കമ്പ്യൂട്ടര്‍ പ്രയോഗങ്ങളും പ്രോഗ്രാമുകളും ഇന്ത്യന്‍ ഭാഷകളുമായി ബാന്ധവത്തിനെത്തിയിരിക്കുന്ന കാലഘട്ടമാണ് നമ്മുടേത്. മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ് വിസ്തയും ഏറ്റവും പുതിയ ഓഫീസ് സ്യൂട്ടായ ഓഫീസ് പന്ത്രണ്ടും ഇന്ത്യന്‍ ഭാഷകളില്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ഇവ വിപണികളില്‍ എത്തിയാല്‍ ആലീസിന്റേത് പോലെയൊരു അത്ഭുതലോകമാണ് നമുക്ക് മുന്നില്‍ തുറക്കുക.
മാറുന്ന കാലത്തിനൊപ്പം കരിയര്‍ ലോകവും മാറുകയാണ്. ഇംഗ്ലീഷ് അറിയുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാരെ മാത്രം സ്വാഗതം ചെയ്തിരുന്ന ഐടി കമ്പനികളിപ്പോള്‍ പ്രാദേശികഭാഷകളില്‍ പ്രാവീണ്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി കാത്തിരിക്കുകയാണ്. കാരണം, പ്രാദേശികഭാഷകളില്‍ കൂടുതല്‍ പ്രയോഗങ്ങളും പ്രോഗ്രാമുകളും ഡിസൈന്‍ ചെയ്ത് വികസിപ്പിച്ചെടുക്കാന്‍ അതത് ഭാഷകളില്‍ പ്രാവീണ്യമുള്ളവര്‍ കൂടിയേ തീരൂ. പ്രാദേശികഭാഷകളിലെ കമ്പ്യൂട്ടിംഗ് പ്രവര്‍ത്തനങ്ങള്‍ ലോക്കലൈസേഷനെന്നും (പ്രാദേശികവല്‍ക്കരണം) അത് ചെയ്യുന്നര്‍ ലോക്കലൈസര്‍മാര്‍ എന്നുമാണ് അറിയപ്പെടുന്നത്.
പ്രാദേശികഭാഷാ കമ്പ്യൂട്ടിംഗ് ത്വരിതപ്പെടുത്താല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമവും ആരംഭിച്ചിട്ടുണ്ട്. ദേശീയ വിജ്ഞാന കമ്മീഷന്റെ (നാഷണല്‍ നോളിജ് കമ്മീഷന്‍) ചെയര്‍മാനായ സാം പിട്രോഡ അടുത്തിടെ പറഞ്ഞത് അഞ്ചുലക്ഷത്തോളം ജോലിസാധ്യതകള്‍ മൊഴിമാറ്റ-ലോക്കലൈസേഷന്‍ മേഖലയില്‍ ഉടന്‍ ഉണ്ടാവുമെന്നാണ്. ഭാഷ അസ്സലായി കൈകാര്യം ചെയ്യുന്ന, സാങ്കേതിക പരിജ്ഞാനമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സുവര്‍ണകാലമെന്ന് ചുരുക്കം.
ലോക്കലൈസേഷനെന്ന പദത്തിന് മൊഴിമാറ്റം എന്ന അര്‍ത്ഥം പലരും കൊടുത്തു കണ്ടിട്ടുണ്ട്. അതു ശരിയാണെന്ന് തോന്നുന്നില്ല, മൊഴിമാറ്റവും ഉള്‍പ്പെടുന്ന ഒരു പ്രോസസ്സ് (പ്രക്രിയ) ആണത്. പ്രാദേശിക ഭാഷയില്‍, സ്പെല്‍ ചെക്കറും (ലിപി പരിശോധനോപാധി) ഗ്രാമര്‍ ചെക്കറും (വ്യാകരണ പരിശോധനോപാധി) ഉണ്ടാക്കുക തൊട്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്‍റെ ഭാഷാന്തരീകരണം വരെ ലോക്കലൈസേഷന്‍റെ പരിധിയില്‍ വരുന്നു. ട്രാന്‍സ്‌ലിറ്ററേഷന്‍ (ലിപ്യന്തരണം) അടിസ്ഥാനമാക്കി, മലയാളം ടൈപ്പ് ചെയ്യാന്‍ സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കുന്നതും ലോക്കലൈസേഷന്‍റെ പരിധിയില്‍ വരും.
നിലവിലുള്ള ഇംഗ്ലീഷ് പ്രയോഗങ്ങളും പ്രോഗ്രാമുകളും പ്രാദേശികഭാഷകളില്‍ മാറ്റലാണ് പൊതുവില്‍ ലോക്കലൈസേഷന്‍. ഇവയല്ലാതെ പുതിയതായി ഭാഷാ പ്രയോഗങ്ങളും പ്രോഗ്രാമുകളും ഡിസൈന്‍ ചെയ്യല്‍, വികസിപ്പിച്ചെടുക്കല്‍, ടെസ്റ്റുചെയ്തുനോക്കല്‍, ഉപയോക്തൃ സഹായികള്‍ എഴുതിയുണ്ടാക്കല്‍ എന്നിവയും ലോക്കലൈസേഷന്‍ ജോലിയുടെ പരിധിയില്‍ വരും. ജോബ് സൈറ്റുകള്‍ വിളറിപ്പോവുന്ന തൊഴില്‍ മേഖലകളില്‍ ഒന്നാണ്, ലാംഗ്വേജ് കമ്പ്യൂട്ടിംഗും ഭാഷാപരിജ്ഞാനവും കൈകോര്‍ക്കുന്ന ലോക്കലൈസേഷന്‍ ഭൂമിക. സൈറ്റായ സൈറ്റൊക്കെ പരതിയിട്ടും, ഇണങ്ങുന്ന ഒരു റസ്യൂമെ കണ്ടെടുക്കാന്‍ ലാംഗ്വേജ് കമ്പ്യൂട്ടിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ആവുന്നില്ല. ഇതിന് കാരണം, ലോക്കലൈസേഷന്റെ ആഴവും പരപ്പും അനന്തമായ കരിയര്‍ സാധ്യതകളും വേണ്ടാംവണ്ണം ഉദ്യോഗാര്‍ത്ഥികള്‍ മനസിലാക്കിയിട്ടില്ല എന്നതാണ്.
ലോക്കലൈസേഷന്‍ അല്ലെങ്കില്‍ ഭാഷാ കമ്പ്യൂട്ടിംഗ് പ്രത്യേകമായി പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ ഇപ്പോള്‍ ഇന്ത്യയില്‍ വിരളമാണ്. എന്നാല്‍ പാഠ്യപദ്ധതിയില്‍ ഭാഷാ കമ്പ്യൂട്ടിംഗും ഒരു വിഷയമായി ചേര്‍ക്കാന്‍ സര്‍വകലാശാലകള്‍ തുടങ്ങിയിട്ടുണ്ട്. ഭാഷാ കമ്പ്യൂട്ടിംഗിന് പ്രാധാന്യം നല്‍കുന്ന പ്രധാനപ്പെട്ട ദക്ഷിണേന്ത്യന്‍ സ്ഥാപനങ്ങള്‍ മൈസൂരിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാംഗ്വേജസ്, ആന്ധ്രാപ്രദേശിലെ കുപ്പത്തിലുള്ള ദ്രവീഡിയിന്‍ സര്‍വകലാശാല, ചെന്നൈയിലെ അണ്ണാ സര്‍വകലശാലയുടെ താഴെ പ്രവര്‍ത്തിക്കുന്ന എയു-കെബിസി ഗവേഷണ കേന്ദ്രം എന്നിവയാണ്. ഈ സ്ഥാപനങ്ങള്‍ കൂടാതെ, ഭാഷാഇന്ത്യ ഡോട്ട് കോമിനെപ്പോലെയുള്ള പോര്‍ട്ടലുകളും ഇന്ത്യന്‍ ഭാഷാ കമ്പ്യൂട്ടിംഗിന് നെടുംതൂണുകളായി പ്രവര്‍ത്തിക്കുന്നുണ്ട്.
ലിംഗ്വിസ്റ്റിക്സ്, അപ്ലൈഡ് ലിംഗ്വിസ്റ്റിക്സ് എന്നിവയില്‍ ബിരുദവും ബിരുദാനന്തര ബിരുദവും പിഎച്ച്‌ഡിയും ഉള്ളവര്‍ക്ക് തീര്‍ച്ചയായും കഴിവ് തെളിയിക്കാവുന്ന മേഖലയാണ് ലോക്കലൈസേഷന്‍. ഇംഗ്ലീഷിലോ മലയാളത്തിലോ ബിരുദവും ബിരുദാനന്തര ബിരുദവും പിഎച്ച്‌ഡിയും ഉള്ളവര്‍ക്കും ഒരുകൈ പയറ്റാം. ഇവയൊന്നും ഇല്ലെങ്കിലും സാങ്കേതികജ്ഞാനവും ഭാഷാ പ്രാവീണ്യവും ഉള്ളവര്‍ക്കും ഈ മേഖലയിലേക്ക് പ്രവേശിക്കാം. ലോക്കലൈസേഷന്റെ വിവിധ മേഖലകളില്‍ ഇപ്പോള്‍ തന്നെ ഒട്ടേറെ സ്വകാര്യ-സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
No comments:
Post a Comment