Ind disable

Saturday, 30 March 2013

ബോബനും മോളിയും

പ്രമാണം:37 bob-log.jpg

ബോബനും മോളിയും



മലയാളികൾക്കിടയിൽ പ്രചുരപ്രചാരം നേടിയ ഹാസ്യചിത്രകഥയാണ് ബോബനും മോളിയും. ബോബൻ‍, മോളി എന്നിങ്ങനെ പേരുള്ള രണ്ടു വികൃതിക്കുട്ടികളെയും അവർക്കു ചുറ്റുമുള്ള ലോകത്തെയും ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന ചിത്രകഥയാണിത്. കാർട്ടൂണിസ്റ്റ് ടോംസ് ആണ് ബോബനും മോളിയും വരയ്ക്കുന്നത്. മലായാ‍ള മനോരമ വാരികയുടെ അവസാ‍ന താളിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയ ഈ ഹാസ്യചിത്രകഥ ഇടക്കാലത്ത് കലാകൗമുദി വാരികയിലും പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോൾ ടോംസ് കോമിക്സ് എന്ന പ്രസിദ്ധീകരണത്തിലാണ് ബോബനും മോളിയും പ്രസിദ്ധീകരിക്കപ്പെടുന്നത്.
ബോബനും മോളിയും അവരുടെ മാതാപിതാക്കളായ പോത്തൻ-മേരിക്കുട്ടി ദമ്പതികളോടൊപ്പം
പഞ്ചായത്ത് പ്രസിഡന്റ് ഇട്ടുണ്ണനും ചേട്ടത്തിയും.
അപ്പിഹിപ്പി

പശ്ചാത്തലം

കിഴുക്കാംതൂക്ക് പഞ്ചായത്തിലാണ് ബോബനും മോളിയും ചിത്രീകരിക്കപ്പെടുന്നത്.ബോബന്റെയും മോളിയുടേയും കുസൃതികൾ എന്നതിലുപരി കേരളത്തിലെ മധ്യവർഗ്ഗ ജീവിതത്തിന്റെ തമാശകൾ, ആനുകാലിക രാഷ്ട്രീയ-സാമൂഹിക സംഭവങ്ങൾ എന്നിവയാണ് ഈ ഹാസ്യചിത്രകഥയിലൂടെ ടോംസ് വരച്ചുകാട്ടുന്നത്.
കുട്ടനാട്ടിലെ തന്റെ വീടിനു സമീപമുണ്ടായിരുന്ന രണ്ടു കുട്ടികളാണ് ബോബന്റെയും മോളിയുടെയും മാതൃകകളെന്ന് ടോംസ് വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ കുട്ടികൾക്കും പിന്നീട് ടോംസ് ഇതേ പേരുതന്നെയാണു നൽകിയത്. ബോബനും മോളിയും പ്രസിദ്ധീകരിക്കപ്പെട്ടു തുടങ്ങിയിട്ട് അരനൂറ്റാണ്ടിലേറെയായെങ്കിലും കഥാപാത്രങ്ങൾക്ക് ഒരിക്കലും പ്രായമേറുന്നില്ല.

കഥാപാത്രങ്ങൾ

ബോബനും മോളിയും തന്നെയാണ് ചിത്രകഥകളിലെ പ്രധാന കഥാപാത്രങ്ങൾ. ഇവരുടെ കുടുംബം, നാട്, സ്കൂൾ എന്നിവിടങ്ങളിലുള്ള ഏതാനും വ്യക്തികൾ സഹകഥാപാത്രങ്ങളായി രംഗത്തു വരുന്നു.

വക്കീൽ

ബോബന്റെയും മോളിയുടെയും അച്ഛൻ. പോത്തൻ വക്കീൽ എന്നാണു പേര്. ബോബനും മോളിയും പപ്പാ എന്നു വിളിക്കുന്നു. മിക്ക ചിത്രകഥകളിലും പോത്തനെ കേസില്ലാ വക്കീലായാണു ചിത്രീകരിക്കുന്നത്. തന്റെ സുഹൃത്തും അയൽ‌വാസിയുമായിരുന്ന അലക്സിനെ മാതൃകയാക്കിയാണ് വക്കീൽ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നതെന്ന് ടോംസ് പറഞ്ഞിട്ടുണ്ട്

മേരിക്കുട്ടി

ബോബന്റെയും മോളിയുടെയും അമ്മ. ഒരു സാധാരണ വീട്ടമ്മ.

ഇട്ടുണ്ണൻ

കീഴ്ക്കാംതൂക്ക് പഞ്ചായത്തിന്റെ പ്രസിഡന്റ്. കാര്യമായ വിവരമില്ലാത്ത ഇട്ടുണ്ണന്റെ പൊട്ടത്തരങ്ങൾ മിക്കചിത്രകഥകളിലും ചിരിക്കു വകനൽകാറുണ്ട്.

ചേട്ടത്തി

ഇട്ടുണ്ണന്റെ ഭാര്യ. ചേട്ടത്തിയുടെ പേര് ചിത്രകഥയിൽ ഒരിടത്തും പരാമര്ശിക്കപ്പെടുന്നില്ലെങ്കിലും ഇവർക്കൊരു പേരുണ്ട്- മജിസ്റ്റ്റേറ്റ് മറിയാമ്മ. ഹെഡ് നേഴ്സാണെന്ന പറഞ്ഞായിരുന്നു ചേട്ടനുമായുള്ള കല്യാണം നടന്നത്. കല്യാണശേഷമാണ്‌ ചേട്ടനറിയുന്നത് അവർ വെറും സ്വീപ്പർ മാത്രമാണെന്ന്.കാർട്ടൂൺ രൂപപ്പെടുന്ന കാലത്ത് കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ചട്ടയും മുണ്ടും ആണ് ചേട്ടത്തിയുടെ വേഷം. ഭർത്താവിനെ മതിപ്പില്ലാത്ത ഒരു മൂരാച്ചിയായാണ് ചേട്ടത്തിയെ ടോംസ് അവതരിപ്പിക്കുന്നത്.

ആശാൻ

കഥാപശ്ചാത്തലത്തിൽ ഏറ്റവും കാര്യഗൗരവമുള്ള ആൾ. ആനുകാലിക സംഭവങ്ങൾ തമാശയായി അവതരിപ്പിക്കുമ്പോൾ ടോംസ് മിക്കവാറും ആ‍ശാനെ ചുറ്റിപ്പറ്റിയായിരിക്കും കഥ വികസിപ്പിക്കുക. ആശാന് പ്രത്യേകിച്ച് മറ്റൊരു പേര് റ്റോംസ് നൽകിയിട്ടില്ല.

ഉണ്ണിക്കുട്ടൻ

വളരെ ശ്രദ്ധേയമായ കഥാപാത്രം, ഒരു ചെറിയകുട്ടിയാണ് ഉണ്ണികുട്ടൻ. കൊച്ചുകുട്ടികളുടെ നിഷ്കളങ്കതയിൽ ഉണ്ടാകുന്ന സംഭാഷണങ്ങളും ആശയങ്ങളും ആണ് ഉണ്ണിക്കുട്ടൻ എന്ന കഥാ പാത്രത്തിന്റേത്.

അപ്പിഹിപ്പി

സ്ത്രീലമ്പടനായ കഥാപാത്രം. ഹിപ്പി സംസ്കാരത്തിന്റെ അടയാളമായ ഹിപ്പിത്തലമുടി, ഊശാൻ താടി, കയ്യിൽ ഒരു ഗിറ്റാർ എന്നിവയാണ് അപ്പിഹിപ്പിയുടെ പ്രത്യേകതകൾ. നാട്ടിലുള്ള ഏതെങ്കിലും യുവതിയുടെ പിറകേ നടക്കുകയാണ് അപ്പിഹിപ്പിയുടെ പ്രധാനജോലി. കോട്ടയത്ത് ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ ടോംസ് അന്നവിടെയെത്തിയ ഗാനമേള സംഘത്തിലെ ഗിറ്റാറിസ്റ്റിനെ മാതൃകയാക്കിയാണ് അപ്പിഹിപ്പിയെ വരച്ചെടുത്തത്.

പരീത്

ഒരു മുസ്ലീം കഥാപാത്രമാണ് പരീത്. നാട്ടുകാരിൽ ഒരാളായാണ് പരീത് കുട്ടിയെ അവതരിപ്പിക്കുക.

ഉപ്പായി മാപ്ല

ഒരു ക്രിസ്ത്യൻ കഥാപാത്രമാണ് ഉപ്പായി മാപ്ല. മിക്കവാറും ഒരു വിഡ്ഡ്യാൻ കഥാപാത്രമായാണ് അവതരിപ്പിക്കുക.

കുട്ടേട്ടൻ

ആശാനെ പോലെ കാര്യഗൗരവമുള്ള ആൾ. ആശാനും കുട്ടേട്ടനുമാണ് സമകാലീന പ്രശ്നങ്ങൾ ചർച്ച ചെയ്യൂക.

നേതാവ്

രാഷ്ട്രീയ നേതാവ്. മധ്യതിരുവതാംകൂറിൽ പ്രസിദ്ധമായ കേരളാ കോൺഗ്രസ് പാർട്ടിയിലെ നേതാക്കന്മാരെ ഓർമ്മിപ്പിക്കുന്നതാണ് നേതാവിന്റെ രൂപം. കട്ടി മീശ, ജുബ, കണ്ണട എന്നിവയാണു നേതാവിന്റെ അടയാളങ്ങൾ. രാഷ്ട്രീയ സംഭവവികാസങ്ങൾ പ്രമേയമാക്കുമ്പോൾ ടോംസ് മിക്കവാറും നേതാവിനെ അവതരിപ്പിക്കുന്നു. കഥാപാത്രത്തിനു പേരില്ല.

മൊട്ട

ബോബന്റെയും മോളിയുടെയും സഹപാഠി. തലമൊട്ടയടിച്ചു നടക്കുന്നതിനാൽ കൂട്ടുകാർ മൊട്ട എന്നു വിളിക്കുന്നു. അതല്ലാതെ മറ്റൊരു പേര് ടോംസ് ഈ കഥാപാത്രത്തിനു നൽകിയിട്ടില്ല. മുസ്ലിം കഥാപത്രമാണ്‌ മൊട്ട.

നായ

സംഭാഷണമൊന്നുമില്ലാതെ ചിരിപടർത്തുന്ന കഥാപാത്രമാണ് ബോബന്റെയും മോളിയുടെയും വളർത്തുപട്ടി. ബോബന്റെയും മോളിയുടെയും ശരീര ചലനങ്ങൾ അനുകരിക്കുന്ന പട്ടിക്കുട്ടിയായാണ് ടോംസ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബോബനേയും മോളിയേയും ചിത്രീകരിക്കുന്ന മിക്കവാറും എല്ലാ രംഗങ്ങളിലും ഈ പട്ടിക്കുട്ടിയും പ്രത്യക്ഷപ്പെടാറുണ്ട്.

ആനിമേഷൻ

ബോബനും മോളിയും 1971 ൽ സിനിമയാക്കുകയുണ്ടായി (സംവിധാനം ശശികുമാർ). 2006 ൽ ക്യാറ്റ് ലോജിസ്റ്റിക്സ് എന്ന സ്ഥാപനം ബോബനും മോളിയും കഥകൾ ആനിമേഷൻ ചലച്ചിത്രങ്ങളായി നിർമ്മിക്കുകയുന്ണ്ടായി. 200 കഥകളാണ് ആനിമേറ്റ് ചെയ്തത്. ഇതിന്റെ നിർമ്മാണം സാ‍ജൻ ജോസ് മാളക്കാരനും ആനിമേഷനും സംവിധാനവും നിർവഹിച്ചിരിക്കുന്നത് എ. കെ. സൈബർ (A. K. Saiber) ഉം ആണ്‌.








2 comments:

  1. നമ്മടെ ബോബനും മോളീം
    ഇനി പറ, മോളി ബോബന്റെ ആരാ.....?

    ReplyDelete
  2. ഹ ഹ സീതയ്ക്ക് രാമൻ യാര്, അജിത്‌ ഭായ്. :)

    എന്റെ ചെറുപ്പത്തിൽ, പതിവായി വീട്ടില് വരുത്തുന്ന മനോരമ ആഴ്ചപ്പതിപ്പ് കിട്ടിയാൽ ആദ്യം നോക്കുന്നത് - അറബിക് സ്റ്റയ്ലിൽ ആണ് ! (അവസാനത്തെ കവർ പേജ് മറിച്ച് - ബോബനും മോളിയും. ) ഇന്നും ബോബനും മോളിയും മനസ്സില് നിന്ന് മാറിയിട്ടില്ല - അവരുടെയും, ചേട്ടന്റെയും, ചേടത്തിയുടെയും, അപ്പി ഹിപ്പിയുടെയും, വക്കീൽ പപ്പായുടെയും എല്ലാം, എല്ലാം.... ഈ വിവരണവും ഒര്മ്മിപ്പിക്കലും വളരെ നന്നായി. ഭാവുകങ്ങൾ.
    http://drpmalankot0.blogspot.com

    ReplyDelete