Ind disable

Thursday, 28 March 2013

കഥയുടെ ഗന്ധര്‍വ്വന്‍

                പി. പത്മരാജൻ

ദ്മരാജന്‍ ഒരു മഴക്കാലമായിരുന്നു,വളരെ ചെറിയ സമയത്തില്‍ മനസ്സിന്‍റെ ആര്‍ദ്രതകളില്‍ കുളിര് കോരി നിറച്ചു കടന്നു പോയ ഒരു മഴക്കാലം..മഴയേയും മഴ മേഘങ്ങളെയും സ്നേഹിച്ച ഗന്ധര്‍വന്‍ .....എത്രയോ മനസ്സുകള്‍‍ ഇന്നും പുസ്തകതാളുകളിലെ മയില്‍പീലി പോലെ സൂക്ഷിക്കുന്ന പതിനെട്ടു സിനിമകള്‍...
മണ്ണാറത്തൊടി ജയകൃഷ്ണന്റെ മനസ്സില്‍ പെയ്തിറങ്ങിയ ക്ലാരയെന്ന മഴപോലെ...
കവല വിളിച്ചിട്ടും നില്‍ക്കാതെ ചെറു മോനെ തേടി കടലിലേക്ക് നടക്കുന്ന അപ്പൂപ്പനെ പോലെ..
മുന്തിരിതോപ്പുകളില്‍ തളിര്‍ത്ത പ്രണയം പോലെ...
ഇന്നും എത്രയോ മനസ്സുകള്‍ പേറുന്നു ഈ പപ്പേട്ടനെ......
മണ്ണാറത്തൊടിയില്‍ ഇപ്പോഴും മഴ പെയ്യുന്നുണ്ട്..
തൊടിക്കപ്പുറമങ്ങു ദൂരെ ക്ലാരയുടെ മുഖം മഴയിലും വ്യക്തമായി തെളിയുന്നു....

മുന്തിരി തോപ്പുകളില്‍ തളിര്‍ത്ത പ്രണയത്തിന്റെ ഗന്ധം മഴവെള്ളം നിറയുന്ന തൊടിയാകെ പരക്കുന്നു....മഴ നനയുന്നതിനൊരു സുഖമുണ്ട്. വീണ്ടും വീണ്ടും നനയാന്‍ തോന്നിപ്പിക്കുന്ന, അനിര്‍വചനീയമായ ഒരു സുഖം. അത് പോലെ തന്നെ
ചില കാഴ്ചകളുണ്ട്‌, വീണ്ടും കാണാന്‍ തോന്നിക്കുകയും ഓരോ കാഴ്ചയിലും പുതിസൌന്ദര്യം പകര്‍ന്നു തരികയും ചെയ്യുന്നവ.
ഓരോ തവണയും പുതിയ അനുഭൂതികള്‍....
വര്‍ണ്ണങ്ങള്‍ വാരിവിതറിയ ചിത്രം,ചിലപ്പോള്‍ വറ്റിവരണ്ട പുഴയ്ക്ക് സ്നേഹത്തിന്റെ തേനരുവികള്‍ നല്‍കുന്ന സാന്ത്വനം,അതുമല്ലെങ്കില്‍ നിര്‍വ്വചിക്കാന്‍ പറ്റാത്ത ഒരു മുറിവ്  മനസ്സില്‍ ബാക്കി നിര്‍ത്തി വിട പറയുന്ന മഴക്കാലത്തിന്റെ നൊമ്പരം,അങ്ങിനെ എന്തൊക്കെയോ ആയിരുന്നു മലയാളിക്ക് പത്മരാജന്‍ സിനിമകള്‍.സ്നേഹത്തിന്റെ ആഴമളക്കുന്ന ഏകകം,ഒരു അളവുകോല്‍ അതെന്തായാ‍ലും പത്മരാജന്റെ കൈവശം ഉണ്ടായിരുന്നു എന്നു തോന്നിപ്പോകും ഓരോ തിരക്കഥയിലും അദ്ദേഹം ബന്ധങ്ങള്‍ ഇഴചേര്‍‍ക്കുന്നതു കണ്ടാല്‍.ഓരോ കാഴ്ചയിലും പുതിയ അനുഭവങ്ങളും കാഴ്ചപ്പാടുകളുമാണ് ഇവ പ്രേക്ഷകര്‍‍ക്കു നല്‍കുന്നത്.

No comments:

Post a Comment