Ind disable

Sunday, 17 March 2013

പാസ്‌വേഡുകൾ സുരക്ഷിതമാക്കാനുള്ള വഴികൾ


കമ്പ്യൂട്ടറൊ അനുബന്ധ സേവനങ്ങളൊ ഉപയോഗിക്കുന്ന ഒരു ഉപയോക്താവിനെ തിരിച്ചറിയുവാനുപയോഗിക്കുന്ന അക്ഷരങ്ങളുടെയൊ അക്കങ്ങളുടെയൊ ഒരു കൂട്ടത്തെയാണു   വളരെ ലളിതമായി പറയുകയാണങ്കിൽ പാസ്‌വേഡുകൾ എന്നു പറയുന്നത്. ലോക്ക് ചെയ്തിരിക്കുന്ന ഒരു  സിസ്റ്റത്തിലേക്കൊ അല്ലെങ്കിൽ ഇന്റർനെറ്റിലെ ചില പ്രത്യേക വെബ് പേജുകളിലേക്കൊ അല്ലെങ്കിൽ ചില ആപ്പ്ലിക്കേഷനുകളിലേക്കൊ   പ്രവേശിക്കണമെങ്കിൽ ഉപയോക്താവ് അയാളുടെ ഉപയോക്തൃനാമവും രഹസ്യവാക്കുകളും നൽകേണ്ടത് അത്യാവശ്യമാണ്. ഉപയോക്താവ് നൽകിയിരിക്കുന്ന ഉപയോക്തൃനാമവും രഹസ്യവാക്കും ശരിയാണങ്കിൽ കമ്പ്യൂട്ടർ സിസ്റ്റം അതു നൽകുന്നയാളിനെ വിവരങ്ങൾ സ്വീകരിക്കുന്നതിനും അവ മോഡിഫൈ ചെയ്യുന്നതിനും അനുവദിക്കുന്നു.

കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട എല്ലാ പ്രധാനപ്പെട്ട  പ്രവർത്തികൾക്കും പാസ്‌വേഡുകൾ അത്യാവശ്യമായിരിക്കും. ജോബ് സൈറ്റുകളിൽ സെർച്ച് ചെയ്യുന്നതിനൊ രജിസ്റ്റർ ചെയ്യുന്നതിനൊ, ബാങ്കിംഗ്, ഇമെയിൽ അക്കൌണ്ടുകൾ പരിശോധിക്കുന്നതിനൊ , ഓഫിസുകളിൽ കയറുന്നതിനൊ എല്ലാത്തിനും പാസ്വേഡുകൾ അനുപേക്ഷണീയമാണ്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ സുക്ഷിക്കുന്നതിനായും അത്തരം വിവരങ്ങളുടെ സുരക്ഷാ ആവശ്യങ്ങൾക്കുമായിട്ടാണ് പാസ്‌വേഡുകൾ പ്രധാനമായും ഉപയോഗിക്കുന്നത്.

പാസ്‌വേഡുകൾ തെരഞ്ഞെടുക്കുമ്പോൾ  ശ്രദ്ധിക്കേണ്ടവ
നിങ്ങളുടെ പാസ്‌വേഡുകൾക്ക് യാതൊരു വിധത്തിലും നിങ്ങളുടെ വ്യക്തിഗത വിവരങ്ങളുമായി ബന്ധമുണ്ടായിരിക്കാൻ പാടില്ല. ഉദാഹരണത്തിനു ജനനസ്ഥലം, കുടുംബപ്പേരുകൾ, അഛന്റെയൊ അമ്മയുടെയൊ പേരുകൾ, കുട്ടീകളുടെ പേരുകൾ, ഉപയോക്താവിന്റെ പേരിന്റെ ചുരുക്ക പേരുകൾ ഇവയെല്ലാം തന്നെ എളുപ്പത്തിൽ മനസ്സിലാക്കിയെടുക്കുവാൻ സാധിക്കുന്നവയായിരിക്കും.
ഡിക്ഷ്ണറികളിലുള്ള വാക്കുകൾ ഒരിക്കലും അതേപടി പാസ്‌വേഡുകളായി നൽകുവാൻ പാടില്ല. അതു പോലെ നീളമുള്ള വാക്കുകളും,പാസ്വേഡുകൾക്ക് നീളമുണ്ട് എന്നു കരുതി അവ സുരക്ഷിതമായിരിക്കണമെന്നില്ല.

സ്ഥലനാമങ്ങളുടെ പേരിലൊ, പ്രസിദ്ധരായ ആൾക്കാരുടെ പേരുകളൊ പാസ്‌വേഡൂകൾ നൽകാൻ പാടുള്ളതല്ല. ഇത്തരത്തിലുള്ള പാസ്‌വേഡുകൾ എളുപ്പത്തിൽ ബ്രേക്ക് ചെയ്യാൻ സാധിക്കുന്നവയാണ്.

വാക്കുകളുടെ ഇടയിൽ അക്കങ്ങൾ കൂടി കൊടുത്തത് കൊണ്ട് മാത്രം പാസ്‌വേഡുകൾ ശക്തമായ ഒന്നാണെന്നു കരുതരുത്. ഉദാഹരണത്തിനു kffio#$%vbcv;kbഎന്നിങ്ങനെയുള്ള വാക്കുകൾ പാസ്‌വേഡുകളായി നൽകിയതു കൊണ്ട് കാര്യമില്ല. മാത്രമല്ല ഇത്തരം പാസ്‌വേഡുകൾ എളുപ്പത്തിൽ തന്നെ മനസ്സിലാക്കിയെടുക്കുവാനും സാധിക്കുന്ന ഒന്നാണ്.

ഒരേ പാസ്‌വേഡ് തന്നെ വിവിധ അക്കൗണ്ടുകൾക്കായി ഉപയോഗിക്കാൻ പാടുള്ളതല്ല. ഇതു വഴി ഏതെങ്കിലും അക്കൗണ്ടിന്റെ പാസ്‌വേഡുകൾ മറ്റൊരാളിന്റെ കൈവശമെത്തിച്ചേർന്നാൽ വളരെ എളുപ്പത്തിൽ തന്നെ മറ്റു അക്കൗണ്ടുകൾ കൂടീ ഇവരുടെ അധീനതയിലാകാനുള്ള സാധ്യത കൂടുതലായിരിക്കും. അത്കൊണ്ട് തന്നെ ഓരൊ അക്കൗണ്ടുകൾക്കും വ്യത്യസ്തങ്ങളായ പാസ്‌വേഡുകൾ ഉപയോഗിക്കണം.

പാസ്‌വേഡുകൾ മറ്റൊരാളിൽ എത്തി എന്നൊരു തോന്നലുണ്ടായാൽ ഉടൻ തന്നെ പാസ്‌വേകൾ മാറ്റിയിരിക്കണം. ഒരിക്കലും പാസ്‌വേഡൂകൾ മറ്റുള്ളവർ കാണുന്ന വിധത്തിലൊ എളുപ്പത്തിൽ അക്സസ് ചെയ്യാൻ കഴിയുന്ന രീതിയിലോ എഴുതി സൂക്ഷിക്കാൻ പാടുള്ളതല്ല.

രണ്ടാഴ്ചയിലൊരിക്കൽ നിങ്ങളുടെ അക്കൗണ്ടുകളുടെ പാസ്‌വേഡുകൾ മാറ്റിയിരിക്കണം. കഴിയുമെങ്കിൽ ആഴ്ചയിലൊരിക്കൽതന്നെ  പാസ്‌വേഡൂകൾ മാറ്റാനായി ശ്രമിക്കണം. മാത്രമല്ല വളരെ അടുത്തായി മാറ്റിയ പാസ്‌വേഡുകൾ യാതൊരു കാരണവശാലും വീണ്ടും ഉപയോഗിക്കാൻ പാടുള്ളതല്ല. അഥവാ അങ്ങനെ ഉപയോഗിക്കുകയാണെങ്കിൽ പോലും ഒരു ദീർഘകാല ഇടവേളയിട്ട് വേണം അങ്ങനെ ചെയ്യുവാനായി. മറ്റുള്ളവർക്ക് എളുപ്പത്തിൽ ഊഹിച്ചെടുക്കുവാൻ കഴിയുന്ന പാസ്‌വേഡൂകളും നൽകാൻ പാടുള്ളതല്ല.

പാസ്‌വേഡൂകൾ തെരഞ്ഞെടുക്കുമ്പോൾ   അക്കങ്ങൾ, അക്ഷരങ്ങൾ, സ്പെഷ്യൽ ക്യാരക്റ്ററുകൾ (ഹാഷ്,ഡോളർ സൈൻ,സ്റ്റാർ തുടങ്ങിയവ) എന്നിവയുടെ ഒരു കോമ്പിനേഷൻ ആയിരിക്കാൻ എപ്പോഴും ശ്രദ്ധിക്കണം. ഇങ്ങനെ ഉപയോഗിക്കുമ്പോൾ അക്കങ്ങൾക്ക് പകരം അക്ഷരങ്ങളും, അക്ഷരങ്ങൾക്ക് പകരം അക്കങ്ങളൂം ഉപയൊഗിക്കാൻ ശ്രമിക്കുക. 
ഉദാഹരണത്തിനു നിങ്ങൾ നൽകാനുദ്ദേശിക്കുന്ന  പാസ്‌വേഡ് "monotorva@938" എന്നാണെങ്കിൽ അതിനെ "m0N0t0@Rva@gB8" എന്നോ നൽകുന്നത് നല്ലതായിരിക്കും, ഇവിടെ “O" എന്ന അക്ഷരത്തിനു പകരം “0” എന്ന അക്കം ഉപയോഗിക്കുകയും ഇടക്കിടെ ക്യാപിറ്റൽ ലെറ്റർ ഉപയോഗിക്കുകയും, “a" എന്ന അക്ഷരത്തിനു പകരം “@“ “#“  എന്നീ സ്പെഷ്യൽ ക്യാരക്റ്ററുകളും, “9” എന്ന അക്കത്തിനു പകരം “ g" എന്ന അക്ഷരവും, “3” ക്ക് പകരം "B" എന്ന അക്ഷരവും ഉപയോഗിച്ചിരിക്കുന്നു. അക്കങ്ങളെയും അക്ഷരങ്ങളെയും വേർതിരിച്ചറിയാനായി വീണ്ടും “@“ എന്ന സ്പെഷ്യൽ ക്യാരക്റ്ററും ഉപയോഗിച്ചീരിക്കുന്നു. സാധാരണഗതിയിൽ പാസ്സ്‌വേഡുകൾക്ക് മിനിമം 6-9 വരെ ക്യാരക്റ്ററുകളാണു ചോദിക്കുന്നതെങ്കിലും ഏറ്റവും കുറഞ്ഞത് 14 ക്യാരക്റ്ററുകളെങ്കിലും നിങ്ങളുടെ പാസ്‌വേഡിൽ ഉണ്ടായിരിക്കാൻ ശ്രദ്ധിക്കണം.
എന്നാൽ ഒരു പാടു അക്കൗണ്ടുകൾ നിലവിലുണ്ടങ്കിലൊ  അവയുടെയെല്ലാം  പാസ്‌വേഡുകൾ വ്യത്യസ്തമായിരിക്കുകയാണങ്കിലൊ  അവ തമ്മിൽ പരസ്പരം മാറിപ്പോകാനുള്ള സാധ്യതകൾ കൂടുതലായിരിക്കും. അത്തരം അവസരങ്ങളിൽ കീ പാസൊ , അക്സസ് മാനേജരോ  പാസ്‌വേഡ് ഗോറില്ല പോലെയൊ ഉള്ള  പാസ്‌വേഡ് മാനേജിംഗ് സോഫ്റ്റ്വെയറുകളുടെ സഹായം തേടാവുന്നതാണ്. ഈ പാസ്‌വേഡ് മാനേജർമാർ നമ്മുടെ വിവിധ അക്കൗണ്ടുകളുടെ പാസ്‌വേഡുകൾഎൻക്രിപ്ഷൻ നടത്തിൽ  ലിസ്റ്റ് ചെയ്തു സൂക്ഷിക്കുകയും അവയെ മറ്റൊരു മാസ്റ്റർ പാസ്‌വേഡ് കൊണ്ട് സുരക്ഷിതമായി ലോക്ക് ചെയ്ത് വെക്കുകയും ചെയ്യുന്നു. മാത്രമല്ല ഈ സോഫ്റ്റ്വെയറുകൾ ശക്തിയേറിയ പാസ്‌വേഡുകൾ ഉണ്ടാക്കുന്നതിനായി സഹായിക്കുകയും ചെയ്യുന്നു.

ഇമെയിലുകൾ ഉപയോഗിക്കുന്നതിനു വേണ്ടീയുള്ളവയൊ , വെബ്-‌സൈറ്റുകളുടെ മാനേജ്മെന്റ് പാസ്‌വേഡുകളൊ നിങ്ങളുടെ ലോക്കൽ സിസ്റ്റത്തിന്റെ പാസ്‌വേഡുകളായി ഒരിക്കലും നൽകാൻ പാടുള്ളതല്ല. ഇൻസ്റ്റന്റ് ചാറ്റുകൾ, ഇമെയിലുകൾ എസ് എം എസ്സുകൾ മുതലായവ വഴി ഒരിക്കലും പാസ്‌വേഡുകൾ ആർക്കും നൽകുവാനും പാടുള്ളതല്ല. എപ്പോഴെങ്കിലും അങ്ങനെ ചെയ്യേണ്ടി വന്നാൽ ആർക്കാണൊ പാസ്‌വേഡ് നൽകുന്നത് അയാൾക്ക് മാത്രമെ നാം നൽകുന്ന പാസ്‌വേഡുകൾ ലഭിക്കുന്നുള്ളു എന്നുറപ്പു വരുത്തണം.

ഷെയർ ചെയ്യപ്പെടേണ്ടീ വരുന്ന പാസ്‌വേഡൂകൾ ഒരിക്കലും പെഴ്സണൽ പാസ്‌വേഡുകളാകുവാൻ പാടുള്ളതല്ല. മാത്രമല്ല ഷെയർ ചെയ്യപ്പെടുന്ന പാസ്‌വേഡുകൾ ഉപയോഗിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കുകയും വേണം.

ഇതിലെല്ലാത്തിലും പ്രധാനം നിങ്ങളുടെ പാസ്‌വേഡുകൾ ആർക്കും നൽകാൻ പാടില്ല എന്നുള്ളതു തന്നെയാണ്. എപ്പൊഴെങ്കിലും ഒരിക്കൽ നിങ്ങളുടെ പാസ്‌വേഡുകൾ ആരോടെങ്കിലും നൽകിക്കഴിഞ്ഞാൽ നിങ്ങൾക്ക് നിങ്ങളുടെ പാസ്‌വേഡുകളിൽ യാതൊരു നിയന്ത്രണവും ഇല്ലാതായി എന്നു തന്നെയാണർത്ഥം.
മുകളിലേക്ക്

No comments:

Post a Comment