Ind disable

Monday, 18 March 2013

ഇന്ത്യന്‍ രൂപയുടെ ചിഹ്നത്തിന് മൈക്രോസോഫ്റ്റ് പിന്തുണ


വിന്‍ഡോസിന്റെ ഏറ്റവും പുതിയ പതിപ്പുകളാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ ഇന്ത്യന്‍ രൂപയുടെ ചിഹ്നം നിങ്ങള്‍ ടൈപ്പുചെയ്യുകയും കാണുകയും പ്രിന്റെടുക്കുകയും ആക്സസ്, എക്സല്‍, ഷെയര്‍പോയിന്റ് എന്നീ ആപ്ലിക്കേഷനുകളില്‍ ഉപയോഗിക്കുകയും ചെയ്യാം. വിന്‍ഡോസ് വിസ്ത, വിന്‍ഡോസ് സെര്‍വര്‍ 2008, വിന്‍ഡോസ് 7, വിന്‍ഡോസ് സെര്‍വര്‍ 2008 ആര്‍2 എന്നീ വിന്‍ഡോസ് പതിപ്പുകളാണ് ഇപ്പോള്‍ ഇന്ത്യന്‍ രൂപാ ചിഹ്നത്തെ പിന്തുണയ്ക്കുന്നത്.

രണ്ട് രീതിയിലാണ് ഇന്ത്യന്‍ രൂപയുടെ ചിഹ്നം മൈക്രോസോഫ്റ്റ് ഓഫീസ് ആപ്ലിക്കേഷനുകളില്‍ ഉപയോഗിക്കേണ്ടത്. ‘ഇന്‍സെര്‍ട്ട് സിം‌ബല്‍’ എന്ന കമാന്‍ഡ് ഉപയോഗിക്കുകയാണ് ആദ്യ രീതി. രണ്ടാമത്തെ രീതിയാകട്ടെ, വിന്‍ഡോസിലെ ‘കാരക്ടര്‍ മാപ്പ്’ യൂട്ടിലിറ്റി ഉപയോഗിക്കുക എന്നതാണ്. ഇന്ത്യന്‍ രൂപ ചിഹ്നത്തെ പിന്തുണയ്ക്കുന്ന തരത്തിലുള്ള അപ്‌ഡേറ്റ് ഈയടുത്താണ് മൈക്രോസോഫ്റ്റ് റിലീസ് ചെയ്തത്.

മൈക്രോസോഫ്റ്റ് സാന്‍സ് സരീഫ്, ടൈംസ് ന്യൂ റോമന്‍, ഏരിയല്‍, സെഗോയി, ടഹോമ എന്നീ ഫോണ്ട് കുടുംബങ്ങളിലെ ഫോണ്ടുകള്‍ ഉപയോഗിച്ചാല്‍ ഇന്ത്യന്‍ രൂപാ ചിഹ്നം ടൈപ്പുചെയ്യാവുന്നതാണ്. ഈ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഇന്‍ഡിക് കീബോര്‍ഡ് ഉപയോഗിക്കുകയാണെങ്കില്‍ ‘Ctrl+Shift+4’ എന്ന കീ കോമ്പിനേഷന്‍ അമര്‍ത്തി നിങ്ങള്‍ ഇന്ത്യാ രൂപ ചിഹ്നം സൃഷ്ടിക്കാം. ഇംഗ്ലീഷ് (ഇന്ത്യാ) കീബോര്‍ഡാണ് ഉപയോഗിക്കുകയാണെങ്കില്‍ ‘AltGr+4’ എന്ന കീ കോമ്പിനേഷന്‍ അമര്‍ത്തിയാല്‍ മതി.

പവര്‍പോയിന്റ്, ഇന്‍ഫോപാത്ത് തുടങ്ങിയ മൈക്രോസോഫ്റ്റ് ഓഫീസിലെ ചില പ്രോഗ്രാമുകള്‍ക്ക് ഇന്ത്യന്‍ രൂപയുടെ ചിഹ്നത്തിന് അനുവദിച്ചിരിക്കുന്ന യൂണീക്കോഡ് കോഡ് പരിവര്‍ത്തിപ്പിച്ച് ഇന്ത്യന്‍ രൂപാ ചിഹ്നം ഉണ്ടാക്കാനാകില്ല. ഇത്തരം ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്ന സാഹചര്യത്തില്‍ ‘കാരക്ടര്‍ മാപ്പ്’ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഇന്ത്യന്‍ രൂപാ ചിഹ്നം സൃഷ്ടിക്കാം.

ചിലപ്പോള്‍ നിങ്ങളുടെ പ്രിന്ററിന്റെ ‘റസിഡന്റ്’ ഫോണ്ടുകളില്‍ ഇന്ത്യന്‍ രൂപയുടെ ചിഹ്നത്തെ പിന്തുണയ്ക്കുന്ന ഫോണ്ടുകള്‍ ഉണ്ടായിരിക്കില്ല. ഈ സാഹചര്യത്തില്‍ പ്രിന്റര്‍ സെറ്റപ്പില്‍ ‘പ്രിന്റര്‍ ഫോണ്ട്സ് ഏസ് ഗ്രാഫിക്സ്’ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. അല്ലെങ്കില്‍ പ്രിന്റര്‍ കമ്പനിയെ സമീപിച്ച് ഇന്ത്യന്‍ രൂപാ ചിഹ്നമുള്ള ഫോണ്ടിലേക്ക് പ്രിന്റര്‍ അപ്‌ഡേറ്റുചെയ്യുക.

No comments:

Post a Comment