മൈക്രോസോഫ്റ്റ് വേഡിലും എക്സലിലും മാന്ത്രിക വേഗതയോടെ ജോലി ചെയ്യുന്നവരെ കണ്ട് നമ്മള്‍ അത്ഭുതപ്പെടാറുണ്ട്. എത്ര വേഗമാണ് അവര്‍ ആവശ്യമുള്ള വാക്കുകളോ മൂല്യങ്ങളോ കണ്ടെത്തുകയും പ്രതിസ്ഥാപിക്കുകയും ചെയ്യുന്നതല്ലേ! അത്ഭുതപ്പെടേണ്ട. ഇതില്‍ അത്ര വലിയ അത്ഭുതമൊന്നുമില്ല. ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുമ്പോള്‍ ഷോര്‍ട്ട്‌കട്ട് കീകളും മാക്രോകളും ഉപയോഗിക്കുകയാണ് അവര്‍ ചെയ്യുന്നത്.
ആപ്ലിക്കേഷനുകളില്‍ ഉപയോഗിക്കുന്ന ഷോര്‍ട്ട്‌കട്ട് കീകളെപ്പറ്റി മിക്കവര്‍ക്കും അറിയാം. കണ്‍ട്രോള്‍ കീയും സിയും ഒരുമിച്ചവര്‍ത്തി കോപ്പിചെയ്യാമെന്നും (പകര്‍പ്പെടുക്കുക) കണ്‍ട്രോള്‍ കീയും വിയും അമര്‍ത്തി പേസ്റ്റുചെയ്യാമെന്നും (ഒട്ടിക്കുക) നമുക്കറിയാം. എന്നാല്‍ ഭൂരിഭാഗം കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്ക് അജ്ഞാതവും എന്നാല്‍ ഏറെ പ്രയോജനപ്രദവുമായ ടൂളുകളാണ് (ഉപകരണങ്ങളാണ്) മാക്രോകള്‍.
മാക്രോയെന്നാല്‍ എന്താണ്? ഒരൊറ്റ ക്ലിക്കുകൊണ്ട് പ്രയോഗിക്കാന്‍ കഴിയുന്ന കമാന്‍ഡുകളുടെ (ആജ്ഞകള്‍) ശേഖരമാണ് മാക്രോ. നിങ്ങള്‍ ഉപയോഗിക്കുന്ന പ്രോഗ്രാമില്‍ ചെയ്യേണ്ടുന്ന ഭൂരിഭാഗം ക്രിയകളും ഓട്ടോമേറ്റുചെയ്യാന്‍ (സ്വപ്രേരിതമാക്കാന്‍) മാക്രോകള്‍ക്ക് കഴിയും. നിങ്ങളുപയോഗിക്കുന്നത് മൈക്രോസോഫ്റ്റ് വേഡോ എക്സലോ ആവട്ടെ, സമയം ലാഭിക്കാന്‍ മാക്രോകള്‍ നിങ്ങളെ സഹായിക്കും. ഭാഷാ കമ്പ്യൂട്ടിംഗിലും മാക്രോകള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താം.
മാക്രോകള്‍ എങ്ങനെ പ്രയോജനപ്പെടുത്താം? മൈക്രോസോഫ്റ്റ് വേഡില്‍ എന്തെങ്കിലുമൊരു ജോലി തുടര്‍ച്ചയായി ചെയ്യേണ്ടതെണ്ടെന്ന് കരുതുക. ഓരോ പ്രാവശ്യവും ആ ജോലി ചെയ്യേണ്ട ആവശ്യമില്ല. മാക്രോ നിങ്ങള്‍ക്കായി ആ ജോലി ചെയ്യും. ചുരുക്കത്തില്‍ തുടര്‍ച്ചയായി ചെയ്യേണ്ട, ഒരുപാട് സമയമെടുക്കുന്ന ജോലി സ്വപ്രേരിതമാക്കുകയാണ് മാക്രോ. എഡിറ്റിംഗും ഫോര്‍മാറ്റിംഗും വേഗത്തിലാക്കാനും ഒന്നിലധികം കമാന്‍ഡുകള്‍ ഒന്നിപ്പിക്കാനും ഡയലോഗ് ബോക്സിലെ (സംഭാഷണ പെട്ടി) ഏതെങ്കിലും പ്രത്യേക ഐച്ഛികം ലഭ്യമാക്കാനും ചുമതലകളുടെ സങ്കീര്‍ണ്ണ ശ്രേണി സ്വപ്രേരിതമാക്കാനും മാക്രോകള്‍ ഉപയോഗിക്കാം.
പ്രോഗ്രാമിംഗുമായി എന്തെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിട്ടുള്ളവയാണോ മാക്രോകള്‍ എന്ന് പലരും ചോദിച്ച് കേട്ടിട്ടുണ്ട്. പ്രോഗ്രാമിംഗ് തന്നെയാണ് മാക്രോകള്‍. എന്നാല്‍ വേഡിലോ എക്സലിലോ മാക്രോ ഉപയോഗിക്കാന്‍ നിങ്ങള്‍ ഡവലപ്പര്‍ ആയിരിക്കണം എന്നില്ല. മാത്രമല്ല, നിത്യോപയോഗങ്ങള്‍ക്ക് മാക്രോ ഉപയോഗിക്കാന്‍ പ്രോഗ്രാമിംഗ് ജ്ഞാനവും ആവശ്യമില്ല. മാക്രോ സ്പെഷ്യലിസ്റ്റാവാന്‍ പ്രോഗ്രാമിംഗ് ജ്ഞാനം സഹായിക്കുമെന്നതില്‍ സംശയമില്ല.
മൈക്രോസോഫ്റ്റ് പ്രോഗ്രാമുകളില്‍ നിങ്ങള്‍ക്ക് ചെയ്യേണ്ട ജോലികളെ സ്വപ്രേരിതമാക്കാന്‍ ഓരോ പ്രോഗ്രാമിലും ഇന്‍-ബില്‍ട്ട് മാക്രോകള്‍ ഉണ്ട്. വിഷ്വല്‍ ബേസിക് ഫോര്‍ ആപ്ലിക്കേഷന്‍സ് (VBA) എന്ന പ്രോഗ്രാമിംഗ് ഭാഷയിലാണ് മാക്രോകള്‍ എഴുതിയിരിക്കുന്നത്. എന്നാല്‍ വേഡിലോ എക്സലിലോ ഒരു മാക്രോ സൃഷ്ടിക്കാന്‍ നിങ്ങള്‍ VBA യില്‍ അത് എഴുതിയുണ്ടാക്കേണ്ട കാര്യമില്ല. പടിപടിയായി, നിങ്ങള്‍ക്ക് ചെയ്യേണ്ട ജോലി രേഖപ്പെടുത്തുക മാത്രമാണ് നിങ്ങള്‍ ചെയ്യേണ്ടത്. മാക്രോ തയ്യാറാക്കാനുള്ള കോഡുണ്ടാക്കല്‍ ജോലിയെല്ലാം വേഡോ എക്സലോ ചെയ്യും.
No comments:
Post a Comment