുകയുമാവാം! മാത്രമല്ല, വരമൊഴി ഉപയോഗിച്ച് ടൈപ്പ് ചെയ്യുന്ന മാറ്റര്‍, യൂണീക്കോഡിലേക്ക് മാറ്റാനുള്ള സംവിധാനവും ഇതിലുണ്ട്. നിത്യ ജീവിതത്തില്‍ നാം ഉപയോഗിക്കുന്ന ഇംഗ്ലീഷ് പദങ്ങള്‍ അങ്ങനെത്തന്നെ ടൈപ്പ് ചെയ്താല്‍ സോഫ്റ്റ്‌വെയര്‍ അവയെ മലയാളം ആക്കും എന്ന പ്രത്യേകതയും വരമൊഴിക്ക് സ്വന്തം.. 

വിന്‍‌ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ ഉപയോഗിക്കാവുന്ന ഇത്‌ ഒരു സ്വതന്ത്ര സോഫ്റ്റ്‌ വെയറാണ്‌. ഇതിന്‍റെ കോഡ്‌ പരസ്യമായതിനാല്‍ ആര്‍ക്കുവേണമെങ്കിലും വീണ്ടും ഇത്‌ വികസിപ്പിച്ചെടുക്കാവുന്നതാണ്‌. മാതൃഭൂമിയുടേതും മനോരമയുടേതുമടക്കം പത്തൊന്‍‌പത് ലിപികളാണ്‌ ഇതിലുള്‍ക്കൊള്ളിച്ചിട്ടുള്ളത്‌. മൈക്രോസോഫ്റ്റിന്‍റെ സെര്‍ച്ച് സൈറ്റായ ലൈവ് ഡോട്ട് കോമിലോ, മറ്റേതെങ്കിലും സെര്‍ച്ച് സൈറ്റുകളിലോ, വരമൊഴി എന്ന് ഇംഗ്ലീഷില്‍ അടിച്ച് തിരഞ്ഞാല്‍ വരമൊഴി സോഫ്റ്റ്‌വെയര്‍ ലഭ്യമാവുന്ന സൈറ്റ് ലഭിക്കും.

വിന്‍‌സിപ്പായി ഡൗണ്‍ലോഡ്‌ ചെയ്യുന്ന ഈ സോഫ്റ്റ്‌വെയറിന്‍റെ സെറ്റപ്പില്‍ ഇരട്ട-ക്ലിക്ക് ചെയ്യുകയേ വേണ്ടൂ, സെക്കന്‍റുകള്‍ക്കകം വരമൊഴിയുടെ ഐക്കണ്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ കാണാം. അതില്‍ ക്ലിക്ക്‌ ചെയ്‌താല്‍ വരമൊഴി തുറക്കുകയായി. വരമൊഴി ജനലിലെ താഴെയുള്ള പെട്ടിയില്‍ ഇംഗ്ലീഷ്‌ ടൈപ്പ്‌ ചെയ്യാനാരംഭിക്കൂ, ഉടന്‍ മേലെയുള്ള പെട്ടിയില്‍ അതിന്റെ മലയാള രൂപാന്തരീകരണം കാണാം. വരമൊഴിയുടെ അടിസ്ഥാന സെറ്റപ്പില്‍ ഒരു ഫോണ്ട് മാത്രമാണ് ഉള്‍‌ക്കൊള്ളിച്ചിരിക്കുന്നത്. കൂടുതല്‍ ഫോണ്ടുകള്‍ വേണമെന്നുള്ളവര്‍ക്ക് വരമൊഴിയുടെ ആഡ്-ഓണ്‍ സെറ്റപ്പ് ഡൌണ്‍‌ലോഡ് ചെയ്ത് സംസ്ഥാപിക്കാം.

അമേരിക്കയില്‍ പ്രോഗ്രാമറായ സിബു സി ജോണിയാണ് ഈ സൗജന്യ-സ്വതന്ത്ര സോഫ്റ്റ്‌ വെയറിന്റെ അണിയറയില്‍. ഭാവിയില്‍ കൂടുതല്‍ ലിപികള്‍ ഈ സോഫ്റ്റ്‌വെയറില്‍ ചേര്‍ക്കലും വിപുലമായ ഒരു ഇംഗ്ലീഷ്‌-മലയാളം ഭാഷാന്തരീകരണ നിഘണ്ടു വികസിപ്പിക്കലുമാണ്‌ സിബുവിന്‍റെ അടുത്ത സ്വപ്‌ന പദ്ധതികള്‍. യൂണീക്കോഡില്‍ മലയാളം ഉപയോഗിക്കുമ്പോള്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടിക്കൊണ്ടുള്ള ഗവേഷണം, മലയാള ഭാഷയ്ക്കുള്ള സിബുവിന്‍റെ മറ്റൊരു സംഭാവനയാണ്.

No comments:

Post a Comment