Ind disable

Monday, 18 March 2013

നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്


നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയില്‍പറയുംപോലെയുള്ള "എല്ലാം കാണാന്‍പറ്റുന്ന കൂളിങ് ഗ്ലാസ്" തപ്പി യുവാക്കള്‍ അക്കാലത്ത് കടകള്‍തോറും കയറിയിറങ്ങിയെന്ന് പറയാറുണ്ട്. അത്രയൊന്നും ഇല്ലെങ്കിലും, വിവരസാങ്കേതികവിദ്യാ ലോകത്തെ ഭീമനായ ഗൂഗിള്‍ എല്ലാം കാണാന്‍പറ്റുന്ന കണ്ണടയുമായി ഉടന്‍ എത്തും. ഗൂഗിള്‍ ഗ്ലാസ് എന്നു പേരിട്ട ഈ "സ്മാര്‍ട്ട്" കണ്ണടയുടെ ഫ്രേമില്‍തന്നെ ഒരു ബാറ്ററി ഒളിഞ്ഞുകിടപ്പുണ്ട്.

ഏകദേശം പുരികത്തിന്റെ മുകളില്‍ സ്ഥിതിചെയ്യുന്ന ഡിസ്പ്ലേയില്‍ നോക്കിയാല്‍ നിങ്ങള്‍ക്ക് ഫോണിലോ കംപ്യൂട്ടറിലോ ഒക്കെ കാണുന്നപോലെ ദൃശ്യങ്ങളും വീഡിയോകളുമൊക്കെ കാണാം. ചുരുക്കിപ്പറഞ്ഞാല്‍ ശരീരത്തില്‍ ധരിക്കാവുന്ന കംപ്യൂട്ടറായ ഈ കണ്ണട പരിമിതികളോടെയുള്ള സ്മാര്‍ട്ഫോണ്‍ ആകുമോ എന്നും കണ്ടറിയാം. ഈ കണ്ണടയില്‍ ക്യാമറ, മൈക്രോഫോണ്‍, ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ജിപിഎസ്) എന്നിവയും അടങ്ങിയിരിക്കുന്നു. മൈക്കിലൂടെ കണ്ണടയോട് ഫോട്ടോ എടുക്കാനോ, വീഡിയോ പിടിക്കാനോ പറഞ്ഞാല്‍ അപ്പോള്‍തന്നെ അത് അനുസരിക്കും. വഴി ചോദിക്കണമെങ്കിലും കണ്ണയോടു ചോദിച്ചാല്‍ മതി. കിറുകൃത്യമായി പറഞ്ഞുതരും ഈ കംപ്യൂട്ടര്‍ കണ്ണട. ഇനിയിപ്പോള്‍ നിങ്ങളുടെ മുന്നില്‍ കാണുന്ന കാര്യം കുറെ സുഹൃത്തുക്കള്‍ക്ക് ഗൂഗിള്‍ ഹാങ്ഔട്ട് വഴി ലൈവായി കാണിക്കണമോ. അതും നടക്കും. ഗൂഗിളിന്റെ സ്വന്തം ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റമാകും ഈ കണ്ണടയുടെ ഹൃദയഭാഗത്ത്. കണ്ണടയോട് ചോദ്യങ്ങള്‍ ചോദിച്ചാല്‍ ഗൂഗിള്‍ തെരഞ്ഞ് ഉത്തരങ്ങള്‍ ഡിസ്പ്ലേയില്‍ എത്തിക്കും എന്നുള്ളത് എടുത്തുപറയേണ്ടതില്ലല്ലോ.

നിങ്ങളുടെ സാധാരണ കണ്ണടയുടെ മുകളില്‍ ഇടുന്ന ഡിസൈനിലും ഗൂഗിള്‍ കണ്ണട ലഭ്യമാകും. അതുകൊണ്ട് ആ പേടിയും വേണ്ട. ഈ വര്‍ഷം അവസാനത്തോടെ വിപണിയില്‍ എത്തുമെന്നു പ്രതീക്ഷിക്കുന്ന ഈ മാന്ത്രിക കണ്ണടയുടെ വില ഒരു സ്മാര്‍ട്ട്ഫോണോളം വരുമെന്നാണ് ഊഹാപോഹങ്ങള്‍. ഗൂഗിള്‍ കണ്ണടയുടെ "ഡെവലപ്പര്‍ വേര്‍ഷന്" അല്‍പ്പം കൂടിയ വിലയായ 1500 ഡോളറിനാണ് (ഏകദേശം 90,000 രൂപ) ഈയിടെ പ്രി-ഓര്‍ഡര്‍ ചെയ്യാന്‍ ലഭ്യമായത്.

ഗൂഗിള്‍ ഒരു പരസ്യക്കമ്പനി ആണെന്നുള്ള കാര്യം നമ്മള്‍ മറക്കരുത്. ഈ കണ്ണട ഇട്ടിട്ട് നിങ്ങള്‍ എങ്ങോട്ടെങ്കിലും നോക്കിയാല്‍, ഒരുപക്ഷേ അതുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ നിങ്ങളുടെ കണ്ണടയില്‍ തെളിഞ്ഞുവന്നേക്കാം. സ്വകാര്യത കുറേക്കൂടി ഇല്ലാതാകുമോ ഈ കുട്ടിച്ചാത്തന്‍ കണ്ണട വന്നാല്‍? നിങ്ങള്‍ പോയ വഴിയില്‍, നിങ്ങള്‍ കണ്ട കാഴ്ചകളെല്ലാം ഇനി ഗൂഗിളിനെ അറിയിക്കണോ എന്നൊക്കെ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്്. ഈ അത്ഭുതം കാണാന്‍ നിങ്ങള്‍ക്ക് ഇനി ഏതാനും മാസം മതിയാകും. അതുവരെ http://www.google.com/glass  എന്ന വിലാസത്തില്‍ ചെന്ന് സ്വപ്നംകാണുക.

No comments:

Post a Comment