Ind disable

Monday, 18 March 2013

ഓഹരിവിചാരം

രാജ്യത്ത് പുതിയൊരു സ്റ്റോക്ക് എക്‌സ്‌ചേഞ്ച് കൂടി
മുംബൈ: രാജ്യത്തെ ഏറ്റവും പുതിയ ഓഹരി വ്യാപാര എക്‌സ്‌ചേഞ്ചായ എംസിഎക്‌സ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എംസിഎക്‌സ്-എസ്എക്‌സ്) ധനമന്ത്രി പി.ചിദംബരം ഉദ്ഘാടനം ചെയ്തു.

ബോംബേ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (ബിഎസ്ഇ), നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ) എന്നിവയ്ക്ക് പിന്നാലെയെത്തുന്ന എംസിഎക്‌സ്-എസ്എക്‌സില്‍ തിങ്കളാഴ്ച മുതല്‍ വ്യാപാരം തുടങ്ങും. ക്യാഷ്, ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് വിഭാഗങ്ങളില്‍ ഇടപാടുണ്ടാകും.





രാവിലെ ഒമ്പതു മുതല്‍ 3.30 വരെയാണ് ഇടപാട്. ആദ്യ 15 മിനിട്ട് പ്രീ-ഓപ്പണ്‍ സെഷനാണ്. വൈകീട്ട് 3.40 മുതല്‍ 4 വരെ പോസ്റ്റ് ക്ലോസ് സെഷനും.
ഇടത്തരം, ചെറു നഗരങ്ങളില്‍ എംസിഎക്‌സ്-എസ്എക്‌സ് കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്ന് എംസിഎക്‌സ്-എസ്എക്‌സ് ചെയര്‍മാന്‍ അശോക് ഝ പറഞ്ഞു.

1,116 കമ്പനികളുടെ ഓഹരികളാണ് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് വിഭാഗത്തില്‍ 143 ഓഹരികളും.




ഓഹരി നിക്ഷേപം തുടങ്ങേണ്ടത് എങ്ങനെ?


ഒരു ഇടവേളക്കു ശേഷം കേരളത്തില്‍ നിന്നുള്ള പ്രമുഖ കമ്പനികള്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിനായി ഐപിഒ (ഇനീഷ്യല്‍ പബ്ലിക് ഓഫര്‍) കളുമായി എത്തുമ്പോള്‍ ഓഹരികളില്‍ ഇതുവരെ നിക്ഷേപം നടത്തിയിട്ടില്ലാത്ത ഒട്ടേറെ മലയാളികള്‍ക്ക് ഇത്തരം കമ്പനികളുടെ ഓഹരികള്‍ വാങ്ങുന്നതില്‍ താല്‍പ്പര്യമുണ്ടാവുക സ്വാഭാവികമാണ്. മുത്തൂറ്റ് ഫിനാന്‍സ് ഐപിഒ പുറത്തിറക്കിയപ്പോള്‍ ഒട്ടേറെ പുതിയ നിക്ഷേപകരാണ് അതിന് അപേക്ഷിച്ചത്. ജോയ് ആലുക്കാസിന്റെ ഐപിഒ എത്തുമ്പോഴും പുതിയ ഒട്ടേറെ നിക്ഷേപകര്‍ നിക്ഷേപത്തിന് താല്‍പ്പര്യം കാണിക്കുമെന്നുറപ്പ്. ഓഹരി വിപണിയില്‍ നിക്ഷേപം തുടങ്ങുന്നതിന് പ്രാഥമികമായി വേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പുതിയ നിക്ഷേപകര്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഓഹരി നിക്ഷേപം തുടങ്ങുന്നതിനായി നിക്ഷേപകര്‍ ആദ്യമായി ചെയ്യേണ്ടത് ഒരു ഡീമാറ്റ് അക്കൗണ്ട് തുറക്കുകയാണ്. ഇത് ഒരു ബാങ്ക് അക്കൗണ്ട് തുറക്കുന്നതു പോലെ ലളിതമായ പ്രക്രിയയാണ്. ബാങ്കില്‍ പണമിടുന്നതിനും ചെക്ക് ഇടപാടുകള്‍ നടത്തുന്നതിനും നിങ്ങള്‍ക്ക് സ്വന്തമായ അക്കൗണ്ട് ആവശ്യമാണെന്നതു പോലെ ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതിന് നിങ്ങള്‍ക്ക് സ്വന്തമായി ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്.




ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നത് നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ), ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (ബിഎസ്ഇ) എന്നീ എക്‌സ്‌ചേഞ്ചുകള്‍ വഴിയാണ്. ഈ എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് ഓഹരികള്‍ വാങ്ങുന്ന നിക്ഷേപകന് ഓഹരികള്‍ സര്‍ട്ടിഫിക്കറ്റുകളായോ ഭൗതികരൂപത്തിലോ അല്ല ലഭിക്കുന്നത്, ഡീമാറ്റ് രൂപത്തിലാണ്. ഓഹരികള്‍ ഡീമാറ്റ് രൂപത്തില്‍ കൈവശം വെക്കുന്നതിനുള്ള അക്കൗണ്ടാണ് ഡീമാറ്റ് അക്കൗണ്ട്. ഡീമാറ്റ് അക്കൗണ്ടില്ലാതെ ഓഹരികള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യാനാകില്ല. സേവിങ്‌സ്് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് ബാങ്കിനെയാണ് സമീപിക്കേണ്ടതെങ്കില്‍ ഡീമാറ്റ് എക്കൗണ്ട് തുറക്കുന്നതിനായി ഒരു ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റിനെ (ഡിപി)യാണ് സമീപിക്കേണ്ടത്. ഓഹരികളില്‍ ഇടപാട് നടത്തുന്നതിനുള്ള ബ്രോക്കിങ് കമ്പനികള്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ സ്ഥാപനങ്ങള്‍ ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റുകള്‍ ആയി പ്രവര്‍ത്തിക്കുന്നുണ്ട്. ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റ് ബ്രോക്കര്‍ (നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെയോ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെയോ അംഗമാണ് ബ്രോക്കര്‍) ആകണമെന്നില്ല. ഉദാഹരണത്തിന് ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിനുള്ള സേവനം നല്‍കുന്ന ബാങ്ക് ബ്രോക്കിങ് സേവനം നല്‍കണമെന്നില്ല. ബാങ്ക് പാസ്ബുക്കോ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റോ പോലെ ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റുകള്‍ ഡീമാറ്റ് അക്കൗണ്ടിനെ കുറിച്ചുള്ള സ്റ്റേറ്റ്‌മെന്റുകള്‍ നിക്ഷേപകര്‍ക്ക് നല്‍കാറുണ്ട്. ഈ സ്റ്റേറ്റ്‌മെന്റില്‍ നിങ്ങള്‍ വാങ്ങിയ ഓഹരികളുടെയും വിറ്റ ഓഹരികളുടെയും നിലവില്‍ കൈവശമുള്ള ഓഹരികളുടെയും വിശദാംശങ്ങള്‍ വ്യക്തമാക്കിയിരിക്കും. നെറ്റ് ബാങ്കിങ് വഴി സേവിങ്‌സ് അക്കൗണ്ടിലെ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പരിശോധിക്കാമെന്ന പോലെ ഓണ്‍ലൈന്‍ വഴി ഡീമാറ്റ് അക്കൗണ്ട് സംബന്ധിച്ച വിശദാംശങ്ങള്‍ നിക്ഷേപകര്‍ക്ക് പരിശോധിക്കാവുന്നതാണ്. നിര്‍ദ്ദിഷ്ട ഫോറത്തിലാണ് ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിനായി അപേക്ഷ നല്‍കേണ്ടത്. ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിന് പാന്‍ (പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍) കാര്‍ഡ് നിര്‍ബന്ധമാണ്. അതിനാല്‍ പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിനായി ആദ്യം ചെയ്യേണ്ടത് പാന്‍ കാര്‍ഡിനുള്ള അപേക്ഷ നല്‍കുകയാണ്. പാന്‍ കാര്‍ഡിനു പുറമെ വോട്ടര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് തുടങ്ങിയ ഏതെങ്കിലും ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിനുള്ള അപേക്ഷക്കൊപ്പം നല്‍കിയിരിക്കണം. ഓഹരി ഇടപാടുകള്‍ നടത്തുന്നതിന് ഡീമാറ്റ് അക്കൗണ്ട് തുടങ്ങുന്നതിനൊപ്പം ഒരു ട്രേഡിങ് അക്കൗണ്ടും തുറന്നിരിക്കണം. ഓഹരികള്‍ വാങ്ങുന്നതിനായി വിനിയോഗിക്കുന്ന പണം ഈ അക്കൗണ്ടിലാണ് സൂക്ഷിക്കുന്നത്. ഓഹരികള്‍ വാങ്ങുമ്പോള്‍ ട്രേഡിങ് അക്കൗണ്ടില്‍ നിന്നും അതിനുള്ള പണം ബന്ധപ്പെട്ട സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടും. ഓഹരികള്‍ വില്‍ക്കുമ്പോള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിന്നും ലഭിക്കുന്ന പണം ട്രേഡിങ് അക്കൗണ്ടിലേക്കാണ് വരിക. ട്രേഡിങ് അക്കൗണ്ടിലെ പണം എപ്പോള്‍ വേണമെങ്കിലും ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാവുന്നതാണ്. ഇതിനായി ബന്ധപ്പെട്ട ബ്രോക്കിങ് സ്ഥാപനത്തിന് നിര്‍ദേശം നല്‍കിയാല്‍ മതി. ഡീമാറ്റ് അക്കൗണ്ടും ട്രേഡിങ് അക്കൗണ്ടും തുറക്കുന്നതിന് ഏകദേശം 500 രൂപയാണ് വിവിധ ബ്രോക്കിങ് കമ്പനികള്‍ ഈടാക്കുന്നത്. എന്നാല്‍ ഈയിടെയായി ഡീമാറ്റ് അക്കൗണ്ടും ട്രേഡിങ് അക്കൗണ്ടും സൗജന്യമായി തുറന്ന് നല്‍കുന്നതിലൂടെ കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ബ്രോക്കിങ് കമ്പനികള്‍ ശ്രമിക്കുന്നുണ്ട്.



ഓഹരികള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?


മറ്റേത് നിക്ഷേപ മാര്‍ഗത്തേക്കാളും 'ലിക്വിഡിറ്റി'യുള്ളതിനാല്‍ താരതമ്യേന ഏറ്റവും സുഗമമായി ഇടപാടുകള്‍ നടത്താവുന്ന വേദിയാണ് ഓഹരി വിപണി. ഒരു ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും ഉണ്ടെങ്കില്‍ ആര്‍ക്കും ഓഹരി നിക്ഷേപം നടത്താം. ടെര്‍മിനലില്‍ തെളിയുന്ന ഏത് 'ടിക്കര്‍ സിംബലി'ലും വ്യാപാരം ചെയ്യാം. എന്നാല്‍ വ്യാപാര രീതികള്‍ ഏറ്റവും സുഗമവും വേഗത്തിലും ചെയ്യാവുന്ന ഇടമാണ് ഓഹരി വിപണിയെങ്കിലും മറ്റേത് നിക്ഷേപ മാര്‍ഗത്തേക്കാളും സങ്കീര്‍ണമാണ് ഓഹരി വിപണിയുടെ ലോകം. നിക്ഷേപകരുടെ ഭാഗത്തു നിന്നും ഏറ്റവും കൂടുതല്‍ മുന്നൊരുക്കവും സ്വന്തം നിലയിലുള്ള പഠനവും ആവശ്യമായി വരുന്നതും ഓഹരി നിക്ഷേപത്തിലാണ്. ഇന്ത്യയിലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന മൂവായിരത്തിലേറെ ഓഹരികളില്‍ നിന്ന് നിക്ഷേപം ലാഭകരമാക്കാന്‍ സാധിക്കുന്ന ഓഹരികളെ എങ്ങനെയാണ് കണ്ടെത്തുക എന്നതാണ് ഏതൊരു നിക്ഷേപകന്റെയും മുന്നിലുള്ള ആദ്യത്തെ കടമ്പ. ഓഹരി നിക്ഷേപം സംബന്ധിച്ച ടിവി പരിപാടികളിലും മറ്റും വിദഗ്ധര്‍ പലപ്പോഴും നിക്ഷേപകര്‍ക്ക് നല്‍കുന്ന നിര്‍ദേശമാണ് 'ഫണ്ടമെന്റലി സ്‌ട്രോങ്്' ആയ കമ്പനികള്‍ തിരഞ്ഞെടുക്കുക എന്നത്. 'ഫണ്ടമെന്റലി സ്‌ട്രോങ്' ആയ കമ്പനികളെ എങ്ങനെയാണ് കണ്ടെത്തുക? ഫണ്ടമെന്റലി 'സ്‌ട്രോങ്ങും ' 'വീക്കും' ആയ കമ്പനികളെ എങ്ങനെയാണ്
വിവേചിച്ച് അറിയാന്‍ സാധിക്കുക? ഒരു കമ്പനിയുടെ 'ഫണ്ടമെന്റല്‍ സ്‌ട്രെങ്തി'നെ അളക്കുന്നതിനുള്ള ഏറ്റവും അടിസ്ഥാനപരമായ നാല് മാനദണ്ഡങ്ങള്‍ ഇവയാണ്- 1. കമ്പനിയുടെ ബിസിനസ് 2. കമ്പനിയുടെ മാനേജ്‌മെന്റ് 3. സാമ്പത്തികഘടകങ്ങള്‍ 4. ഓഹരിയുടെ നിലവിലുള്ള മൂല്യം ഇതില്‍ ആദ്യത്തെ മൂന്ന് ഘടകങ്ങളാണ് ഒരു കമ്പനിയുടെ അടിസ്ഥാന ശേഷിയെ (ഫണ്ടമെന്റല്‍ സ്‌ട്രെങ്്തിനെ) നിര്‍ണയിക്കുന്നത്. നാലാമത്തെ ഘടകം ഓഹരിയുടെ വില ന്യായമാണോ എന്ന് നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡമാണ്. ഇതില്‍ ഏതെങ്കിലും ഒന്നോ രണ്ടോ ഘടകങ്ങള്‍ മാത്രം പരിഗണിച്ചാല്‍ കമ്പനിയെ കുറിച്ചുള്ള വിലയിരുത്തല്‍ പൂര്‍ണമാകില്ല. ഓഹരികളുടെ കുറ്റമറ്റ തിരഞ്ഞെടുപ്പിന് ഈ നാല് ഘടകങ്ങളും പരിഗണിക്കേണ്ടതുണ്ട്.

കമ്പനി എന്ത് ബിസിനസാണ് ചെയ്യുന്നത്?

താന്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന കമ്പനി എന്ത് ബിസിനസാണ് ചെയ്യുന്നത് എന്ന് നിക്ഷേപകന്‍ ശ്രദ്ധിച്ചിരിക്കണം. എന്ത് ഉല്‍പന്നമാണ് ആ കമ്പനി വില്‍ക്കുന്നത്, ആ ഉല്‍പന്നത്തിന് വിപണിയില്‍ എന്തുമാത്രം ഡിമാന്‍ഡുണ്ട്, എങ്ങനെയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്, മറ്റ് കമ്പനികളില്‍ നിന്ന് എന്തുമാത്രം മത്സരം നേരിടുന്നുണ്ട് തുടങ്ങിയ കാര്യങ്ങള്‍ നിക്ഷേപകന്‍ പരിശോധിച്ചിരിക്കണം. കമ്പനി നേരിടുന്ന വെല്ലുവിളികളെയും കമ്പനിയുടെ ശക്തിയെയും ദൗര്‍ബല്യങ്ങളെയും മനസ്സിലാക്കുന്നത് കമ്പനിയെ അറിയുന്നതിന്റെ ഭാഗമാണ്.

ആരാണ് കമ്പനിയെ നയിക്കുന്നത്?

കമ്പനി ചെയ്യുന്ന ബിസിനസ് എന്താണെന്ന് മനസ്സിലാക്കി കഴിഞ്ഞാല്‍ അടുത്തതായി ചെയ്യേണ്ടത് ആ കമ്പനി നടത്തുന്നത് ആരാണ് എന്ന് അറിയുകയാണ്. എത്രമാത്രം കാര്യക്ഷമമായാണ് കമ്പനിയുടെ ഉടമസ്ഥരും മാനേജ്‌മെന്റിന് നേതൃത്വം നല്‍കുന്നവരും കമ്പനിയുടെ നടത്തിപ്പ് നിര്‍വഹിക്കുന്നത് എന്ന് നിക്ഷേപകന്‍ പരിശോധിച്ചിരിക്കണം. മാനേജ്‌മെന്റിന്റെ സത്യസന്ധത, കാര്യക്ഷമത, മത്സരക്ഷമത തുടങ്ങിയ കാര്യങ്ങള്‍ തൃപ്തികരമാണെന്ന് ബോധ്യപ്പെടുകയാണെങ്കില്‍ മാത്രമേ ആ കമ്പനിയുടെ ഓഹരി നിക്ഷേപത്തിനായി തിരഞ്ഞെടുക്കാവൂ. മാനേജ്‌മെന്റിന്റെ മുന്‍കാല ചരിത്രവും ഓഹരി ഉടമകളുടെ താത്പര്യത്തെ മാനിക്കുന്ന മാനേജ്‌മെന്റാണോയെന്നതു സംബന്ധിച്ച വസ്തുതകളുമൊക്കെ വിലയിരുത്തേണ്ടതുണ്ട്.

കമ്പനി എത്രത്തോളം ലാഭകരമായി പ്രവര്‍ത്തിക്കുന്നു?

ഒരു കമ്പനിയുടെ അടിസ്ഥാനപരമായ കരുത്തിനെ നിര്‍ണയിക്കുന്ന പ്രധാന ഘടകമാണ് കമ്പനിയുടെ സാമ്പത്തിക നില. ഒരു കമ്പനി തുടര്‍ച്ചയായി നഷ്ടം രേഖപ്പെടുത്തുകയാണെങ്കില്‍ ആ കമ്പനി മറ്റേത് ഘടകത്തില്‍ മുന്നിട്ടുനിന്നാലും നിക്ഷേപത്തിനുള്ള ശരിയായ തിരഞ്ഞെടുപ്പ് ആയിരിക്കില്ല. ലാഭകരമായി മുന്നോട്ടുപോകുകയും വരുമാനത്തിലും ലാഭക്ഷമതയിലും സ്ഥിരതയോടെ വളര്‍ച്ച കൈവരിക്കുകയും ചെയ്യുന്ന ഒരു കമ്പനിയാണെന്ന നിഗമനത്തില്‍ എത്തിയതിനു ശേഷം മാത്രമേ ആ കമ്പനി നിക്ഷേപയോഗ്യമാണോയെന്ന് തീരുമാനിക്കാവൂ.

ഓഹരിയുടെ മൂല്യം ന്യായമാണോ?

മുകളില്‍ പറഞ്ഞ മൂന്ന് ഘടകങ്ങളും വിലയിരുത്തുമ്പോള്‍ കമ്പനി മികച്ചതാണെന്ന് ബോധ്യപ്പെടുകയാണെങ്കില്‍ അടുത്തതായി നിക്ഷേപകന്‍ പരിശോധിക്കേണ്ടത് കമ്പനിയുടെ ഓഹരി ന്യായമായ വിലയിലാണോ ഇപ്പോള്‍ ലഭ്യമായിരിക്കുന്നത് എന്നാണ്. ഒരു സാധനത്തിന്റെ വില ന്യായമല്ല എന്ന് തോന്നിയാല്‍ അത് എത്ര മികച്ചതായാലും നാം അത് വാങ്ങാറില്ല. അതുപോലെ തന്നെയാണ് ഓഹരിയുടെ കാര്യവും. ഒരു കമ്പനിയുടെ മൂല്യനിര്‍ണയത്തിന് പുസ്തകമൂല്യം, പ്രതി ഓഹരി വരുമാനം, പ്രതി ഓഹരി വരുമാനവും ഓഹരിയുടെ വിലയും തമ്മിലുള്ള അനുപാതം, പുസ്തകമൂല്യവും ഓഹരിയുടെ വിലയും തമ്മിലുള്ള അനുപാതം തുടങ്ങിയ വിവിധ ഘടകങ്ങള്‍ മാനദണ്ഡങ്ങളാക്കേണ്ടതുണ്ട്. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഓഹരിയുടെ വില കുറഞ്ഞ നിലയിലാണോ, ന്യായമാണോ, അമിത വിലയിലാണോ എന്നൊക്കെ നിര്‍ണയിക്കുന്നത്.



വരുംകാല വളര്‍ച്ചയ്ക്ക് ഓഹരി നിക്ഷേപം



കഴിഞ്ഞ കാലത്തെ വളര്‍ച്ച ഭാവിയില്‍ ഓഹരി വിപണിയിലുണ്ടാകുമോ? ഇതിന് നേരിട്ട് ഉത്തരം നല്‍കുന്നതിനു പകരം ഇന്ത്യയെക്കുറിച്ചുളള ചില വിലയിരുത്തലുകള്‍ നല്‍കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഓഹരിയില്‍ നിക്ഷേപിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാം. ഇന്ത്യയുടെ സമ്പദ്ഘടനയ്ക്ക് വലിയൊരു ചരിത്രമുണ്ട്. ബ്രിട്ടീഷുകാര്‍ ഇന്ത്യയുടെ ഭരണം പിടിക്കുന്നതുവരെ ലോകത്തിലെ സമ്പത്തിന്റെ നാലിലൊന്നു മുതല്‍ മൂന്നിലൊന്നുവരെ നിയന്ത്രിച്ചിരുന്നത് ഇന്ത്യയായിരുന്നു. 1707-ല്‍ മുഗള്‍ രാജാവ് ഔറംഗസീബ് മരണമടഞ്ഞതിനെത്തുടര്‍ന്ന് ഇന്ത്യയെന്ന ഒറ്റ ആശയത്തിന് ഉടവു തട്ടുകയും ഈ അവസരം മുതലാക്കി ബ്രിട്ടീഷ്‌കാര്‍ പതിയെപ്പതിയെ ഇന്ത്യന്‍ സമ്പത്തിന്റെ നിയന്ത്രണം നേടുകയും ചെയ്തു. 1700-ല്‍ ഇന്ത്യന്‍ ജി.ഡി.പി ബ്രിട്ടന്റെ ഒമ്പതിരിട്ടിയായിരുന്നു. ഇരുന്നൂറ്റമ്പത് വര്‍ഷത്തെ ബ്രീട്ടീഷ് ഭരണം സാമ്പത്തികമായി ഇന്ത്യയെ ഏറ്റവും അവസാനത്തിലെത്തിച്ചു. 1947-ല്‍ സ്വാതന്ത്ര്യം നല്‍കി ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുമ്പോള്‍ ഇന്ത്യയുടെ 1.2 ഇരട്ടിയായിരുന്നു ബ്രിട്ടീഷ് ജി.ഡി.പിയെന്ന് ആഗോള സമ്പദ്ഘടനയെക്കുറിച്ചുളള ആഗ്നസ് മാഡിസണിന്റെ പഠനത്തില്‍ പറയുന്നു. ഇരുന്നൂറ് വര്‍ഷംകൊണ്ട് ബ്രീട്ടീഷ്‌കാര്‍ പാപ്പരാക്കിയ ഇന്ത്യ അടുത്ത 60-65 വര്‍ഷംകൊണ്ട് ലോകത്തിലെ പ്രധാനപ്പെട്ട സാമ്പത്തികശക്തിയായി തിരിച്ചു വന്നിരിക്കുകയാണ്. എണ്ണമില്ലാത്ത വിധത്തില്‍ ആഭ്യന്തരവും വൈദേശികവും സാമ്പത്തികവുമായ ഭീഷണികള്‍ക്കും പ്രശ്‌നങ്ങള്‍ക്കുമിടയിലാണ് ഇന്ത്യ ഈ നേട്ടമുണ്ടാക്കിയിട്ടുളളത്. പര്‍ച്ചേസിങ് പവര്‍ പാരിറ്റിയില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്ഘടനയായി മാറിയിരിക്കുന്നുവെന്നാണ് ഇന്റര്‍നാഷണല്‍ മോണിട്ടറി ഫണ്ട് ഏറ്റവുമൊടുവില്‍ വിലയിരുത്തുന്നത്. 2050-ഓടെ പര്‍ച്ചേസിങ് പവര്‍ പാരിറ്റിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്ഘടനയായി മാറുമെന്ന് അടുത്തയിടെ സിറ്റി ഗ്രൂപ്പ് നടത്തിയ പഠനത്തില്‍ പറയുന്നു. അടുത്ത വര്‍ഷം ചൈനയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കു മുമ്പില്‍ ഇന്ത്യ എത്തുമെന്ന് ലോകബാങ്കും വിലയിരുത്തുന്നു. ഇന്ത്യയിലെ ഇടത്തരക്കാരുടെ എണ്ണം 2007-ലെ 5 കോടിയില്‍നിന്ന് 2025-ല്‍ 58.3 കോടിയായി ഉയരുമെന്നും അതേപോലെ 29.1 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍നിന്ന് പുറത്തു കടക്കുമെന്നും ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ മക്കിന്‍സി കണക്കാക്കുന്നു. 2025-ഓടെ ഇന്ത്യന്‍ കണ്‍സ്യൂമര്‍ വിപണി ലോകത്തിലെ ഏറ്റവും വലിയ നാലാമത്തേതായിരിക്കുമെന്നും മക്കിന്‍സി കണക്കാക്കുന്നു. ഇത്തരത്തിലുളള ഉപഭോക്തൃവളര്‍ച്ചയ്ക്ക് വന്‍തോതിലുളള നിക്ഷേപം സമ്പദ്ഘടനയിലുണ്ടാകണം. വരുംവര്‍ഷങ്ങളില്‍ ഇന്ത്യ പുതിയ ഉയരങ്ങളിലേയ്ക്ക് നീങ്ങുമെന്നാണ് ആഗോള ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ ഗോള്‍ഡ്മാന്‍ സാക്‌സ് പ്രവചിക്കുന്നത്. 2035-ല്‍ യു.എസിനും ചൈനയ്ക്കും പിന്നില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്ഘടനയായിരിക്കും. ആ സമയം യു.എസ് സമ്പദ്ഘടനയുടെ 60 ശതമാനം വലുപ്പം ഇന്ത്യ നേടുമെന്നും അവര്‍ വിലയിരുത്തുന്നു. 1952-ല്‍ ആദ്യത്തെ പഞ്ചവത്സരപദ്ധതിയോടെ ഇന്ത്യന്‍ സമ്പദ്ഘടനയുടെ പുനര്‍നിര്‍മാണം ആരംഭിച്ചുവെങ്കിലും 1991-ല്‍ ഡോ. മന്‍മോഹന്‍ സിങ് ധനകാര്യമന്ത്രിയായിരുന്നപ്പോള്‍ ആരംഭിച്ച സാമ്പത്തിക ഉദാരവത്കരണമാണ് രണ്ടാംഘട്ട സാമ്പത്തിക വളര്‍ച്ചയ്ക്ക് തുടക്കം കുറച്ചത്. ഇന്ത്യയുടെ സംരംഭകശക്തിയെ ഉണര്‍ത്തുവാനും ഇതു സഹായിച്ചു. സ്വാതന്ത്ര്യത്തിനുശേഷം 1991 വരെയുള്ള ശരാശരി വാര്‍ഷിക ജി.ഡി.പി വളര്‍ച്ച 4.18 ശതമാനമാണ്. 1991 മുതല്‍ അടുത്ത 20 വര്‍ഷക്കാലത്ത് വാര്‍ഷിക ജി.ഡി.പി വളര്‍ച്ച 6.7 ശതമാനമായി. ഉദാരവത്കരണത്തിന്റെ ആദ്യത്തെ പത്തുവര്‍ഷക്കാലത്ത് പ്രതിവര്‍ഷം 5.6 ശതമാനമാണ് ജി.ഡി.പി വളര്‍ച്ച. രണ്ടാം ദശകത്തിലിത് 7 ശതമാനവും. ഇന്ത്യ ശരിയായ സാമ്പത്തിക വളര്‍ച്ചയുടെ തുടക്കത്തിലാണ്. അതായത് വരും ദശകങ്ങള്‍ ഇന്ത്യന്‍ വളര്‍ച്ചാകഥയുടെ നാളുകളാണ്. ഇന്ത്യയെക്കുറിച്ച് ലോകത്തിന് പ്രതീക്ഷയാണ്. ഇന്ത്യക്കാരേക്കാള്‍ കൂടുതല്‍ പ്രതീക്ഷ എന്നു പറഞ്ഞാല്‍പോലും അധികമാവില്ല. ഇന്ത്യയെക്കുറിച്ച് ഏറ്റവും കുടുതല്‍ പഠിക്കുന്നത് ഇന്ത്യക്കാരല്ല, വിദേശീയരാണെന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. അടുത്ത കാലത്ത് ആഗോള നിക്ഷേപഗുരുവായ വാറന്‍ ബുഫറ്റ് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ പറഞ്ഞത് ശ്രദ്ധേയമാണ്. ഇന്ത്യ ഇതുവരെ സന്ദര്‍ശിക്കാതിരുന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ മഠയത്തരമായി എന്നാണ്. യു.എസ് ബാങ്കിങ് ഗ്രൂപ്പായ സിറ്റി, ഇന്ത്യയെ കാണുന്നത് അടുത്ത സാമ്പത്തിക ശക്തിയായിട്ടാണ്. അടുത്ത 39 വര്‍ഷത്തില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്ഘടനയായി മാറുമെന്നാണ്. പര്‍ച്ചേസിങ് പവര്‍ പാരിറ്റിയില്‍ ഇന്ത്യന്‍ ജി.ഡി.പിയുടെ വലുപ്പം 2050-ല്‍ 85.97 ലക്ഷം കോടി ഡോളറാകുമെന്ന് സിറ്റി ഗ്രൂപ്പ് കണക്കാക്കുന്നു. ഇന്ത്യയ്ക്ക് തൊട്ടു പിന്നിലുളള ചൈനയുടെ ജി.ഡി.പിയുടെ വലുപ്പം 80.012 ലക്ഷം കോടി ഡോളറായിരിക്കും. മൂന്നാം സ്ഥാനത്തുളള യു.എസിന്റേത് 39.07 ലക്ഷം കോടി ഡോളറും. 2050-ല്‍ ഇന്ത്യയുടെ ജനസംഖ്യ 163 കോടിയായി ഉയരും. ഇതനുസരിച്ച് ആളോഹരി വരുമാനം അന്ന് 53,000 ഡോളറായിരിക്കും. അതായത് ഇന്നത്തെ സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വേ തുടങ്ങിയ രാജ്യങ്ങളുടെ സ്ഥിതിയിലേയ്ക്ക് ഇന്ത്യ ഉയരും. 2050-ഓടെ ഇന്ത്യയില്‍നിന്ന് ദാരിദ്ര്യം തുടച്ചു മാറ്റപ്പെടുകയും ചെയ്യും. 2050-ല്‍ ഇന്ത്യയിലെ 100 കോടി ജനങ്ങളുടെ വരുമാനം 10,000-40,000 ഡോളറിന് ഇടയിലായിരിക്കുമെന്ന് സിറ്റി ഗ്രൂപ്പ് കണക്കാക്കുന്നു. 30 കോടി ജനങ്ങള്‍ 40,000 ഡോളറിന് മുകളില്‍ വരുമാനമുള്ളവരായിരിക്കും. 2011-ല്‍ ഇന്ത്യന്‍ ജി.ഡി.പിയുടെ വലുപ്പം 4.45 ലക്ഷം കോടി ഡോളറാണ്. അടുത്ത 39 വര്‍ഷത്തില്‍ ഇന്ത്യന്‍ ജി.ഡി.പി 85.97 ലക്ഷം കോടിയിലെത്തണമെങ്കില്‍ പ്രതിവര്‍ഷം 8.1 ശതമാനം വളര്‍ച്ച നേടേണ്ടിയിരിക്കുന്നു. ഇന്ത്യയുടെ ഈ വളര്‍ച്ച സാധ്യമാകുന്നതിന് ജനസംഖ്യയും ജനാധിപത്യവും സഹായിക്കുമെന്നാണ് സിറ്റി ഗ്രൂപ്പ് പറയുന്നത്. 2015-35 കാലയളവില്‍ ജോലി ചെയ്യാന്‍ കഴിയുന്ന ജനസംഖ്യ ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്ത്യയിലായിരിക്കുമെന്നാണ് സിറ്റി പഠനം പറയുന്നത്. ഏതാണ്ട് 80 കോടി ജനങ്ങള്‍. ഇന്ത്യ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്ഘടനയായി ഉയര്‍ന്നിട്ടുണ്ട്. ജപ്പാന്റെ ജി.ഡി.പി 2011-ല്‍ 4.42 ലക്ഷം കോടി ഡോളറിലേയ്ക്ക് താഴ്ന്ന സാഹചര്യത്തിലാണിത്. വളരുന്ന ആഗോള ശക്തിയെന്നു തന്നെയാണ് ഇന്ത്യയെ യു.എസ് കരുതുന്നതും. ഇന്ത്യയുടെ വലുപ്പവും ജനസംഖ്യയും സ്ഥാനവും ആഗോള തലത്തില്‍ ഇന്ത്യയുടെ ശബ്ദത്തിന് കൂടുതല്‍ സ്ഥാനം നേടിക്കൊടുക്കുന്നതായി അമേരിക്ക കരുതുന്നു. മൂന്നാം ലോക രാജ്യങ്ങളില്‍ ഏറ്റവും കരുത്തുളള രാജ്യമായും ഇന്ത്യയെ യു.എസ് കാണുന്നു. ഹ്രസ്വകാലത്തില്‍ എന്തു സംഭവിച്ചാലും ഇന്ത്യയെക്കുറിച്ച് താന്‍ ബുള്ളീഷ് ആണെന്ന് 'ആഗോളനിക്ഷേപ ഗുരു' മാര്‍ക്ക് ഫാബറെപ്പോലുളളവര്‍ പറയുന്നു. അടുത്ത 15 വര്‍ഷത്തിനുളളില്‍ ഇന്ത്യ ലോകത്തിലെ സാമ്പത്തിക ശക്തികളിലൊന്നായിരിക്കും. ബ്രിട്ടീഷ്‌കാര്‍ ഇവിടംവിട്ട് 60-65 വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തികശക്തിയായി ഇന്ത്യ തിരിച്ചു വന്നിരിക്കുകയാണ്. ഒരുപാട് പ്രതിസന്ധികളെ നേരിട്ട് വിജയം വരിച്ച വളരെ വലിയ ചരിത്രമുളള ഇന്ത്യയ്‌ക്കെതിരേ പന്തയം വയ്ക്കുവാന്‍ ആര്‍ക്കാണ് സാധിക്കുകയെന്ന് ഫാബര്‍ ചോദിക്കുന്നു. ഇന്ത്യയുടെ ഈ സാമ്പത്തികവളര്‍ച്ചാസാധ്യത കണക്കിലെടുക്കുമ്പോള്‍ ഇന്ത്യന്‍ ഓഹരി വിപണിക്ക് വലിയ സാധ്യതയാണുളളത്. 1960 കള്‍ക്കുശേഷം യു.എസിലുണ്ടായ വളര്‍ച്ചയാണ് അടുത്ത 40 വര്‍ഷക്കാലത്ത് ഇന്ത്യയില്‍ സംഭവിക്കുവാന്‍ പോകുന്നതെന്നാണ് വിവിധ ആഗോള ഏജന്‍സികളുടെ വിലയിരുത്തല്‍. 2050-ല്‍ ഇന്ത്യ ചൈനയ്ക്കു പിന്നില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തികശക്തിയാകുമെന്നും വിലിയരുത്തപ്പെടുന്നു. ഇന്ത്യ അടുത്ത 40 വര്‍ഷങ്ങള്‍ക്കുളളില്‍ ആഗോള സമ്പദ്ഘടനയുടെ 25 ശതമാനത്തോളം സംഭാവന ചെയ്യുന്ന രാജ്യമായി തിരികെയെത്തും. 1700-കളിലേ സ്ഥിതിയിലേയ്ക്ക്. ഇതിന് ഇന്ത്യന്‍ ഓഹരി വിപണി വളര്‍ന്നേ മതിയാകൂ. സ്വഭാവികമായി ഓഹരി വിപണിയിലെ നിക്ഷേപവും. ഈ സാധ്യതയാണ് ഇന്ത്യന്‍ ഓഹരി വിപണിയിലെ നിക്ഷേപം സമ്പത്ത് ഉണ്ടാക്കി നല്‍കുക. അതിനാല്‍ റിട്ടയര്‍മെന്റ് ആസ്തിയില്‍ ഒരു ഭാഗം തീര്‍ച്ചയായും ഓഹരിയില്‍ നിലനിര്‍ത്തുക. ഇതോടെ ചോദ്യത്തിനുളള ഉത്തരമായി എന്നു വിചാരിക്കുന്നു. ഇരുപത്തിയഞ്ച് വയസില്‍ ജോലിക്കു ചേരുന്ന ഒരാള്‍ തീര്‍ച്ചയായും റിട്ടയര്‍മെന്റ് നിക്ഷേപത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ അതില്‍ നല്ലൊരു പങ്ക് ഓഹരിയിലായിരിക്കണം. ആവശ്യത്തിന് ഇന്‍ഷുറന്‍സ്, പ്രൊവിഡന്റ് ഫണ്ട്, ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി തുടങ്ങിയവയ്ക്കുശേഷമുളള സമ്പാദ്യത്തില്‍ 80 ശതമാനം വരെ ഓഹരി അധിഷ്ഠിത നിക്ഷേപത്തില്‍ നടത്തണം. 100 വയസ് ജീവിതകാലമായി കണക്കാക്കിയാല്‍ ഇതില്‍നിന്ന് ഇപ്പോഴത്തെ വയസ് കുറയ്ക്കുമ്പോള്‍ ലഭിക്കുന്ന സംഖ്യയ്ക്കു തുല്യമായ ശതമാനം ഓഹരിയില്‍ നിക്ഷേപിക്കാം. പ്രായം കൂടുംതോറും ഇക്വിറ്റിയിലെ നിക്ഷേപം കുറച്ചുകൊണ്ടുവരാം. റിസ്‌ക് എടുക്കുവാനുളള ശേഷിയനുസരിച്ച് ഈ അനുപാതത്തില്‍ മാറ്റം വരുത്താം. അറുപതാം വയസില്‍ റിട്ടയര്‍ ചെയ്യുമ്പോഴേയ്ക്കും ഇക്വിറ്റിയിലെ നിക്ഷേപം 20-30 ശതമാനത്തിലേയ്ക്ക് താഴ്ത്തിക്കൊണ്ടു വരാം. റിട്ടയര്‍മെന്റിനുശേഷവും ഇക്വിറ്റിയില്‍ നിക്ഷേപം തുടരണമോയെന്നും പലരും സംശയിക്കുന്നുണ്ടാവും. ഇക്വിറ്റിയില്‍ നിക്ഷേപം നടത്തരുതെന്ന് പല ഫിനാന്‍ഷ്യന്‍ പ്ലാനര്‍മാരും ഉപദേശിക്കാറുമുണ്ട്. എന്നാല്‍ നാണ്യപ്പെരുപ്പത്തെ ദീര്‍ഘകാലത്തില്‍ നേരിട്ട് ഉയര്‍ന്ന റിട്ടേണ്‍ നല്‍കുന്ന ആസ്തിയെന്ന നിലയില്‍ ഓഹരിയെ ഉപേക്ഷിക്കുന്നത് ശരിയല്ല. റിട്ടയര്‍ ചെയ്തു കഴിഞ്ഞാലും ജോലി ചെയ്ത കാലത്തോളം തന്നെ പിന്നെയും ജീവിതം മുമ്പിലുണ്ടെന്ന കാര്യം വിസ്മരിക്കരുത്. അതിനാല്‍ നിക്ഷേപം പൂര്‍ണമായി ഡെബ്റ്റിലേയ്ക്ക് (കടപത്രങ്ങള്‍) മാറുന്നതിനു പകരം 20-30 ശതമാനം ഓഹരിയില്‍ സൂക്ഷിക്കുന്നത് നാണ്യപ്പെരുപ്പത്തിന്റെ ആഘാതത്തെ നേരിടുവാനും സമ്പത്ത് വളര്‍ത്തുവാനും സഹായകരമാകും.

No comments:

Post a Comment